ഇൻജറി ടൈം ഗോളിൽ ജംഷഡ്പുരിനെ വീഴ്ത്തി മോഹൻ ബഗാൻ; ഏപ്രിൽ 12ന് ഫൈനലിൽ എതിരാളികൾ ബെംഗളൂരു എഫ്സി

Mail This Article
കൊൽക്കത്ത ∙ ആദ്യ സെമിയിൽ സുനിൽ ഛേത്രി; രണ്ടാം സെമിയിൽ അപൂയ– ഐഎസ്എൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ വേണ്ടി വന്നത് ഇൻജറി ടൈം ഗോളുകൾ! കളി തീരാൻ ഒരു മിനിറ്റു ശേഷിക്കെ മിസോറം താരം ലാലങ്മാവിയ റാൽട്ടെ എന്ന അപൂയ നേടിയ ഗോളിൽ ജംഷഡ്പുർ എഫ്സിയെ 2–0നു തോൽപിച്ച് മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 3–2 ജയത്തോടെയാണ് ബഗാന്റെ ഫൈനൽ പ്രവേശം.
12നു നടക്കുന്ന ഫൈനലിൽ എതിരാളികൾ ബെംഗളൂരു എഫ്സി. കഴിഞ്ഞ ദിവസം എഫ്സി ഗോവയെ സുനിൽ ഛേത്രിയുടെ ഇൻജറി ടൈം ഗോളിൽ മറികടന്നാണ് ബെംഗളൂരു ഫൈനലിലെത്തിയത്.
സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ബഗാന്റെ സർവാക്രമണത്തെ ധീരമായി ചെറുത്തുനിന്ന ജംഷഡ്പുരിന് ഇൻജറി ടൈമിന്റെ 4–ാം മിനിറ്റിലാണ് പിഴച്ചത്. ബഗാന്റെ ഒരു ഗോൾ ശ്രമം നിർവീര്യമാക്കിയ പ്രണോയ് ഹാൽദർ പന്ത് അടിച്ചകറ്റുന്നതിനു പകരം ബോക്സിൽ ഷോർട്ട് പാസിനു ശ്രമിച്ചു. പന്തു കിട്ടിയത് ബഗാൻ താരം അനിരുദ്ധ് ഥാപ്പയ്ക്ക്. ഥാപ്പ നൽകിയ പന്ത് വച്ചു താമസിപ്പിക്കാതെ ബോക്സിനു പുറത്തുനിന്ന് അപൂയ നേരേ ഗോളിലേക്കു ചാർത്തി.
നേരത്തേ പ്രണോയ് ഹാൽദറിന്റെ ഹാൻഡ് ബോളിൽ കിട്ടിയ പെനൽറ്റിയിലൂടെയാണ് ബഗാൻ ആദ്യപാദത്തിലെ 2–1 തോൽവിയുടെ കടം വീട്ടിയ ഗോൾ നേടിയത്. 51–ാം മിനിറ്റിൽ ഒരു കോർണർ പ്രതിരോധിക്കുന്നതിനിടെയാണ് ബോക്സിൽ വച്ച് ഹാൽദറിന്റെ കയ്യിൽ പന്തു തട്ടിയത്. ബഗാനു വേണ്ടി കിക്കെടുത്ത ജെയ്സൻ കമ്മിങ്സിനു പിഴച്ചില്ല. ഇരുപാദ സ്കോർ 2–2നു തുല്യം.
എന്നാൽ വിജയഗോളിനായി ഇരമ്പിക്കയറിയ ബഗാനെ പിന്നീട് ജംഷഡ്പുർ സമർഥമായി ചെറുത്തുനിന്നു. കളിയിൽ 74 ശതമാനം സമയം പന്തവകാശം നേടിയ ബഗാൻ 35 ഷോട്ടുകളാണ് പായിച്ചത്. അതിൽ പത്തും ഗോൾമുഖത്തേക്കു തന്നെ. ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ സേവുകളും ജംഷഡ്പുരിനു തുണയായി. എന്നാൽ ആ പ്രയത്നമെല്ലാം അവസാന നിമിഷത്തെ ഒറ്റ പിഴവിൽ തീർന്നു!