ഗുജറാത്ത് അരങ്ങേറ്റത്തിൽ സുന്ദറിന്റെ വിക്കറ്റെടുത്ത് ‘തേഡ് അംപയർ’; റീപ്ലേ നോക്കുമ്പോൾ ശ്രദ്ധ എവിടെയെന്ന് വിമർശനം– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ജഴ്സിയിലെ അരങ്ങേറ്റം അർധസെഞ്ചറിയുമായി അവിസ്മരണീയമാക്കാനുള്ള വാഷിങ്ടൻ സുന്ദറിന്റെ ശ്രമത്തിന് ‘തടയിട്ടത്’ തേഡ് അംപയറെന്ന് വിമർശനം. മത്സരത്തിൽ നാലാമനായി ബാറ്റിങ്ങിന് എത്തിയ സുന്ദർ 29 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം നേടിയത് 49 റൺസ്. മുഹമ്മദ് ഷമി എറിഞ്ഞ 14–ാം ഓവറിലെ ആദ്യ പന്തിൽ അനികേത് വർമയുടെ ക്യാച്ചിൽ സുന്ദർ പുറത്തായി എന്നായിരുന്നു അംപയറിന്റെ വിധി.
എന്നാൽ, അനികേത് വർമ ക്യാച്ചെടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പർശിച്ചിരുന്നുവെന്നാണ് തെളിവുകൾ സഹിതം ആരാധകരുടെ വാദം. തേഡ് അംപയർ വിവിധ ആംഗിളുകൾ പരിശോധിച്ച് സുന്ദർ ഔട്ടാണെന്ന് വിധിച്ചതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. റീപ്ലേ പരിശോധിക്കുമ്പോൾ തേഡ് അംപയറിന്റെ ശ്രദ്ധ എവിടെയായിരുന്നുവെന്ന് ആരാധകർ ഒന്നടങ്കം ചോദിക്കുന്നു.
നേരത്തെ, 2 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടിയിട്ടും മധ്യനിരയിലെ ബാറ്റിങ് തകർച്ചയാണ് മുംബൈ ഇന്ത്യൻസിനെതിരായ മുൻ മത്സരത്തിൽ ഗുജറാത്തിന്റെ തോൽവിക്കു കാരണമായത്. ഇന്നലെ ചേസിങ്ങിൽ 16 റൺസിനിടെ ആദ്യ 2 വിക്കറ്റ് നഷ്ടമായ ഗുജറാത്ത് അതിലും വലിയൊരു അപകടം മണത്തു. എന്നാൽ സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ (29 പന്തിൽ 49) നാലാമനായി ബാറ്റിങ്ങിനിറക്കിയ പരീക്ഷണം അവരെ രക്ഷിച്ചു. ഇതിനു മുൻപുള്ള 40 ഐപിഎൽ ഇന്നിങ്സുകളിൽ 4 തവണ മാത്രമാണ് വാഷിങ്ടൻ ടോപ് ഫോറിൽ ബാറ്റ് ചെയ്തിരുന്നത്.
പവർപ്ലേയിലെ 5 ഓവറിൽ 28 റൺസ് മാത്രമായിരുന്നു ഗുജറാത്തിന്റെ സ്കോർ. എന്നാൽ സിമർജീത് സിങ്ങിന്റെ അടുത്ത ഓവറിൽ 20 റൺസ് അടിച്ചുകൂട്ടിയ വാഷിങ്ടൻ വിക്കറ്റ് വീഴ്ചയുടെയും റൺറേറ്റിന്റെയും സമ്മർദത്തിൽനിന്ന് ടീമിനെ കരകയറ്റി. വേഗവും ബൗൺസും കുറഞ്ഞ പിച്ചിൽ ഗിൽ കരുതലോടെ കളിച്ചപ്പോൾ ആക്രമണ ചുമതലയേറ്റെടുത്ത വാഷിങ്ടൻ 5 ഫോറും 2 സിക്സും നേടി. ഇതിനു പിന്നാലെയായിരുന്നു താരത്തിന്റെ വിവാദ പുറത്താകൽ.