ഇത് ചിട്ടപ്പെടുത്തിയ വിജയം, സൂപ്പറാണ് പൃഥ്വിരാജെന്ന സംരംഭകൻ

Mail This Article
മലയാള സിനിമയുടെ ഏറ്റവും സ്വാധീനമുള്ള അംബാസഡറായി മാറാനുള്ള യാത്രയിലാണ് പൃഥ്വിരാജ് സുകുമാരന്‍. എന്നാല്‍ അതിനോടൊപ്പം കോടികളുടെ ആസ്തിയുമായി പൃഥ്വിരാജിലെ സംരംഭകനും കൂടുതല്‍ മാറ്റ് തെളിയിക്കുകയാണ്. 2023ല്‍ പുറത്തുവന്ന കണക്കനുസരിച്ച് 54 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2025ല്‍ എത്തിനില്ക്കുമ്പോള് 54 കോടി രൂപയ്ക്കും എത്രയോ മുകളിലായിരിക്കും താരത്തിന്റെ മൊത്തം ആസ്തിയെന്നത് വ്യക്തമാണ്. 2024ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ രണ്ട് സിനിമകളുടെ കലക്ഷന്‍ തന്നെ 250 കോടി രൂപയോളം വരും. ആട് ജീവിതം 158.50 കോടി രൂപയും ഗുരുവായൂര്‍ അമ്പലനടയില്‍ 90.25 കോടി രൂപയുമാണ് ഗ്രോസ് കലക്ഷന്‍ നേടിയത്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ എല്‍ 2 എംപുരാനാകട്ടെ ഇതിനോടകം 250 കോടി രൂപ നേടിക്കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം താരത്തിന് വന്ന് ചേര്‍ന്ന വരുമാനവും ലാഭവും കൂടി കണക്കിലെടുക്കുമ്പോള്‍ 54 കോടിയിലൊന്നും ആസ്തിയൊതുങ്ങില്ല എന്നത് വ്യക്തമാണ്. എംപുരാന് ഉള്‍പ്പടെയുള്ള തിരഞ്ഞെടുത്ത സിനിമകളില്‍ ശമ്പളമില്ലാതെ ലാഭ വിഹിതം കൈപ്പറ്റുന്ന രീതിയാണ് താരം സ്വീകരിച്ചിരിക്കുന്നത് എന്നതും ആസ്തിയിലെ വലിയ വര്‍ധന സാധൂകരിക്കുന്നു.
ചിട്ടപ്പെടുത്തിയ വിജയം
അഭിനേതാവ്, സംവിധായകന്, നിര്‍മാതാവ്...എന്നിങ്ങനെ ബഹുതലങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയ വിജയമാണ് പൃഥ്വിരാജിന്റേത്. 2002ല്‍ നന്ദനമെന്ന രഞ്ജിത് ചിത്രത്തിലൂടെ അപ്രതീക്ഷിതമായി ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം... അത് വിജയമായതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്ന ക്ലീഷേ സ്റ്റേറ്റ്മെന്റ് പൃഥ്വിരാജിന്റെ കേസില്‍ ലംഘിക്കപ്പെടുകയാണ്. നിലപാടുകളിലെ കാര്‍ക്കശ്യത്തില്‍ പലരുടെയും അപ്രീതിക്കും ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കും പാത്രമായെങ്കിലും കരിയറിനെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടാണ് പൃഥ്വിരാജിനെ വിജയത്തിലേക്ക് നയിച്ചത്.

പങ്കാളിത്തത്തില്‍ സംരംഭക കുപ്പായം
അഭിനയത്തില്‍ നിന്ന് സിനിമയുടെ ബിസിനസിലേക്ക് പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് പങ്കാളിത്ത മാതൃകയാണ് ആദ്യഘട്ടത്തില്‍ നല്ലതെന്ന തിരിച്ചറിവ് പൃഥ്വിരാജിനുണ്ടായിരുന്നു. ആ ബോധ്യമാണ് ഓഗസ്റ്റ് സിനിമയെന്ന സിനിമാ പ്രൊഡക്ഷന്‍ സംരംഭത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ ബാനറില്‍ നിര്‍മിക്കപ്പെട്ട ഉറുമിയും ഇന്ത്യന്‍ റുപ്പിയും ഒരു പോലെ വാണിജ്യവിജയവും നിരൂപക ശ്രദ്ധയും നേടി. വേണ്ടത്ര അനുഭവപരിചയം നേടിക്കഴിഞ്ഞപ്പോള്‍, 2017ല്‍ അദ്ദേഹം ഓഗസ്റ്റ് സിനിമ വിട്ടു. ഭാര്യ സുപ്രിയയുമൊത്ത് സ്വന്തം നിര്‍മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് തുടക്കമാകുന്നത് അങ്ങനെയാണ്. സോണി പിക്ച്ചേഴ്സ് എന്ന ബഹുരാഷ്ട്ര ബ്രാന്‍ഡുമായി ചേര്‍ന്ന് 9 എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം. തുടര്‍ന്ന് സിനിമാ നിര്‍മാണവും വിതരണവും സജീവമായി ഏറ്റെടുത്ത് രാജ്യം മുഴുവനും അറിയപ്പെടുന്ന ബ്രാന്‍ഡായി മാറി രാജുവിന്റെ കമ്പനി. ഡ്രൈവിങ് ലൈസന്‍സ്, കടുവ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാണവും കെജിഎഫ്, ബിഗില്‍, പേട്ട തുടങ്ങി നിരവധി വമ്പന്‍ പാന്‍ ഇന്ത്യ ചിത്രങ്ങളുടെ വിതരണവുമെല്ലാം ഏറ്റെടുത്ത് ഇന്ത്യന്‍ സിനിമയിലെ സുസ്ഥിര സാന്നിധ്യമായി പൃഥ്വി മാറി.
ബ്രാന്‍ഡ് പൃഥ്വിരാജ്
മോഹന്‍ലാലിന്റെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിയ, തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ മോളിവുഡിന് പുതിയ വാണിജ്യദിശ നല്‍കുകയായിരുന്നു പൃഥ്വിരാജ്. അതിവേഗം 50 കോടി രൂപ നേടിയ മലയാള ചിത്രമായി മാറിയ ലൂസിഫറിന്റെ ഗ്രോസ് കലക്ഷന്‍ 125 കോടി രൂപയായിരുന്നുവെന്നാണ് പിങ്ക് വില്ല പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
പാന്‍ ഇന്ത്യ സാന്നിധ്യം
അഞ്ച് വര്‍ഷം കഴിഞ്ഞ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാന് റിലീസ് ചെയ്തു. എന്നാല്‍ ഈ കാലത്തിനിടയില്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക് പൃഥ്വിരാജ് എന്ന ബ്രാന്‍ഡിനെ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. സലാര്‍ പോലുള്ള പാന്‍ ഇന്ത്യ ചിത്രങ്ങളില്‍ ശ്രദ്ധേയമായ റോളുകളും ചെയ്തു. അതിലൂടെ താരത്തിന്റെ വിപണി മൂല്യവും ബ്രാന്‍ഡ് പ്രതിച്ഛായയും വര്‍ധിച്ചു. എംപുരാന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി പോലും വളരെ വിദഗ്ധമായി പ്ലാന്‍ ചെയ്ത് നടപ്പാക്കി, വാണിജ്യനേട്ടങ്ങളില് ഒരു കുറവും വരുന്നില്ലെന്ന് ഉറപ്പാക്കി. എംപുരാന് ടീം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതിനോടകം 250 കോടി രൂപ കലക്ഷന്‍ നേടിക്കഴിഞ്ഞു സിനിമ. മലയാളത്തിലെ എക്കാലത്തെയും പണംവാരി ചിത്രമായി ഇത് മാറുമെന്ന് വേണം കരുതാന്‍.

കോടികള്‍ വരുമാനം
പ്രശാന്ത് നീലിന്റെ സലാറില്‍ അഭിനയിച്ചതിന് നാല് കോടി രൂപയാണ് പൃഥ്വിരാജിന് ലഭിച്ച പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവെ 4-10 കോടി റേഞ്ചിലാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം വ്യത്യാസപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ലാഭം പങ്കിടല്‍ വ്യവസ്ഥയിലും താരം അഭിനയിക്കുന്നുണ്ട്.
ബാന്ദ്രയില്‍ 17 കോടിയുടെ ഫ്ളാറ്റ്
പൃഥ്വിരാജിന്റെ റിയല്‍റ്റി നിക്ഷേപവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 2022ലാണ് അദ്ദേഹം ബാന്ദ്രയിലെ പാലി ഹില്ലില്‍ 17 കോടി രൂപയുടെ അത്യാഡംബര ഫ്ളാറ്റ് വാങ്ങിയത്. ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ റിയല്‍റ്റി ഡെസ്റ്റിനേഷനാണിത്. കൊച്ചിയിലും താരത്തിന് ആഡംബര പ്രോപ്പര്‍ട്ടിയുണ്ട്.
കല്യാണ്‍ സില്‍ക്സ്, അസറ്റ് ഹോംസ് തുടങ്ങി നിരവധി വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയും താരം വരുമാനമുണ്ടാക്കുന്നുണ്ട്.
ഗാരിജില്‍ ആഡംബര കാറുകള്‍
കാറുകളോടും താരത്തിന് പ്രത്യേക മമതയുണ്ട്. നാല് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലംബോര്‍ഗിനി ഉറുസ്, മൂന്ന് കോടി രൂപയോളം വരുന്ന മെഴ്സിഡിസ് എഎംജി ജി 63, റേഞ്ച് റോവര്‍ വോഗ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, പോര്‍ഷെ തുടങ്ങി നിരവധി അത്യാഡംബര മോഡലുകള്‍ പൃഥ്വിരാജിന്റെ ഗാരിജിലുണ്ട്.
സംരംഭകര്‍ക്കും പഠിക്കാം

ഒരു സാധാരണ നടനില്‍ നിന്നു ബഹുമുഖ ബിസിനസ് വ്യക്തിത്വമായുള്ള പൃഥ്വിരാജ് സുകുമാരന്റെ വളര്‍ച്ച തന്ത്രപരമായ കരിയര്‍ തിരഞ്ഞെടുപ്പുകളുടെയും സ്വന്തം ബ്രാന്‍ഡ് മൂല്യം ആവര്‍ത്തിച്ച് പൊസിഷന്‍ ചെയ്തതിന്റെയും ചലനാത്മകമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി അവലംബിച്ചതിന്റെയും വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളുടെയുമെല്ലാം വിജയകരമായ പ്രതിഫലനമാണ്.
പ്രൊഫഷണലുകള്‍ക്കും നവസംരംഭകര്ക്കുമെല്ലാം ഉള്‍ക്കാഴ്ച നല്കുന്ന ഒരു കേസ് സ്റ്റഡിയായി രാജുവിന്റെ വിജയയാത്രയെ കാണാം. അഡാപ്റ്റബിലിറ്റിയും സ്ട്രാറ്റജിക് പ്ലാനിങ്ങും ബ്രാന്‍ഡ് ലെവറേജിങ്ങുമെല്ലാം പരോക്ഷമായും പ്രത്യക്ഷമായും സമയോചിതമായി പ്രവര്‍ത്തനനിരതമാകുന്നതാണ് പൃഥ്വിരാജ് സുകുമാരന്റെ കരിയര്‍.