വിദേശ കറൻസി വേണോ? വീട്ടിലിരുന്നാൽ മതി, ഫോറെക്സ് വേഗമെത്തിക്കുന്ന എക്സ്ട്രാവൽ മണിക്ക് 10 വയസ്

Mail This Article
പണ്ട് മുതലേ തുടങ്ങിയതാണ് മലയാളികളുടെ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റ ഭ്രമം. വിദേശ പഠനത്തിനായും ജോലിക്കായും വിദേശത്തുള്ള സ്വന്തക്കാരെ കാണാനും ടൂറിസ്റ്റായുമൊക്കെ ധാരാളം മലയാളികൾ വിവിധ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വിദേശയാത്രയ്ക്കുള്ള തയാറെടുപ്പുകളിൽ അവർക്ക് നിർബന്ധമായും വേണ്ട കാര്യമാണ് ഫോറെക്സ്, അഥവാ ചെല്ലുന്ന രാജ്യത്ത് ഇടപാട് നടത്താൻ ആവശ്യമായ അവിടുത്തെ കറൻസി. കുറച്ചു വർഷങ്ങൾ മുമ്പ് വരെ സംസ്ഥാനത്തെ ഫോറെക്സ് ഇടപാടുകളിലേറെയും നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെയായിരുന്നു നടന്നിരുന്നത്. നൽകുന്ന രൂപയ്ക്ക് അനുസൃതമായ വിദേശ കറൻസി ലഭിക്കാതെ വരികയോ അല്ലെങ്കിൽ വ്യാജ കറൻസി നൽകി കബളിപ്പിക്കുകയോ ഒക്കെ പതിവായിരുന്നു. ഓഫ് ലൈൻ ഇടപാടുകളായിരുന്നു അന്നേറെയും നടന്നിരുന്നത്.
സുതാര്യം, സൗകര്യം
സേവനങ്ങൾ ഓൺലൈനായതോടെ കാര്യങ്ങൾ മാറി. ഇപ്പോൾ മണി എക്സ്ചേഞ്ച് റെഗുലേറ്റഡ് ബിസിനസാണ്. കെവൈസി പാലിക്കണം, വിസ, ടിക്കറ്റിന്റെ കോപ്പി, പാൻകാർഡ് ഇതെല്ലാം ഇടപാടിന് വേണം, തേർഡ് പാർട്ടി പേയ്മെന്റ് പറ്റില്ല തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളുണ്ട്. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ഒരുക്കുന്ന ഓൺലൈന്‍ ട്രാവൽ അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് കൊച്ചിയിലെ എക്സ്ട്രാവൽ മണി. ഈ രംഗത്തുള്ള 40 കമ്പനികളുടെ സേവനമാണ് കമ്പനി ലഭ്യമാക്കുന്നത്. ഇന്ത്യയൊട്ടാകെ ഈ കമ്പനികൾക്കുള്ള 4000ത്തിലേറെ ശാഖകളിലും എക്സ് ട്രാവൽ മണിയുടെ സേവനങ്ങൾ ലഭ്യമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ജോർജ് സഖറിയ പറയുന്നു.

വേഗത്തിൽ സേവനം

"യാത്രയ്ക്കുള്ള തയാറെടുപ്പിന്റെ ഏറ്റവും അവസാനമാണ് എല്ലാവരും ആവശ്യമായ വിദേശ കറൻസി എടുക്കുക. അതുകൊണ്ടുതന്നെ അവസാന ഘട്ടത്തിൽ കുറഞ്ഞ ചെലവിൽ വേഗത്തിൽ സേവനമെത്തിക്കാനാകുന്നുവെന്നതാണ് കമ്പനിയുടെ സവിശേഷത. വിദേശ യാത്രകൾ വർധിച്ചതോടെ ഇത്തരം സേവനങ്ങളുടെ പ്രസക്തി ഏറിയിരിക്കുകയാണ്" ജോർജ് സഖറിയ പറയുന്നു. പുതിയ രാജ്യങ്ങളിലേക്ക് പോകാനാണ് ഇപ്പോൾ താൽപ്പര്യമേറുന്നത്. യൂറോപ്പിൽ തന്നെ ജോർജിയ പോലെയുള്ള രാജ്യങ്ങൾക്കാണിപ്പോൾ താൽപ്പര്യം. ഗൾഫ് രാജ്യങ്ങളെടുത്താൽ സൗദി, ഖത്തർ പോലെയുള്ള രാജ്യങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യയിൽ കേരളത്തിനു പുറമേ പഞ്ചാബ്,ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിദേശങ്ങളിലേയ്ക്ക് കൂടുതലായി കുടിയേറിപ്പോകുന്നത്.

റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം 2023ൽ 2714 കോടി ഡോളറായിരുന്നു ഇന്ത്യയിൽ നിന്ന് പുറത്തേക്ക് അയച്ചത്. മുൻവർഷത്തേയപേക്ഷിച്ച് 10 ശതമാനത്തിലേറെയാണിത്. ഇതിൽ 60 ശതമാനവും യാത്രചെലവിനത്തിലാണ്. കേരള മൈഗ്രേഷൻ സര്‍വേയുടെ കണക്കനുസരിച്ച് 2023ൽ 20 ലക്ഷം മലയാളികൾ വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് പുറത്തേക്ക് പോകുന്നവരുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുകയാണ് കമ്പനി. റിസർവ് ബാങ്കിന്റെ നേൽനോട്ടത്തിലുള്ള ഫോറെക്സ് സേവനദാതാക്കളെയും ഇടപാടുകാരെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് എക്സ്ട്രാവൽ മണി. ഇടപാടിലെ സുതാര്യത, കുറഞ്ഞ നിരക്ക്, അനായാസ സേവനങ്ങൾഎന്നിവയാണ് ഇവരെ സ്വീകാര്യരാക്കുന്നത്.
ഇടപാടുകാർക്ക് ആവശ്യപ്പെടുന്നിടത്ത് സുരക്ഷിതമായി 12പ്രധാന കറൻസികളെത്തിക്കുന്നു. ആവശ്യപ്പെടുന്നവർക്ക് 8 അധിക രാജ്യങ്ങളുടെ കറൻസികൾ കൂടി ലഭ്യമാക്കാനാകുന്നു. ക്ലീൻനോട്ട് പോളിസിയാണ് ഇവർക്കുള്ളത്. പത്താം വാർഷികത്തോടനുബന്ധിച്ച് വിദേശ യാത്രയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങളുമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐസിഐസിഐ ലൊംബാർഡുമായി സഹകരിച്ച് ഇപ്പോൾ ട്രാവൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു. കൂടാതെ വീസ പ്ലാറ്റ്ഫോമായ വീസ ടു ഫ്ലൈയുമായി ചേർന്ന് ഓൺലൈൻ വിസ ആപ്ലിക്കേഷൻ സൗകര്യവും ലഭ്യമാക്കുന്നു. ഏത് രാജ്യത്തേയ്ക്കുള്ള വീസയ്ക്കും വീട്ടിലിരുന്നു തന്നെ അപേക്ഷിക്കാമെന്നതാണ് പ്രത്യേകത. വീസ സെന്ററുകളിൽ പോകുകയോ ആരെയും ആശ്രയിക്കുകയോ വേണ്ടാത്തതിനാൽ നമ്മുടെ ഡാറ്റയ്ക്ക് സുരക്ഷയുറപ്പാക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
ജോർജ് സഖറിയ്ക്കൊപ്പം ചീഫ് ടെക്നോളജി ഓഫീസർ അശ്വിൻ നരസിംഹ, ചീഫ് മാർക്കറ്റിങ് ഓഫീസർ നിഷാന്ത് ഐസക് എന്നിവര്‍ സഹസ്ഥാപകരാണ്