വണ്ണം എളുപ്പത്തിൽ കുറയ്ക്കണോ;ഈ ചായ പരീക്ഷിച്ചു നോക്കൂ

Mail This Article
നമ്മുടെ വീടുകളിൽ സാധാരണ കണ്ടുവരുന്നതാണ് മുരിങ്ങ മരം. അതിന്റെ പൂവും ഇലയും കായും നമ്മൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. അത്രയേറെ പോഷകങ്ങളടങ്ങിയ മുരിങ്ങ കൊണ്ടുള്ള കറിയും തോരനും മിക്ക വീടുകളിലെയും ഒരു വിഭവമാണ്. ഇനി ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മുരിങ്ങ കോൽ. സാമ്പാറിലെ പ്രാധാന ഐറ്റം. ഇതെല്ലാം മാറ്റി നിർത്തിയാൽ പിന്നെയും ഉണ്ട് മുരിങ്ങയുടെ ഉപയോഗങ്ങൾ. മുരിങ്ങ ഇല കൊണ്ട് മുരിങ്ങ ചായ ഉണ്ടാക്കാം. കേട്ടിട്ടുണ്ടോ ഈ ചായയെ പറ്റി ?
മുരിങ്ങ ചായ വെറുതെ കുടിക്കുന്നതല്ല. ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ്. ശരീര ഭാരം, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർധന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറച്ച്, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഈ ചായയുണ്ടാക്കാൻ വളരെ എളുപ്പവുമാണ്. മുരിങ്ങ പൊടി കൊണ്ടും ഇല കൊണ്ടും ആണ് ചായ ഉണ്ടാക്കുന്നത്. ഇനി പൊടി എവിടെ കിട്ടുമെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട. ഓൺലൈനിലും പലചരക്ക് കടകളിലും ലഭ്യമാണ്.
എങ്ങനെയാണ് ഉണ്ടാക്കുന്നത്?
ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് മുരിങ്ങ പൊടി ഇട്ട് തിളപ്പിക്കുക. ശേഷം അരിപ്പയിലൂടെ അരിച്ചെടുക്കുക. പച്ച നിറത്തിലുള്ള മുരിങ്ങ ചായ റെഡി. ഇനി നിങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന പൊടി ഇഷ്ടമല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഫ്രഷായിട്ടുള്ള മുരിങ്ങ ഇലകളെടുത്ത് വെള്ളത്തിന്റെ അംശം കളഞ്ഞ് ഉണക്കി പൊടിച്ചെടുക്കുക. ഇനി ഇതല്ലെങ്കിൽ കഴുകിയെടുത്ത മുരിങ്ങയില വെള്ളത്തിലിട്ട് കുറച്ച് മിനിറ്റ് തിളപ്പിക്കുക. ചായ ഇങ്ങനെയും തയ്യാറാക്കാം.