ധോണി 11 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26, ദുബെയ്ക്കൊപ്പം 27 പന്തിൽ 57 റൺസ്; ലക്നൗവിനെ വീഴ്ത്തി ചെന്നൈ – വിഡിയോ

Mail This Article
ലക്നൗ ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ചെന്നൈ വിജയത്തിലെത്തി.
ഏഴു കളികളിൽനിന്ന് രണ്ടാം ജയം കുറിച്ച ചെന്നൈയ്ക്ക് നാലു പോയിന്റായെങ്കിലും, അവർ അവസാന സ്ഥാനത്തു തന്നെ തുടരുന്നു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്.
37 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. രചിൻ രവീന്ദ്ര 22 പന്തിൽ അഞ്ച് ഫോറുകളോടെ 37 റൺസെടുത്തു. ഓപ്പണറായി ചെന്നൈ പരീക്ഷിച്ച ഷെയ്ഖ് റഷീദ് 19 പന്തിൽ ആറു ഫോറുകളോടെ 27 റൺസെടുത്തു. രാഹുൽ ത്രിപാഠി (10 പന്തിൽ ഒൻപത്), രവീന്ദ്ര ജഡേജ (11 പന്തിൽ ഏഴ്), വിജയ് ശങ്കർ (എട്ടു പന്തിൽ ഒരു ഫോർ സഹിതം ഒൻപത്) എന്നിവർ നിരാശപ്പെടുത്തി.
ഓപ്പണിങ് വിക്കറ്റിൽ 29 പന്തിൽ 52 റൺസടിച്ചു കൂട്ടിയ ചെന്നൈ ഓപ്പണർമാരായ ഷെയ്ഖ് റഷീദ് – രചിൻ രവീന്ദ്ര എന്നിവരാണ് ചെന്നൈ വിജയത്തിന് അടിത്തറയിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും, പിരിയാത് ആറാം വിക്കറ്റിൽ 27 പന്തിൽ 57 റൺസടിച്ചുകൂട്ടിയാണ് ധോണി – ദുബെ സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചത്.
ലക്നൗവിനായി രവി ബിഷ്ണോയ് മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദിഗ്‌വേഷ് രതി നാല് ഓവറിൽ 23 റൺസ് വഴങ്ങിയും എയ്ഡൻ മർക്രം നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ആവേശ് ഖാൻ 3.3 ഓവറിൽ 32 റൺസ് വഴങ്ങി ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166ന് അവസാനിച്ചു. 49 ബോളിൽ 63 റൺസ് നേടിയ നായകൻ ഋഷഭ് പന്താണ് ലക്നൗ നിരയിലെ ടോപ് സ്കോറർ. ഓപ്പണർ മിച്ചൽ മാർഷ് (25 പന്തിൽ 30), ആയുഷ് ബദോനി (17 പന്തിൽ 22), അബ്ദുൽ സമദ് (11 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചെന്നെയ്ക്കായി രവീന്ദ്ര ജഡേജ, മതീഷ പതിരാണ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മതീഷ പതിരാണ എറിഞ്ഞ അവസാന ഓവറിൽ ലക്നൗ നിരയിലെ 3 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 4 ഓവറുകളിൽ നിന്ന് 48 റൺസാണ് പതിരാണ വഴങ്ങിയത്.