വയനാടൻ ട്രിപ്പിന് ആളായി; റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ എന്നിവിടങ്ങളിൽ വൻതിരക്ക്

Mail This Article
അമ്പലവയൽ ∙ അവധിക്കാലമാരംഭിച്ചതോടെ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണർന്നു. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ തുടങ്ങിയ ഇടങ്ങളിലാണ്. മറ്റു കേന്ദ്രങ്ങളിലും വലിയ തോതിൽ സന്ദർശകരുടെ തിരക്കുണ്ട്.
കാരാപ്പുഴ ഡാമിൽ ഇന്നലെ അയ്യായിരത്തിലേറെ പേരാണ് എത്തിയത്. എടയ്ക്കൽ ഗുഹയിൽ സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ബാണാസുര സാഗർ ഡാമിലും സന്ദർശകരുടെ വലിയ തിരക്കായിരുന്നു. ജില്ലയിലേക്കെത്തുമ്പോൾ ആദ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകത്തിലും ഡിടിപിസിയുടെ മറ്റു കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു.
അവധിക്കാലമായതോടെ ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ എന്നിവിടങ്ങളിലെ ബുക്കിങ്ങടക്കം കാര്യമായി വർധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരങ്ങളോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും കച്ചവടവും തിരക്കും വർധിച്ചു. സന്ദർശകർ കുറഞ്ഞതിനാൽ കഴിഞ്ഞ മാസം വരെ കച്ചവടമില്ലാതെ അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളിലേറെയും വീണ്ടും തുറന്നു. 2 മാസത്തോളം അവധിക്കാലമായതിനാൽ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.