ആർച്ചർ, ഹസരംഗ, തീക്ഷണ - 3 പേർക്കായി രാജസ്ഥാൻ മുടക്കിയത് 22.15 കോടി; എന്നിട്ടും വിക്കറ്റെടുക്കാൻ മടി, എല്ലാം ‘ശരിയാക്കി’ സഞ്ജു– വിഡിയോ

Mail This Article
മുല്ലൻപുർ (പഞ്ചാബ്) ∙ ജോഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ... 3 വിദേശ ബോളർമാർക്കായി 22.15 കോടി രൂപയാണ് ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീം ചെലവിട്ടത്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 286 റൺസ് വഴങ്ങിയും കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 2 വിക്കറ്റ് മാത്രം നേടിയും നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്റെ ബോളിങ് ദുർബലമാണെന്ന് വിമർശനമുയർന്നിരുന്നു.
എന്നാൽ ഒറ്റ മത്സരത്തിലൂടെ രാജസ്ഥാൻ ചീത്തപ്പേരു മായിച്ചു. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ നേടിയ 50 റൺസ് വിജയത്തിന് വഴിയൊരുക്കിയത് ആർച്ചറും ഹസരംഗയും തീക്ഷണയും ഉൾപ്പെട്ട രാജസ്ഥാന്റെ വിദേശ ബോളർമാരാണ്.
ആദ്യം ബാറ്റു ചെയ്ത് 205 റൺസ് നേടിയ രാജസ്ഥാന്റെ സ്കോർ മറികടക്കാൻ കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങിയ പഞ്ചാബിന്റെ പാളം തെറ്റിച്ചത് പ്രിയാംശ് ആര്യയെയും ശ്രേയസ് അയ്യരെയും പുറത്താക്കിയ ജോഫ്ര ആർച്ചറിന്റെ ആദ്യ ഓവറായിരുന്നു. മധ്യനിരയിൽ 88 റൺസ് കൂട്ടുകെട്ടുണ്ടാക്കി അപകട സൂചന കാട്ടിയ നേഹൽ വധേര (62)– ഗ്ലെൻ മാക്സ്‌വെൽ (30) കൂട്ടുകെട്ടു പൊളിച്ചത് 15–ാം ഓവറിൽ മാക്സ്‍വെലിനെ പുറത്താക്കിയ തീക്ഷണയാണ്.
അടുത്ത ഓവറിൽ വധേരയുടെ വിക്കറ്റ് ഹസരംഗ കൂടി വീഴ്ത്തിയതോടെ മത്സരം രാജസ്ഥാന്റെ കൈപ്പിടിയിലായി. 4 ഓവറിൽ 25 റൺസ് വഴങ്ങി ആർച്ചർ 3 വിക്കറ്റും 26 റൺസ് വഴങ്ങി തീക്ഷണ 2 വിക്കറ്റും നേടി.