സമാധാന ഉച്ചകോടിക്ക് ദുബായിൽ സമാപനം: വിടരട്ടെ, സമാധാനത്തിന്റെ പുതിയ ലോകം

Mail This Article
ദുബായ് ∙ സമാധാനപരവും നീതിയുക്തവുമായ ലോകത്തിനുള്ള ആഹ്വാനത്തോടെ മാനവരാശിക്ക് ഒരു പ്രണയലേഖനം (എ ലവ് ലെറ്റർ റ്റു ഹ്യുമാനിറ്റി - സമാധാന ചാർട്ടർ) സമർപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടിക്ക് (ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ് സമ്മിറ്റ്) ദുബായിൽ പരിസമാപ്തി.
സമാധാനത്തിനുള്ള 12 നൊബേൽ സമ്മാന ജേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമാധാന ചാർട്ടർ ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ചത്. നീതി, സമത്വം, മാന്യത, തുറന്ന സംഭാഷണം, വിജ്ഞാന ശക്തി, വിദ്യാഭ്യാസത്തിനും അന്തസ്സിനുമുള്ള അവകാശം, നേതൃത്വം, അനുകമ്പ എന്നീ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് സമാധാനത്തിന്റെ ആന്തരിക അടിത്തറയെന്ന് പീസ് ചാർട്ടർ പറയുന്നു.
യുഎഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. വിവിധ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ തുനീസിയ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അബ്ദിസ്സത്താർ ബിൻ മൂസ, വിദ്യാഭ്യാസ പ്രവർത്തകൻ ഹൗസിൻ അബ്ബാസി (2015), കിഴക്കൻ ടിമോർ പ്രസിഡന്റ് ജോസ് മാനുവൽ റാമോസ് ഹോർട്ട (1996), ഇന്ത്യയിലെ സാമൂഹിക പ്രവർത്തകൻ കൈലാഷ് സത്യാർഥി (2014),പോളണ്ട് മുൻ പ്രസിഡന്റ് ലേക് വലേസ (1983), ലൈബീരിയയിലെ ലെയ്മ ജിബോവി (2011), തുനീസിയ ഓർഡർ ഓഫ് ലോയേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് ഫാദിൽ മഹ്‌ഫൂദ് (2015), ശ്രീലങ്കയിലെ പ്രഫ. മോഹൻ മുനസിംഗെ ദേശ്മാന്യ (2007), ഇറാഖിലെ സാമൂഹിക പ്രവർത്തക നാദിയ മുറാദ് (2018), കോസ്റ്റാറിക്കയുടെ മുൻ പ്രസിഡന്റ് ഓസ്കാർ ഏരിയാസ് സാഞ്ചസ് (1987), തുനീസിയ ഉയിദഡ് ബുഷമൂയി(2015), ഇറാനിലെ സാമൂഹിക പ്രവർത്തകയും ജഡ്ജിയും അഭിഭാഷകയുമായ ഡോ. ഷിറീൻ ഇബാദി (2003) എന്നിവരുടെ സാന്നിധ്യം ഉച്ചകോടിയെ കരുത്തുറ്റതാക്കി.