മൊരിഞ്ഞ മധുരം നിറഞ്ഞ ഓട്ടട; ആ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല
Mail This Article
വിഷുവിന് ഇത്തവണ മധുരം നിറഞ്ഞ ഓട്ടട ഉണ്ടാക്കിയാലോ. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന ഓട്ടടയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടും. ഒാട്ടട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഗ്യാസ് കത്തിച്ച് ഒരു കടായി വയ്ക്കാം, അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിക്കാം. ഉപ്പും ചേർക്കണം, വെള്ളം നന്നായി തിളച്ചുവരുമ്പോൾ തീ അണയ്ക്കാം. ഓട്ടടയ്ക്ക് നമ്മളിവിടെ അരിപ്പൊടിയാണ് എടുത്തിരിക്കുന്നത്. ഗോതമ്പുപൊടിയും എടുക്കാവുന്നതാണ്. എന്നാലും രുചി അരിപ്പൊടിയിൽ തയാറാക്കുന്നതാണ്, ഒരു ബൗളിൽ ആവശ്യത്തിനുള്ള അരിപ്പൊടി എടുത്തിട്ടുണ്ട്. അതിലേക്ക് വെള്ളം കുറേശ്ശേ ഒഴിച്ച് മാവ് കുഴച്ചെടുക്കാം. ഇടിയപ്പത്തിനൊക്കെ കുഴക്കുന്നതുപോലെ നന്നായി മാവ് കുഴച്ചെടുക്കണം. തിളച്ചവെള്ളത്തിൽ മാവ് കുഴച്ചാലേ മയം കിട്ടുള്ളൂ. കൈപൊള്ളാതെ ശ്രദ്ധിക്കണേ. ഇങ്ങനെ നല്ലതുപോലെ പരുവത്തിന് കുഴക്കണം.
ഇനി പ്രധാന ചേരുവയായ ശർക്കര എടുക്കാം, ഇവിടെ ശർക്കരപൊടിയാണ് എടുത്തിരിക്കുന്നത്. അതിലേക്ക് ഒരു ചെറിയ ബൗൾ തേങ്ങ ചിരവിയതും നല്ല മണവും സ്വാദുമൊക്കെ കിട്ടാനായി ഏലക്കായ പൊടിച്ചതും സോൾട്ട് ടൂ ടേസ്റ്റ് എന്നു പറയുന്നപോലെ ഇത്തിരി ഉപ്പും ചേർക്കാം. എന്നിട്ടിങ്ങനെ നന്നായി മിക്സ് ചെയ്തെടുക്കാം. ആഹാ ഏലക്കായയുടെ മണം, മൂക്കിലേക്ക് തുളച്ചുകയറുന്നു. ഇനി വാഴയില ഒാരോന്നായി മുറിച്ചെടുക്കാം. ഒപ്പം തന്നെ ഒാട്ടട ഉണ്ടാക്കാനുള്ള കല്ല് ഗ്യാസിൽ വയ്ക്കാം. കല്ല് ചൂടാകുന്ന സമയത്ത്.
വാഴയില എടുത്ത് ആദ്യം നെയ്യ് പുരട്ടാം, ശേഷം മാവ് ഉരുട്ടി വെള്ളം തൊട്ട് കൈകൊണ്ട് ഇങ്ങനെ പരത്തിയെടുക്കാം, കനംകുറച്ച് പരത്തിയാൽ അത്രയും നന്ന്. ഇനി ഒരു ഭാഗത്ത് ശർക്കരക്കൂട്ട് വച്ച് ഇല പതിയെ മടക്കാം. ഇങ്ങനെ ഒാരോന്നും വാഴയിലയിൽ പരത്തിയെടുക്കണം. കല്ല് ചൂടായിട്ടുണ്ട്. ഇത്തിരി നെയ്പുരട്ടി ഇലയട വച്ചുകൊടുക്കാം, ലേശം നെയ്യ് ഇലയുടെ പുറത്തും ഒന്നു തടവി കൊടുക്കാം. തീ കുറച്ച് ഇത്തിരി നേരം അടച്ച് വച്ച് വേവിക്കാം. ശേഷം തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. ആഹാാാ വാഴയിലയിൽ നല്ല ക്രിസ്പിയായ മൊരിഞ്ഞിരിക്കുന്ന ഒാട്ടട, ശർക്കര ഉരുകി തേങ്ങയിൽ ചേർന്നിരിക്കുന്നു, ആ മണവും രുചിയും ഗംഭീരം തന്നെ. ചൂടോട ഇങ്ങനെ കഴിക്കണം, അടിപൊളി, ഇത്തവണത്തെ വിഷുവിന് ഒരുക്കാം ഈ മധുരം നിറഞ്ഞ ഒാട്ടട.