‘സന്ദീപ് ശർമ 130 കി.മീ. വേഗത്തിനു മുകളിൽ എറിഞ്ഞോ? കേക്ക് മുറിച്ചുതന്നെ ആഘോഷിക്കണം’: ആർച്ചർ–സന്ദീപ് കൂട്ടുകെട്ട് മാരകമെന്ന് സഞ്ജു- വിഡിയോ

Mail This Article
ചണ്ഡിഗഡ്∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ തകർപ്പൻ വിജയവുമായി കരുത്തുകാട്ടിയതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ – സന്ദീപ് ശർമ പേസ് ദ്വയത്തെ പുകഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ രംഗത്ത്. ഇരുവരും ഒരുമിക്കുന്നത് മാരകമായ കൂട്ടുകെട്ടാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ ബോളിങ് പ്രകടനവുമായി ഇരുവരും ചേർന്ന് രാജസ്ഥാന് ഉജ്വല വിജയം സമ്മാനിച്ചതിനു പിന്നാലെയാണ് സഞ്ജുവിന്റെ പ്രശംസ. മത്സരത്തിൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ആർച്ചർ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയപ്പോൾ, നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത സന്ദീപ് ശർമയുടെ പ്രകടനവും കയ്യടി നേടി.
‘‘ജോഫ്ര ആർച്ചറും സന്ദീപ് ശർമയും ചേരുന്ന പേസ് ദ്വയം മാരകമായ കൂട്ടുകെട്ടാണ്. ഒരാൾ തുടർച്ചയായി 150 കിലോമീറ്ററിനു മുകളിൽ വേഗതയിൽ പന്തെറിയുമ്പോൾ, രണ്ടാമൻ 115 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നു’ – സഞ്ജു പറഞ്ഞു. അതേസമയം, സന്ദീപ് ഈ മത്സരത്തിൽ 130 കിലോമീറ്ററിനു മുകളിൽ വരെ വേഗതയിൽ പന്തെറിഞ്ഞതായി ചൂണ്ടിക്കാട്ടിയപ്പോൾ തമാശരൂപേണയാണ് സഞ്ജു പ്രതികരിച്ചത്. ‘‘ശരിക്കും? അങ്ങനെയാണെങ്കിൽ ആ നേട്ടം ഞങ്ങൾ കേക്ക് മുറിച്ചുതന്നെ ആഘോഷിക്കണം’ – സഞ്ജുവിന്റെ മറുപടി.
‘‘സത്യത്തിൽ സമ്മർദ്ദമേറുന്ന ഘട്ടങ്ങളിൽ എനിക്ക് കുറച്ചു കൂടുതൽ വിശ്വാസം അർപ്പിക്കാൻ കഴിയുന്ന ബോളർമാരാണ് ഇരുവരും. ആർച്ചറിന്റെ അതിവേഗ പന്തുകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. കഴിഞ്ഞ നാലു വർഷമായി എനിക്കായി ആർച്ചർ ഇതു ചെയ്യുന്നു. ഇപ്പോൾ ഇന്ത്യയിൽ അതിവേഗത്തിൽ ബോൾ ചെയ്യന്നവരിൽ ഒരാൾ കൂടിയാണ് ആർച്ചർ’ – സഞ്ജു പറഞ്ഞു.
ഈ സീസണിൽ 12.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ ജോഫ്ര ആർച്ചറിന്റെ ആദ്യ മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ, ഐപിഎൽ ചരിത്രത്തിൽ ഒരു ബോളറുടെ ഏറ്റവും മോശം പ്രകടനം എന്ന നാണക്കേടുമായി നാല് ഓവറിൽ 76 റൺസ് വഴങ്ങിയാണ് ആർച്ചർ തുടക്കമിട്ടത്. അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2.3 ഓവറിൽ 33 റൺസ് വഴങ്ങി വീണ്ടും നിരാശപ്പെടുത്തി. ഇരു മത്സരങ്ങളിലും വിക്കറ്റൊന്നും ലഭിച്ചുമില്ല.
മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആർച്ചർ ഫോമിലേക്ക് തിരിച്ചെത്തി. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം 13 റൺസ് മാത്രം വഴങ്ങി ആർച്ചർ വീഴ്ത്തിയത് ഒരു വിക്കറ്റ്. ഇതിനു പിന്നാലെയാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ രണ്ടു നിർണായക വിക്കറ്റുകൾ സഹിതം നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് മാൻ ഓഫ് ദ് മാച്ചായത്.