റെക്കോർഡിട്ട് ക്യാപ്റ്റൻ സഞ്ജു, ഷെയ്ൻ വോണിനെയും മറികടന്നു; പഞ്ചാബിനെതിരെ വമ്പൻ വിജയം

Mail This Article
മുല്ലൻപുർ (പഞ്ചാബ്) ∙ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മടങ്ങിവരവ്, ഫോം തെളിയിച്ച് യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറി, തീപാറും പന്തുകളുമായി ജോഫ്ര ആർച്ചർ..സന്തോഷത്തിന്റെ ‘നമ്പറുകളെല്ലാം’ ഒത്തുവന്നപ്പോൾ രാജസ്ഥാൻ റോയൽസിന് വിജയത്തിന്റെ ബംപറടിച്ചു. പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന് 50 റൺസിന്റെ ഉജ്വല ജയം. ക്യാപ്റ്റനായി സഞ്ജു സാംസൺ തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 205 റൺസിന്റെ മികച്ച സ്കോറുയർത്തിയപ്പോൾ പഞ്ചാബിന്റെ മറുപടി 155 റൺസിൽ അവസാനിച്ചു.
തുടർ പരാജയങ്ങൾക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ യശസ്വി ജയ്സ്വാളും (45 പന്തിൽ 67) ജോഫ്ര ആർച്ചറുമാണ് (25 റൺസിന് 3 വിക്കറ്റ്) രാജസ്ഥാന്റെ വിജയശിൽപികൾ. ആർച്ചറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 4ന് 205. പഞ്ചാബ്–20 ഓവറിൽ 9ന് 155. സീസണിൽ രാജസ്ഥാന്റെ രണ്ടാം ജയമാണിത്. പഞ്ചാബിന്റെ ആദ്യ തോൽവിയും. ഐപിഎലിൽ കൂടുതൽ വിജയങ്ങൾ നേടുന്ന രാജസ്ഥാൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് സഞ്ജു സാംസണിന് സ്വന്തമായി; 62 മത്സരങ്ങളിൽ 32 ജയം. 55 മത്സരങ്ങളിൽ നിന്ന് 31 വിജയങ്ങൾ നേടിയ ഷെയ്ൻ വോണിന്റെ റെക്കോർഡാണ് മറികടന്നത്.
മിന്നൽ, ആർച്ചർ
ഐപിഎലിൽ മുൻപ് 7 തവണ 200ന് മുകളിൽ വിജയലക്ഷ്യം കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ നടുക്കാൻ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർക്ക് വേണ്ടിവന്നത് വെറും 5 പന്തുകൾ. ഇന്നിങ്സിന്റെ ആദ്യ പന്തിൽതന്നെ പ്രിയാംശ് ആര്യ (0) ക്ലീൻ ബോൾഡ്. 2 ഫോർ അടിച്ച് പ്രത്യാക്രമണം നടത്തിയ ശ്രേയസ് അയ്യരെയും (10) അഞ്ചാം പന്തിൽ ആർച്ചർ ബോൾഡ് ആക്കി മടക്കി. 4ന് 43 എന്ന നിലയിൽ മുൻനിര തകർന്ന പഞ്ചാബിന് മധ്യ ഓവറുകളിൽ വീണ്ടും ജീവൻവച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും അടിച്ചുതകർത്ത നേഹൽ വധേരയ്ക്കൊപ്പം (41 പന്തിൽ 62), ഗ്ലെൻ മാക്സ്‌വെലും (21 പന്തിൽ 30) ചേർന്നതോടെ ആരാധകർക്കു പ്രതീക്ഷയായി. എന്നാൽ അഞ്ചാം വിക്കറ്റിൽ 52 പന്തിൽ 88 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ട് ശ്രീലങ്കൻ സ്പിന്നർമാർമാരായ മഹീഷ് തീക്ഷണയും വാനിന്ദു ഹസരംഗയും ചേർന്ന് പൊളിച്ചു. വെറും 2 പന്തുകളുടെ വ്യത്യാസത്തിൽ ഇരുവരും പുറത്തായതോടെ പഞ്ചാബിന്റെ ചെറുത്തുനിൽപ്പും അവസാനിച്ചു.
കരുത്തുകാട്ടി ജയ്സ്വാൾ
സീസണിലെ ആദ്യ 3 മത്സരങ്ങളിലും താളം കണ്ടെത്താതെ നിരാശപ്പെടുത്തിയ ജയ്സ്വാളിന്റെ (67) മടങ്ങിവരവായിരുന്നു രാജസ്ഥാൻ ബാറ്റിങ്ങിന്റെ ഹൈലൈറ്റ്. പവർപ്ലേയിൽ ജയ്സ്വാൾ പഞ്ചാബ് പേസർമാരെ കടന്നാക്രമിച്ചപ്പോൾ സഞ്ജു സാംസൺ (26 പന്തിൽ 38) പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇവർ 89 റൺസ് നേടി. മികച്ച സ്കോറിലേക്കെന്നു കരുതിയ സഞ്ജു 11–ാം ഓവറിൽ ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി. അർധ സെഞ്ചറിക്കു പിന്നാലെ സ്കോറുയർത്താൻ ശ്രമിച്ച ജയ്സ്വാളിനെയും 14–ാം ഓവറിൽ ഫെർഗൂസൻ പുറത്താക്കി. എന്നാൽ 3 വീതം സിക്സും ഫോറുമായി ആഞ്ഞടിച്ച റിയാൻ പരാഗിനെ (43 നോട്ടൗട്ട്) തളയ്ക്കാൻ പഞ്ചാബ് ബോളർമാർക്കായില്ല.