ജയ്സ്വാളിന്റെ കളി കാണാൻ ഇന്ത്യയിൽ പറന്നെത്തി ബ്രിട്ടിഷ് യുവതി; ആരാണ് മാഡി ഹാമിൽട്ടൻ?

Mail This Article
മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ഇന്ത്യയിലേക്കു പറന്നെത്തി ബ്രിട്ടിഷ് യുവതി മാഡി ഹാമിൽട്ടന്‍. രാജസ്ഥാന്റെ യുവതാരം യശസ്വി ജയ്സ്വാളും മാഡി ഹാമില്‍ട്ടനും പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ട്. മാഡി ഹാമിൽട്ടനും സഹോദരൻ ഹെൻറി ഹാമിൽട്ടനും ഗാലറിയിലിരുന്ന് ജയ്സ്വാളിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനൊപ്പം ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.
ജയ്സ്വാൾ കളിക്കുന്ന മത്സരങ്ങളില്‍ പതിവായെത്തിയതോടെയാണ് മാഡി ഹാമിൽട്ടൻ ആദ്യം ശ്രദ്ധ നേടുന്നത്. യശസ്വി ജയ്സ്വാൾ മാഡിക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീടു പുറത്തുവന്നു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിലും ജയ്സ്വാളിന്റെ ബാറ്റിങ് കാണാൻ മാഡി എത്തിയിരുന്നു. ഐപിഎലിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ബുദ്ധിമുട്ടിയ യശസ്വി ജയ്സ്വാൾ, മുല്ലൻപുരിൽ പഞ്ചാബ് കിങ്സിനെതിരെ ഫോം കണ്ടെത്തിയത് രാജസ്ഥാൻ റോയൽസിന് ആശ്വാസമാണ്.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 45 പന്തുകൾ നേരിട്ട ജയ്സ്വാൾ 67 റൺസെടുത്തു പുറത്തായി. അഞ്ച് സിക്സുകളാണ് ജയ്സ്വാൾ ഗാലറിയിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന യശസ്വി ജയ്സ്വാൾ ഗോവയിലേക്കു മാറാൻ തീരുമാനിച്ചിരുന്നു. മുംബൈ ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു തീരുമാനം. ആഭ്യന്തര സീസണിൽ ഗോവയുടെ ക്യാപ്റ്റനായി ജയ്സ്വാൾ കളിക്കും.