ADVERTISEMENT

തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്‌റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഡിസ്‌റപ്ഷന്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വളരെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രംഗപ്രവേശമാണ് വിജയ് നടത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന 'ജനനായക'നെന്ന ചിത്രം കൂടി ആയാല്‍ രാഷ്ട്രീയം വിജയുടെ പുതിയ അങ്കത്തട്ടായി മാറും. എന്നാല്‍ ഇതിനോടകം സിനിമയിലൂടെ എല്ലാ അര്‍ത്ഥത്തിലും വിജയത്തിന്റെ പ്രതീകമായി മാറാന്‍ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. 

600 കോടി ആസ്തി

വളരെ വ്യവസ്ഥാപിതമായ ക്രമത്തിലൂടെ ജനങ്ങളുടെ പള്‍സറിഞ്ഞുള്ള വിജയുടെ സിനിമാ കരിയര്‍ കോടികളുടെ ആസ്തിയാണ് അദ്ദേഹത്തിന് നല്‍കിയത്. ഇന്ന് 600 കോടി രൂപയോളമാണ് 100ല്‍ താഴെ മാത്രം ചിത്രങ്ങളിലഭിനയിച്ച് അദ്ദേഹം ആസ്തിയായി നേടിയത്. ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് വിജയ്.

വിജയ് (Photo Special Arrangement)
വിജയ് (Photo Special Arrangement)

ഫോബ്‌സ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 150 കോടി രൂപ മുതല്‍ 275 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം. 300 കോടി രൂപ പുഷ്പ രണ്ടാംഭാഗത്തിന് വാങ്ങിയ അല്ലു അര്‍ജുന്‍ മാത്രമാണ് വിജയ്ക്ക് മുന്നിലുള്ളത്. സാക്ഷാല്‍ ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാന്‍ വരെ തമിഴ് സൂപ്പര്‍ താരത്തിന് പുറകിലാണ്. 

ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്ന താരങ്ങളുടെ നിരയില്‍ പെടുന്ന വിജയുടെ മുഖ്യ വരുമാന മാര്‍ഗം സിനിമ തന്നെയാണ്. ബ്രാന്‍ഡ് പ്രൊമോഷനുകളിലൂടെ 10 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. താരത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം ഗോട്ടായിരുന്നു. അതിന് ലഭിച്ച പ്രതിഫലം 200 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഡംബര കാര്‍ കലക്ഷന്‍

രാഷ്ട്രീയമാണ് പുതിയ പാഷനെങ്കിലും അത്യാഡംബര കാറുകളോടും പ്രിയമുണ്ട് വിജയ്ക്ക്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബിഎംഡബ്ല്യുഎക്‌സ് 5, ഔഡി 8, ഫോര്‍ഡ് മസ്തങ് തുടങ്ങി നിരവധി ആഡംബര വാഹനങ്ങള്‍ വിജയുടെ ഗരാജിലുണ്ട്. താരത്തിന് ചെന്നൈയിലുള്ള അത്യാഡംബര ബീച്ച് ഹൗസും ഇടയ്ക്കിടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 

നികുതിദായകരിലും കേമന്‍

ഉത്തരവാദിത്തമുള്ള പൗരനായും ആരാധകര്‍ തങ്ങളുടെ ദളപതിയെ വിശേഷിപ്പിക്കാറുണ്ട്. ആ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നികുതി ഫയലിങ്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 80 കോടി രൂപയാണ് വിജയ് സര്‍ക്കാരിന് നികുതിയിനത്തില്‍ നല്‍കിയത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും അമിതാഭ് ബച്ചനുമെല്ലാം ഇക്കാര്യത്തില്‍ വിജയ്ക്ക് പുറകിലാണ്. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സെലിബ്രിറ്റികളില്‍ ഷാറൂഖ് ഖാന് പുറകില്‍ രണ്ടാമനാണ് വിജയ്. 

വമ്പന്‍ വിപണി മൂല്യം

തമിഴ് സിനിമയുടെ സാമ്പത്തിക കുതിപ്പിന് വഴിവച്ച താരങ്ങളില്‍ ഏറ്റവും പ്രധാനി വിജയ് തന്നെയാണ്. സംവിധായകന്‍ എസ് എ ചന്ദ്രശേഖറിന്റെയും പിന്നണിഗായിക ശോഭ ചന്ദ്രശേഖറിന്റെയും മകനായി മദ്രാസില്‍ ജനിച്ച വിജയ് ബാലതാരമായി 1984ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തിന്റെ പേര് തന്നെ വെട്രി എന്നായിരുന്നു. സ്വന്തം പേരിലും പാര്‍ട്ടിയുടെ പേരിലുമെല്ലാം വെട്രിയുള്ളത് ആകസ്മികമല്ല.

thalapathy-69-pooja-hegde3

ആ വിജയം കരിയറിലുടനീളം ആവര്‍ത്തിക്കാന്‍ വിജയ്ക്ക് സാധിച്ചു. തമിഴ് സിനിമയില്‍ ഏറ്റവും വാണിജ്യവിജയം നല്‍കാന്‍ സാധിക്കുന്ന താരം ഇന്ന് വേറെയില്ല. 2004ലാണ് ഗില്ലി പുറത്തിറങ്ങുന്നത്. മഹേഷ് ബാബുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീമെയ്ക്ക് ആയിരുന്നെങ്കിലും തമിഴ്‌സിനിമയുടെ വാണിജ്യചരിത്രത്തില്‍ അത് നിര്‍ണായകമായി. തമിഴ്‌സിനിമയില്‍ ആദ്യമായി 50 കോടി ഗ്രോസ് കളക്ഷന്‍ പിന്നിടുന്ന ചിത്രമായി ഗില്ലി മാറി.

അതോടെ ഏറ്റവും വിലപിടിപ്പുള്ള തമിഴ് താരത്തിന്റെ വിജയോദയമായിരുന്നു സംഭവിച്ചത്. തുടര്‍ന്ന് തുപ്പാക്കി, കത്തി, മെര്‍സല്‍, സര്‍ക്കാര്‍, മാസ്റ്റര്‍, ലിയോ തുടങ്ങിയ ചിത്രങ്ങളെല്ലാം കോടികളുടെ കിലുക്കമാണ് സമ്മാനിച്ചത്. തുപ്പാക്കി, കത്തി തുടങ്ങി നിരവധി ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറി. 

2017ല്‍ പുറത്തിറങ്ങിയ മെർസൽ 250 കോടി രൂപയ്ക്ക് മുകളിലാണ് കലക്ഷന്‍ നേടിയത്. ഈ നേട്ടം പിന്നിടുന്ന വിജയുടെ ആദ്യചിത്രവുമായിരുന്നു അത്. ജപ്പാനിലും ചൈനയിലും വരെ ചിത്രം മികച്ച കലക്ഷന്‍ നേടി. 2018ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറി. അതിവേഗം ഗ്രോസ് കലക്ഷന്‍ 250 കോടിയും പിന്നിട്ടു.

ഫുട്‌ബോള്‍ ആക്ഷന്‍ സിനിമയായി 2019ല്‍ പുറത്തിറങ്ങിയ ബിഗില്‍ താരത്തിന്റെ ആദ്യ 300 കോടി രൂപ ചിത്രമന്ന നിലയിലും ശ്രദ്ധേയമായി. തുടര്‍ന്ന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററും 300 കോടിയിലധികം വാരി. വലിയ അഭിപ്രായം നേടാന്‍ സാധിക്കാതിരുന്ന ബീസ്റ്റും ഇതേ നേട്ടം ആവര്‍ത്തിച്ചു. ആക്ഷന്‍ ഡ്രാമയായി എത്തിയ വാരിസും 300 ക്ലബ്ബില്‍ എത്തി. 2023ല്‍ പുറത്തിറങ്ങിയ ലിയോ സകലരെയും ഞെട്ടിച്ച് 600 കോടി രൂപയിലധികമാണ് കലക്ഷന്‍ നേടിയത്. 

അസാധാരണമായ, സ്ഥിരതയോടെയുള്ള ഈ വാണിജ്യവിജയമാണ് വിജയ് ജോസഫിനെ തമിഴ്‌സിനിമാ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയത്. ജനനായകന്‍ പുറത്തിറങ്ങിക്കഴിഞ്ഞുള്ള കാലം ജനങ്ങളുടെ യഥാര്‍ത്ഥ നായകനായി താരം അരങ്ങ് വാഴുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English Summary:

Discover the phenomenal success story of Vijay, Tamil cinema's highest-paid actor, boasting Rs 600 crore in assets and earning up to Rs 275 crore per film. Learn about his political aspirations and incredible journey.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com