രാജസ്ഥാൻ ബാറ്റു ചെയ്യുമ്പോൾ പുതച്ചുറങ്ങി ആർച്ചർ; ഉറക്കമുണർന്ന് ആദ്യ ഓവറിൽത്തന്നെ 2 വിക്കറ്റെടുത്ത് വിജയശിൽപി– വൈറൽ വിഡിയോ

Mail This Article
ചണ്ഡിഗഡ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുതച്ചുറങ്ങുന്ന രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തിൽ ടോസ് നഷ്ടമായ രാജസ്ഥാൻ ആദ്യം ബാറ്റു ചെയ്യുന്നതിനിടെയാണ് ആർച്ചർ ഡ്രസിങ് റൂമിൽ പുതച്ചുകിടന്ന് ഉറങ്ങിയത്. പിന്നീട് രാജസ്ഥാന്റെ ബോളിങ് സമയത്ത് ആദ്യ ഓവറിൽത്തന്നെ ഇരട്ടവിക്കറ്റ് നേടിയ ആർച്ചർ, ആകെ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുമായി കളിയിലെ കേമനായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ – സഞ്ജു സാംസൺ സഖ്യം മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. ഇന്നിങ്സിന്റെ പകുതിയിലധികം ക്രീസിൽ ചെലവഴിച്ച ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. കൃത്യമായി പറഞ്ഞാൽ 10.2 ഓവർ ക്രീസിൽനിന്ന സഖ്യം 89 റൺസാണ് കൂട്ടിച്ചേർത്തത്. തുടക്കം മികച്ചതായതോടെയാണ് ആർച്ചറിന് ‘സമാധാനത്തോടെ’ ഡ്രസിങ് റൂമിൽ പുതച്ചുകിടന്ന് ഉറങ്ങാൻ കഴിഞ്ഞത്. മാത്രമല്ല, പിന്നാലെ വന്നവരും തിളങ്ങിയതോടെ ആർച്ചറിന് മത്സരത്തിൽ ബാറ്റു ചെയ്യേണ്ടി വന്നിരുന്നുമില്ല.
ഈ സീസണിൽ 12.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ ജോഫ്ര ആർച്ചറിന്റെ ആദ്യ മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ, ഐപിഎൽ ചരിത്രത്തിൽ ഒരു ബോളറുടെ ഏറ്റവും മോശം പ്രകടനം എന്ന നാണക്കേടുമായി നാല് ഓവറിൽ 76 റൺസ് വഴങ്ങിയാണ് ആർച്ചർ തുടക്കമിട്ടത്. അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2.3 ഓവറിൽ 33 റൺസ് വഴങ്ങി വീണ്ടും നിരാശപ്പെടുത്തി. ഇരു മത്സരങ്ങളിലും വിക്കറ്റൊന്നും ലഭിച്ചുമില്ല.
മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആർച്ചർ ഫോമിലേക്ക് തിരിച്ചെത്തി. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം 13 റൺസ് മാത്രം വഴങ്ങി ആർച്ചർ വീഴ്ത്തിയത് ഒരു വിക്കറ്റ്. ഇതിനു പിന്നാലെയാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ രണ്ടു നിർണായക വിക്കറ്റുകൾ സഹിതം നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് മാൻ ഓഫ് ദ് മാച്ചായത്.