ബ്രഹ്മപുരത്തെ മാലിന്യം ദുബായിലേക്ക്: 120 ടൺ ജൈവവളം അടങ്ങുന്ന ആദ്യ കണ്ടെയ്‌നർ തയാർ

Mail This Article
തിരുവനന്തപുരം ∙ കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവ മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ജൈവവളം വ്യാവസായികാടിസ്ഥാനത്തിൽ കടൽ കടക്കും. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്റെയും നിയാസിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫാബ്കോ എന്ന സ്വകാര്യ സ്ഥാപനമാണ് പ്രതിദിനം 25 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിച്ചത്. 120 ടൺ ജൈവവളം അടങ്ങുന്ന ആദ്യ കണ്ടെയ്‌നർ അടുത്തയാഴ്ച ദുബായിലേക്ക് കയറ്റി അയയ്ക്കും. ജൈവ മാലിന്യം കൃത്യമായി സംസ്‌കരിക്കുന്നതോടൊപ്പം സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരികയും ചെയ്യുന്ന പദ്ധതിയാണിത് എന്നതാണ് പ്രത്യേകത.
തദ്ദേശ വകുപ്പ് സംഘടിപ്പിച്ച വൃത്തി ദേശീയ കോൺക്ലേവിൽ ഫാബ്കോയുടെ സ്റ്റാൾ പ്രദർശിപ്പിച്ചിട്ടുണ്ട്.പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് ജൈവ മാലിന്യം 8 ദിവസം കൊണ്ട് കംപോസ്റ്റ് ആക്കി മാറ്റും. ദുബായ് ആസ്ഥാനമായ റിഫാം എന്ന കമ്പനി ഫാബ്കോയെ സമീപിച്ചതോടെയാണ് ബ്രഹ്മപുരം പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജൈവവളം കയറ്റുമതി ചെയ്യാനുള്ള അവസരമൊരുങ്ങിയത്. പട്ടാളപ്പുഴുവിനെ ഉപയോഗിച്ചു സംസ്‌കരിച്ചെടുക്കുന്ന ജൈവവളത്തിന്റെ ഗുണമേന്മ മനസിലാക്കിയ റിഫാം, ഫാബ്കോയുമായി കരാറിലെത്തുകയായിരുന്നു.
2023ൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയ്ക്കു പിന്നാലെയാണ് ജൈവ മാലിന്യ സംസ്‌കരണപ്ലാന്റ് ആരംഭിക്കാൻ താൽപര്യമുള്ളവരെ കോർപറേഷൻ ക്ഷണിച്ചത്. ഫാബ്കോ ഈ മേഖലയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു. കോർപറേഷനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിദിനം 25 ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് മൂന്നു മാസം കൊണ്ടാണ് തയാറാക്കിയത്. പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവർത്തനം വിലയിരുത്തി സംസ്‌കരണ ശേഷി പ്രതിദിനം 50 ടണ്ണായി വർധിപ്പിക്കാൻ കോർപറേഷൻ അനുമതി നൽകി.പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ 30 ശതമാനം കമ്പോസ്റ്റായി മാറുകയും ശേഷിക്കുന്ന 70 ശതമാനം പട്ടാളപ്പുഴുക്കൾ തിന്നു തീർക്കുകയുമാണ് ചെയ്യുന്നതെന്ന് ലത്തീഫ് പറഞ്ഞു.
പട്ടാളപ്പുഴുക്കളുടെ അവശിഷ്ടം കൂടി അടങ്ങിയ കംപോസ്റ്റ് ഗുണമേന്മയേറിയതാണ്. മാലിന്യങ്ങൾ കമ്പോസ്റ്റ് ആകുമ്പോഴേക്കും പട്ടാളപ്പുഴുക്കൾ വളർന്ന് ബ്ലാക് സോൾജ്യർ ഫ്ലൈ ആയി മാറും. ഈ ബ്ലാക് സോൾജ്യർ ഫ്ലൈകളെ മത്സ്യങ്ങൾക്കും കന്നുകാലികൾക്കുള്ള തീറ്റ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യാം. കനകക്കുന്നിൽ നടക്കുന്ന വൃത്തി കോൺക്ലേവിൽ പട്ടാള പുഴുക്കളെ ഫാബ്കോ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് ശുചിമുറി മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഫാബ്കോ തയാറാക്കിക്കഴിഞ്ഞു. ഈ പദ്ധതി സംസ്ഥാന സർക്കാറിനു മുൻപാകെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണിവർ.