ലാലിഗയിൽ ബാർസയെ വിറപ്പിച്ച് ലെഗാനസ്, ഒടുവിൽ സെൽഫ് ഗോളിൽ തോൽവി; പ്രിമിയർ ലീഗിൽ ആർസനലിന് സമനിലക്കുരുക്ക്

Mail This Article
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാർസിലോനയെ വിറപ്പിക്കുന്ന പ്രകടനവുമായി തരംതാഴ്ത്തലിന്റെ വക്കിലുള്ള ലെഗാനസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാർസ ലെഗാനെസിനെ പരാജയപ്പെടുത്തിയത്. 48–ാം മിനിറ്റിൽ ലെഗാനസ് താരം ജോർജ് സയിൻസ് വഴങ്ങിയ സെൽഫ് ഗോളാണ് ബാർസയ്ക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡിനേക്കാൾ ബാർസയ്ക്ക് ഏഴു പോയിന്റ് ലീഡായി. 31 മത്സരങ്ങളിൽനിന്ന് 22 വിജയങ്ങളും നാലു സമനിലയും സഹിതം 70 പോയിന്റോടെയാണ് ബാർസ ഒന്നാമതു തുടരുന്നത്. ഒരു മത്സരം കുറച്ചുകളിച്ച റയലിന് 19 ജയവും ആറു സമനിലയും സഹിതം 63 പോയിന്റുണ്ട്.
ലീഗിലെ മറ്റു മത്സരങ്ങളിൽ മയോർക്ക റയൽ സോസിദാദിനെയും (2–0), ലാസ് പാൽമാസ് ഗെറ്റഫെയെയും (3–1) എസ്പാന്യോൾ സെൽറ്റ വിഗോയെയും (2–0) തോൽപ്പിച്ചു.
∙ ആർസനലിന് സമനിലക്കുരുക്ക്
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പോയിന്റ് പട്ടികയിലെ മുൻനിര ടീമുകളെ ഞെട്ടിച്ച് മറ്റു ടീമുകൾ. രണ്ടാം സ്ഥാനക്കാരായ ആർസനലിനെ ബ്രെന്റ്ഫോർഡ് സമനിലയിൽ തളച്ചപ്പോൾ, മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങം ഫോറസ്റ്റിനെ എവർട്ടൻ തകർത്തുവിട്ടു. 61–ാം മിനിറ്റിൽ തോമസ് പാർട്ടി നേടിയ ഗോളിൽ മൂന്നിൽക്കയറിയ ആർസനലിനെ, 74–ാം മിനിറ്റിൽ യൊവാൻ വിസ്സ നേടിയ ഗോളിലാണ് ബ്രെന്റ്ഫോർഡ് സമനിലയിൽ തളച്ചത്.
ഇതോടെ ഒരു മത്സരം കൂടുതൽ കളിച്ച ആർസനലിനെതിരെ ലിവർപൂളിന് 10 പോയിന്റിന്റെ ലീഡായി. 32 മത്സരങ്ങൾ കളിച്ച നോട്ടിങ്ങം ഫോറസ്റ്റ് തോറ്റെങ്കിലും 57 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. ക്രിസ്റ്റൽ പാലസിനെ തകർത്ത മാഞ്ചസ്റ്റർ സിറ്റി 55 പോയിന്റുമായി നാലാമതുണ്ട്.