സഞ്ജുവും സംഘവും ‘ഇഴഞ്ഞ’ പിച്ചിൽ ‘റോയലാ’യി സോൾട്ട്, കോലി, പടിക്കൽ; ജയ്പുരിലെ ആദ്യ മത്സരത്തിൽ രാജസ്ഥാന് 9 വിക്കറ്റ് തോൽവി

Mail This Article
ജയ്പുർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ താളം കണ്ടെത്താനാകാതെ വിഷമിച്ച ജയ്പുരിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നുമില്ലെന്ന് വിരാട് കോലിയും സംഘവും തെളിയിച്ചു. രാജസ്ഥാൻ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച അതേ പിച്ചിൽ തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാൻ ബോളിങ് നിരയെയും വെള്ളംകുടിപ്പിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്, ഐപിഎൽ 18–ാം സീസണിലെ നാലാം ജയം. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ആർസിബി രാജസ്ഥാനെ തകർത്തത്. ഇതോടെ ആറു കളികളിൽനിന്ന് നാലാം ജയം കുറിച്ച ആർസിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 173 റൺസ്. ഓപ്പണർമാരായ ഫിൽ സോൾട്ട്, വിരാട് കോലി എന്നിവർ അർധസെഞ്ചറികളുമായി തിളങ്ങിയതോടെ, 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ബെംഗളൂരു ‘റോയലാ’യിത്തന്നെ വിജയത്തിലെത്തി. ക്രീസിലെത്തിയ മൂന്ന് ആർസിബി ബാറ്റർമാരുടെയും ക്യാച്ചുകൾ മാറിമാറി കൈവിട്ട് രാജസ്ഥാൻ ഫീൽഡർമാർ അവരുടെ വിജയം കൂടുതൽ അനായാസമാക്കി.
ഫിൽ സോൾട്ട് 33 പന്തിൽ അഞ്ച് ഫോറും ആറു സിക്സും സഹിതം 65 റൺസുമായി ആർസിബിയുടെ ടോപ് സ്കോററായി. വിരാട് കോലി 45 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്നു. മുൻ രാജസ്ഥാൻ താരം കൂടിയായ ദേവ്ദത്ത് പടിക്കൽ 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്ത് കോലിക്ക് തുണനിന്നു.
ഓപ്പണിങ് വിക്കറ്റിൽ സോൾട്ട് – കോലി സഖ്യം 52 പന്തിൽനിന്ന് 92 റൺസ് അടിച്ചപ്പോൾത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു. സോൾട്ടിനെ കുമാർ കാർത്തികേയ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചെങ്കിലും, പിരിയാത്ത രണ്ടാം വിക്കറ്റിൽ 53 പന്തിൽ 83 റൺസുമായി കോലി – പടിക്കൽ സഖ്യം ആർസിബിയെ വിജയത്തിലെത്തിച്ചു. കുമാർ കാർത്തികേയ മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി രാജസ്ഥാനു ലഭിച്ച ഏക വിക്കറ്റ് സ്വന്തമാക്കി.
∙ താളം പിഴച്ച് സഞ്ജു, രക്ഷകൻ ജയ്സ്വാൾ
നേരത്തെ, ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഒഴികെയുള്ള ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ചതോടെ ‘വിഷമിച്ചുപോയ’ രാജസ്ഥാൻ റോയൽസിനെതിരെ, ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് മുന്നിൽ ഉയർന്നത് 174 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. 47 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ആദ്യ പന്തു മുതൽ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ താളം കണ്ടെത്താൻ വിഷമിച്ച ഇന്നിങ്സിൽ, ആർസിബി താരങ്ങളുടെ ഫീൽഡിലെ മോശം പ്രകടനവും രാജസ്ഥാന് തുണയായി. ഇന്നിങ്സിലാകെ ഏഴു തവണ മിസ്ഫീൽഡുമായി നിരാശപ്പെടുത്തിയ ആർസിബി താരങ്ങൾ, രണ്ടു ക്യാച്ചുകളും കൈവിട്ടു. ഇതിൽ അവസാന ഓവറുകളിൽ തകർത്തടിച്ച ധ്രുവ് ജുറേലിന്റെ ക്യാച്ച് സാക്ഷാൽ വിരാട് കോലി കൈവിട്ടതും ഉൾപ്പെടും.
ജുറേൽ 23 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 35 റൺസുമായി പുറത്താകാതെ നിന്നു. ഷിമ്രോൺ ഹെറ്റ്മെയർ എട്ടു പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. ഇന്നിങ്സിലെ അവസാന പന്തു മാത്രം നേരിടാൻ അവസരം ലഭിച്ച നിതീഷ് റാണ ബൗണ്ടറിയിലൂടെയാണ് രാജസ്ഥാൻ സ്കോർ 173ൽ എത്തിച്ചത്.
പതിവിനു വിപരീതമായി താളം കണ്ടെത്താനാകാതെ ഉഴറിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 19 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത് പുറത്തായി. പ്രതീക്ഷിച്ച രീതിയിൽ റൺസ് വരാതായതോടെ സമ്മർദ്ദത്തിലായ സഞ്ജു, ക്രുനാൽ പാണ്ഡ്യയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തിൽ സ്റ്റംപിറ്റിലൂടെയാണ് പുറത്തായത്. പതിവു താളത്തിലേക്ക് എത്തിയില്ലെങ്കിലും, റിയാൻ പരാഗ് 22 പന്തിൽ മൂന്നു ഫോറുകളും ഒരു സിക്സും സഹിതം 30 റൺസെടുത്തു. ബെംഗളൂരു നിരയിൽ ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും, ജോഷ് ഹെയ്സൽവുഡ് മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങിയും യഷ് ദയാൽ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.