ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്ന ഇന്ത്യൻ വിപണിയിൽ മുന്നേറ്റ പ്രതീക്ഷ, നാലാംപാദ ഫലങ്ങൾ തുണയ്ക്കുമോ?

Mail This Article
തീരുവ കൊണ്ട് കളിക്കുന്ന ഡോണൾഡ് ട്രംപിന്റെ താളത്തിനൊത്ത് മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ലോകവിപണി നീങ്ങിയത്. അമേരിക്കൻ വിപണിക്ക് പിന്നാലെ മാത്രം സഞ്ചരിച്ച ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച അവധിയായത് കൂടുതൽ മികച്ച തിരിച്ചു വരവ് നഷ്ടമാക്കി. എങ്കിലും ആഴ്ച നഷ്ടം പരിഹരിച്ച ഇന്ത്യൻ വിപണി അമേരിക്ക താരിഫ് ഒഴിവാക്കിയ സാഹചര്യത്തിൽ കൂടുതൽ മുന്നേറ്റ പ്രതീക്ഷയിലാണ്.
മുൻ ആഴ്ചയിൽ 22904 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി തിങ്കളാഴ്ച 22000 പോയിന്റിലും താഴെ പോയ ശേഷം തിരിച്ചു കയറി 22828 പോയിന്റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 72000 പോയിന്റിലേക്ക് വീണു പോയ സെൻസെക്സ് വെള്ളിയാഴ്ച 75000 പോയിന്റിന് മുകളിലും ക്ലോസ് ചെയ്തു. വെള്ളിയാഴ്ച അമേരിക്കൻ വിപണി വീണ്ടും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 2% നേട്ടം കുറിച്ചു.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം മൂന്ന് ദിവസം മാത്രം വ്യാപാരമുള്ള ഇന്ത്യൻ വിപണിയിലും വലിയ ആഴ്ചയുടെ ആലസ്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിപണി മുന്നേറ്റ പ്രതീക്ഷയിലാണ്. തുടർന്ന് നാലാം പാദ റിസൾട്ടുകള്‍ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും.

ഐഐപി വീണു
ഫെബ്രുവരിയിൽ 5.2% വ്യവസായിക വളർച്ച കുറിച്ച ഇന്ത്യയുടെ മാർച്ചിലെ വളർച്ച കഴിഞ്ഞ ആറു മാസത്തിലെ ഏറ്റവും മോശം നിരക്കായ 2.9%ലേക്ക് വീണു. ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ 4% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നായിരുന്നു വിപണിയുടെ അനുമാനം.
മുൻമാസത്തിൽ 5.8% വളർച്ച കുറിച്ച മാനുഫാക്ച്ചറിങ് മേഖലയുടെ വളർച്ചയും 2.9% മാത്രമായി കുറഞ്ഞതാണ് ഇന്ത്യയുടെ വ്യാവസായിക വളർച്ചയെ ബാധിച്ചത്. ഖനി മേഖലയുടെ വളർച്ച 1.6 ശതമാനമായും, വൈദ്യുതി മേഖലയുടെ വളർച്ച 3.6 ശതമാനമായും കുറഞ്ഞു.
ജെഫറീസിന്റെ ഇന്ത്യൻ പ്രതീക്ഷകൾ
അമേരിക്കയുമായുള്ള താരിഫ് ചർച്ചകളിൽ ഏറെ മുന്നേറിക്കഴിഞ്ഞ ഇന്ത്യ മറ്റ് വിപണികളെയെല്ലാം കവച്ച് വയ്ക്കുന്ന പ്രകടനമാകും നടത്തുക എന്നാണ് അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജെഫറീസിന്റെ പ്രവചനം. ഇന്ത്യയുടെ ഏറ്റവും മികച്ച വ്യാപാരപങ്കാളിയായ അമേരിക്കയുമായുള്ള വ്യാപാരം ഇന്ത്യൻ ജിഡിപിയുടെ രണ്ടര ശതമാനത്തിൽ താഴെ മാത്രമാണെന്നതും ശക്തമായ ആഭ്യന്തര കമ്പോളത്തിന്റെ മികവിനൊപ്പം കയറ്റുമതി നേട്ടം കൂടി സ്വന്തമാക്കാനായാൽ ഇന്ത്യ മികച്ച വളർച്ച നേടുമെന്നും ജെഫെറീസ് കണക്ക് കൂട്ടുന്നു.

ഇന്ത്യ താരിഫ് ചർച്ചയിൽ
അമേരിക്കയുമായി താരിഫ് ചർച്ച ആരംഭിച്ച ഏക ബ്രിക്സ് രാജ്യമായ ഇന്ത്യ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയുമായുള്ള ആദ്യഘട്ടവ്യാപാരക്കരാർ പൂർത്തിയാകുമെന്നും, തുടർന്ന് അമേരിക്കയുമായുള്ള വ്യാപാരം ഇപ്പോഴുള്ളതിൽ നിന്നും രണ്ടര ഇരട്ടിയായി മാറുമെന്നും പിയൂഷ് ഗോയൽ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ 19100 കോടി ഡോളറിന്റേതാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് 2047 ആകുമ്പോഴേക്കും എത്തിച്ചേരാനുള്ള മാർഗമായി മാറുന്ന തരത്തിലുള്ള വ്യാപാരക്കരാറായിരിക്കും ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാകുക അല്ലാതെ ഗൺ പോയിന്റിലുറപ്പിച്ച ഒന്നായിരിക്കില്ല എന്നും കേന്ദ്ര വാണിജ്യമന്ത്രി സൂചിപ്പിച്ചു.
ഇന്ത്യയുടെ ഉല്പാദന, കയറ്റുമതി മേഖലകൾ അമേരിക്കൻ കമ്പോളത്തിന് വേണ്ടിയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാനിറങ്ങുമ്പോൾ ഇന്ത്യയുടെ കമ്പോളം ചൈനയുടെ അധിക ഉത്പന്നങ്ങൾ കൊണ്ട് നിറയാതെ തടയുക എന്നതായിരിക്കും അടുത്ത കടമ്പ.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ അമേരിക്കയുമായുള്ള വ്യാപാരം 11971 കോടി ഡോളറിന്റേതായിരുന്നതിൽ 7751 കോടി ഡോളറിന്റെ ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതിയും, 42.19 കോടി ഡോളറിന്റെ ഇറക്കുമതിയുമായിരുന്നു. അതേസമയം ചൈനയുമായുള്ള 11800 കോടിയിൽ കൂടുതൽ വ്യാപാരത്തിൽ ഇന്ത്യയുടെ കയറ്റുമതി 1700 കോടി ഡോളറിൽ താഴെ മാത്രമാണ്.

ചൈന-അമേരിക്ക താരിഫ് യുദ്ധം വീണ്ടും
ട്രംപിന്റെ കെണിയിൽ വീണ ചൈനയുടെ പ്രതികാരതീരുവയിൽ ചാരി അമേരിക്ക മറ്റ് രാജ്യങ്ങളുടെ തീരുവകൾ 90 ദിവസത്തേക്ക് ഒഴിവാക്കി സ്വയം രക്ഷപ്പെട്ടപ്പോൾ ട്രംപിന്റെ കളി വീണ്ടും അമേരിക്കയും, ചൈനയും തമ്മിലുള്ള താരിഫ് യുദ്ധമായി മാറി. വ്യാപാരയുദ്ധഗതി ട്രംപ് ഉദ്ദേശിച്ച നിലക്ക് തന്നെയാണ് നീങ്ങുന്നത് എന്ന് തന്നെ വേണം അനുമാനിക്കാൻ.

നിലവിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 145% താരിഫ് ഏർപ്പെടുത്തിയത് ചൈനയുമായുള്ള ഭീമമായ വ്യാപാരക്കമ്മി കുറക്കാനുദ്ദേശിച്ച് തന്നെയാണ്. 2024ൽ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 58200 കോടി ഡോളറിന്റേതും, ചൈനയുമായി അമേരിക്കയുടെ വ്യാപാരക്കമ്മി 29500 കോടി ഡോളറിന്റേതുമാണ്.
വിപണിയിൽ അടുത്ത ആഴ്ച
∙അംബേദ്‌കർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഇന്ത്യൻ വിപണിക്ക് അവധിയാണ്. ചൊവ്വാഴ്ച ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, മൊത്ത വിലക്കയറ്റക്കണക്കുകളും, മാർച്ചിലെ രാജ്യാന്തര വ്യാപാരക്കണക്കുകളും പുറത്ത് വരുന്നു.
∙തിങ്കളാഴ്ച മുതൽ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും ബുധനാഴ്ച ഫെഡ് ചെയർമാന്‍ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.
∙ഇസിബി പലിശ നിരക്ക് തീരുമാനങ്ങൾ വ്യാഴാഴ്ചയാണ് വരുന്നത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇത്തവണയും പലിശ നിരക്ക് കുറക്കുന്നത് തുടരുമെന്നാണ് അനുമാനം.
∙ചൈനീസ് ജിഡിപി കണക്കുകളും, വ്യാവസായികോല്പാദന കണക്കുകളും ബുധനാഴ്ച ഏഷ്യൻ, യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.
∙ബ്രിട്ടീഷ്, ഇറ്റാലിയൻ, യൂറോസോൺ സിപിഐ ഡേറ്റകൾ ബുധനാഴ്ചയാണ് പ്രഖ്യാപിക്കുന്നത്.
ഓഹരികളും സെക്ടറുകളും
അമേരിക്ക താരിഫുകൾ മരവിപ്പിച്ച അനുകൂല സാഹചര്യം നിലനിൽക്കെ ഇൻഫിയും വിപ്രോയും അടക്കമുള്ള ഐടി കമ്പനികളും എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും, മുൻ നിര ഇൻഷുറൻസ് കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിയിൽ അനുകൂല തരംഗം സൃഷ്ടിച്ചേക്കാം.
∙മെറ്റൽ, ഓട്ടോ താരിഫുകൾ അമേരിക്ക ഒഴിവാക്കിയില്ലെങ്കിലും മെറ്റൽ ഓഹരികളും, ഓട്ടോ ഓഹരികളും വെള്ളിയാഴ്ച മുന്നേറ്റം നേടി. ചൈനയുടെ കൂടുതൽ സ്റ്റിമുലസ് പാക്കേജുകൾ വാരാനിരിക്കുന്നതും, തത്കാലത്തേക്ക് താരിഫ് മരവിപ്പിച്ചതും മെറ്റൽ സെക്ടറിന് പ്രതീക്ഷയാണ്.
∙മരുന്നുകൾക്കും താരിഫ് ഏർപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയ ട്രംപ് പിന്നീട് കാര്യമായ പരാമർശങ്ങൾ നടത്താതിരുന്നത് ഫാർമയ്ക്ക് അനുകൂലമാണ്. ഫാർമ ഓഹരികളും വെള്ളിയാഴ്ച മുന്നേറ്റം നടത്തി.
∙22 കോടി നിക്ഷേപ അക്കൗണ്ടുകളെന്ന (യുസിസി) നാഴികക്കല്ല് പിന്നിട്ടത് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന് അനുകൂലമാണ്. മഹാരാഷ്ട്രയിൽ നിന്നും 3.8 കോടി യുണിക്ക് ക്ലൈന്റ് കോഡുകൾ ഉള്ളപ്പോൾ യൂപിയിൽ നിന്നും 2.4 കോടിയും, ഗുജറാത്തിൽ നിന്നും 1.9 കോടിയും അക്കൗണ്ടുകളാണുള്ളത്.
∙നാലാം പാദത്തിൽ നേരിയ വ്യത്യാസത്തിൽ വരുമാനലക്ഷ്യം തെറ്റിയെങ്കിലും അനലിസ്റ്റുകളുടെ പിന്തുണയിൽ ടിസിഎസ് വെള്ളിയാഴ്ച്ച വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടത് ഇന്ത്യൻ ഐടിക്ക് അനുകൂലമായി.
∙ടിസിഎസ് നടപ്പ് സാമ്പത്തികവർഷത്തിൽ ശമ്പളവർദ്ധനവും മറ്റും നിർത്തിവച്ചത് മാർജിൻ മെച്ചപ്പെടുത്തിയേക്കാം. ടിസിഎസിന്റെ ഇപിഎസ് അനുമാനത്തിൽ 3.5% കുറവ് പ്രതീക്ഷിക്കുന്ന ജെഫറീസ് ടിസിഎസിന്റെ ഇപിഎസ് 2028 സാമ്പത്തിക വർഷം വരെ 8% വാർഷികവളർച്ച പ്രാപിക്കുമെന്നും അനുമാനിക്കുന്നു.

∙നോയിഡയിലെ ആസ്പയർ ഡ്രീം വാലി പ്രൊജക്ടിൽ ഇഓക്ഷനിലൂടെ റെക്കോർഡ് വില്പന നടത്തിയത് എൻബിസിസി ഓഹരിക്ക് പ്രതീക്ഷയാണ്.
∙ട്രാൻസ്ഫോമേഴ്സ് & റെക്റ്റിഫയേഴ്‌സ് മികച്ച നാലാം പാദഫലപ്രഖ്യാപനം നടത്തിയത് ഇന്ത്യൻ ഉല്പാദനമേഖലക്ക് അനുകൂലമാണ്.
∙അമേരിക്കൻ താരിഫുകൾ ഇന്ത്യൻ ഇലക്ട്രോണിക്സ് ഓഹരികൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഡിക്‌സൺ ടെക്‌നോളജീസ്, ആംബർ, കൈയിൻസ് മുതലായ ഓഹരികൾ നേട്ടമുണ്ടാക്കിയേക്കുമെന്ന പ്രതീക്ഷ ശക്തമാണ്. എന്നാൽ അമേരിക്കൻ വിപണിയിലേക്കുള്ള ഉത്പാദനം അമേരിക്കയിൽ തന്നെ നടക്കുകയും ചൈന കൂടുതൽ കടുത്ത മത്സരം നടത്തുകയും ചെയ്യുന്നത് ഇന്ത്യൻ കമ്പനികൾക്ക് ക്ഷീണമായേക്കാം.
∙വാഹനഘടക നിർമാണ മേഖലക്കായി നീട്ടി ആയോഗ് പുതിയ വളർച്ച വഴികൾ നിർണയിച്ചതും, 2030 ആകുമ്പോഴേക്കും ഉത്പാദനം ഇരട്ടിയാക്കാനായുള്ള നടപടികൾ സ്വീകരിക്കുന്നതും സെക്ടറിന് അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ഐസിഐസിഐ ലൊംബാർഡ്, ഐസിഐസിഐ പ്രുഡൻഷ്യൽ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി ലിമിറ്റഡ്, ജിഎം ബ്രൂവറീസ്, ബോംബെ വയർ റോപ്സ്, എംആർപി അഗ്രോ, ഡെൽറ്റ ഇൻഡസ്ട്രിയൽ റിസോഴ്സസ് മുതലായ കമ്പനികൾ ചൊവ്വാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കും.
തുടർന്ന് ഇൻഫോസിസ്, വിപ്രോ, ടാറ്റ എൽഎക്സി, മാസ്ടെക്ക് മുതലായ ഐടി ഓഹരികളും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നീട് ബാങ്കുകളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, എയ്ഞ്ചൽ വൺ, സ്വരാജ് എഞ്ചിനിയറിങ് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കും.
സ്വർണം

ചൈനയും, അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം കനത്തത് സ്വർണത്തിന് വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകി. വെള്ളിയാഴ്ച 3263 ഡോളറെന്ന പുതിയ ഉയരം കുറിച്ച സ്വർണ അവധി 2% നേട്ടത്തിൽ 3244 ഡോളറിലാണ് ക്ളോസ് ചെയ്തത്. വ്യപാരയുദ്ധം ചർച്ചക്ക് വഴിമാറിയാൽ സ്വർണത്തിൽ ലാഭമെടുക്കലിന് സാധ്യതയുണ്ട്.
ക്രൂഡ് ഓയിൽ
ചൈനയും അമേരിക്കയും മത്സരിച്ച് തീരുവ ചുമത്തിയത് ബ്രെന്റ് ക്രൂഡ് ഓയിലിനെ 60 ഡോളറിൽ താഴെയെത്തിച്ചെങ്കിലും വെള്ളിയാഴ്ച 2%ൽ കൂടുതൽ മുന്നേറി 65% വരെയെത്തി. തിങ്കളാഴ്ച വരുന്ന ഒപെക് റിപ്പോർട്ടും, ബുധനാഴ്ച വരുന്ന എപിഐ റിപ്പോർട്ടും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
കോപ്പർ
ബേസ് മെറ്റലുകളും, വെള്ളിയും വെള്ളിയഴ്ച മികച്ച തിരിച്ചു വരവാണ് നടത്തിയത്. കോപ്പർ 4%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, വെള്ളി 3%ൽ കൂടുതൽ മുന്നേറി. ചൈനീസ് സ്റ്റിമുലസ് പദ്ധതികളും, ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ തീരുവകൾ നിർത്തലാക്കിയതും ലോഹങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചേക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക