കുരുവികളെ പിടികൂടുന്ന വമ്പൻ ചിലന്തി! തെക്കേ അമേരിക്കയിൽ വാഴയിലയിൽ വറുത്തുകഴിക്കും

Mail This Article
ലോകത്തു പലതരം ചിലന്തികളുണ്ട്. ഇത്തിരിക്കുഞ്ഞന്മാർ മുതൽ ഭീമൻമാർ വരെ. ലോകത്ത് ഏറ്റവും കൂടുതൽ ശരീരഭാരമുള്ള ചിലന്തികളാണ് ഗോലിയാത്ത് ബേർഡ് ഈറ്റിങ് ചിലന്തികൾ. സൂരിനാം, ഗയാന, ഫ്രഞ്ച് ഗയാന, വെനസ്വേല, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ആമസോൺ മഴക്കാടുകളിലാണ് ഇവയുടെ പ്രധാന താമസം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചെറിയ കുരുവികളെയും മറ്റും ഇവ പിടികൂടാറുണ്ട്.

തെരഫോസ ബ്ലോണ്ടി എന്നാണ് ഗോലിയാത്ത് ബേർഡ് ഈറ്റിങ് ചിലന്തിയുടെ ശാസ്ത്രനാമം. 5.1 ഇഞ്ചു വരെ ശരീരവലുപ്പമുള്ള ഇവയ്ക്ക് 12 ഇഞ്ചിനു താഴെ കാലകലവുമുണ്ട്. ഒരു ചെറിയ പക്ഷിയുടെ ഭാരമുള്ളവയാണ് ഈ ചിലന്തികൾ. ഈ ചിലന്തികളെ തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഭക്ഷിക്കാറുണ്ട്. ശരീരരോമങ്ങൾ കളഞ്ഞ് വാഴയിലയിൽ പൊതിഞ്ഞു വറുത്താണ് ഇവയെ പാകം ചെയ്യുന്നത്.

വലുപ്പത്തിലും ഭാരത്തിലും ഏറ്റവും മുന്നിലുള്ള ഇവ പക്ഷേ കാലകലം നോക്കിയാൽ മറ്റൊരു ചിലന്തിയിനമാണ് ഏറ്റവും വലുപ്പമുള്ളത്. അതാണു ജയന്റ് ഹണ്ട്സ്മാൻ...പന്ത്രണ്ട് ഇഞ്ചുകൾ വരെ വിപരീത ദിശയിലുള്ള കാലുകളുടെ അകലം എത്താവുന്ന ചിലന്തികളാണ് ജയന്റ് ഹണ്ട്സ്മെൻ ചിലന്തികൾ. സാധാരണഗതിയിൽ കണ്ടുവരുന്ന ചിലന്തികളെ പോലെ ഇവ വലവിരിച്ച് ഇരതേടാറില്ല. മറിച്ച് ഇരയെ വേട്ടയാടിപ്പിടിക്കുകയാണ് ഇവയ്ക്കു പഥ്യം. ഏഷ്യൻ രാജ്യമായ ലാവോസിലെ ഗുഹകളാണ് ജയന്റ് ഹണ്ട്സ്മാൻ ചിലന്തികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. ചീഞ്ഞഴുകിയ മരത്തടികൾക്കു സമീപവും ഇവയെ കാണാവുന്നതിനാൽ ഇവ വുഡ് സ്പൈഡർ എന്നും അറിയപ്പെടാറുണ്ട്.താരതമ്യേന മനുഷ്യരെ അങ്ങനെ ഉപദ്രവിക്കാത്ത ചിലന്തികളാണ് ഇവ. എന്നാൽ നല്ല വേദനാജനകമായ കടികളാണ് ഇവ നൽകുന്നത്.

ഇവ കൂടാതെയും ലോകത്ത് കുറേയേറെ ചിലന്തിവീരൻമാരുണ്ട്. ബ്രസീലിലും മറ്റും കാണുന്ന മറ്റൊരു വലിയ ചിലന്തിയാണ് ബ്രസീലിയൻ സാൽമൻ പിങ്ക് ബേർഡ് ഈറ്റർ. കടുത്ത ബ്രൗൺ നിറമുള്ള ചിലന്തികളാണ് ഇവ. ചിലന്തി വളർത്തലുകാർക്ക് പ്രിയമുള്ള ബ്രസീലിയൻ ജയന്റ് ടോണി റെഡ് ടരാന്റുലയ്ക്ക് 10 ഇഞ്ച് വലുപ്പമുള്ള കാലകലമാണുള്ളത്.