ഓരോ സിക്സിനും വിക്കറ്റിനും 1 ലക്ഷം രൂപ വീതം പലസ്തീന്: പ്രഖ്യാപനവുമായി പാക്ക് സൂപ്പർ ലീഗ് ടീം, ആദ്യ മത്സരത്തിൽ 15 ലക്ഷം– വിഡിയോ

Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ ബാറ്റർമാർ കളത്തിലുള്ളപ്പോൾ ‘ചറപറാ’ സിക്സറുകൾ പറക്കട്ടെ എന്ന് പലസ്തീൻകാർ പ്രാർഥിക്കും. അവരുടെ ബോളർമാർ പന്തെറിയുമ്പോൾ, തുരുതുരാ വിക്കറ്റുകൾ വീഴട്ടെ എന്നും! പലസ്തീൻകാരുടെ ഈ പ്രാർഥനയ്ക്ക് ഒരു കാരണമുണ്ട്. ഇത്തവണ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസ് നേടുന്ന ഓരോ സിക്സിനും, അവർ വീഴ്ത്തുന്ന ഓരോ വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം പലസ്തീനായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൾട്ടാൻ സുൽത്താൻസ്.
ടീമിന്റെ ഉടമയായ അലി ഖാൻ ടരീനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘‘ഇത്തവണത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് സീസണിൽ പലസ്തീനിലെ ചാരിറ്റി പ്രവർത്തനങ്ങളെ സഹായിക്കാനാണ് മുൾട്ടാൻ സുൽത്താൻസ് തീരുമാനിച്ചിരിക്കുന്നത്’ – അലി ഖാൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
‘‘ഞങ്ങളുടെ ടീമിന്റെ ബാറ്റർമാർക്കായി, അവർ നേടുന്ന ഓരോ സിക്സിനും പലസ്തീന് ഒരു ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. ഞങ്ങളുടെ ബോളർമാർക്കും ഈ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമാകുന്നതിന്, അവർ വീഴ്ത്തുന്ന ഓരോ വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം പലസ്തീനായി നൽകും’ – അലി ഖാൻ പറഞ്ഞു. പാക്കിസ്ഥാൻ ഏകദിന ടീമിന്റെ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനാണ് മുൾട്ടാൻ സുൽത്താൻസിന്റെയും നായകൻ.
കറാച്ചി കിങ്സിനെതിരായ ആദ്യ മത്സരം മുൾട്ടാൻ സുൽത്താൻസ് നാലു വിക്കറ്റിനു തോറ്റെങ്കിലും, ഒൻപതു സിക്സറുകൾ നേടിയ ബാറ്റർമാരും ആറു വിക്കറ്റുകൾ വീഴ്ത്തിയ ബോളർമാരും ചേർന്ന് 15 ലക്ഷം രൂപ പലസ്തീനായി സംഭാവന ചെയ്തു. സീസണിലെ ആദ്യ മത്സരത്തിൽ റൺമഴയ്ക്കൊടുവിലാണ് മുൾട്ടാൻ സുൽത്താൻസ് കറാച്ചി കിങ്സിനോട് തോറ്റത്.
ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ, ക്യാപ്റ്റൻ റിസ്‌വാന്റെ അപരാജിത സെഞ്ചറിക്കരുത്തിൽ (63 പന്തിൽ 105*) നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലിഷ് താരം ജയിംസ് വിൻസ് സെഞ്ചറി നേടിയതോടെ (43 പന്തിൽ 101) നാലു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ കറാച്ചി കിങ്സ് വിജയലക്ഷ്യം മറികടന്നു. ഇനി ഏപ്രിൽ 16ന് ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയാണ് മുൾട്ടാന്റെ അടുത്ത മത്സരം.