കൊന്നപ്പൂ കളയല്ലേ, ഗുണങ്ങൾ പലതുണ്ട്; പ്രമേഹത്തെ നിയന്ത്രിക്കാം, ത്വക് രോഗങ്ങൾക്കും ആശ്വാസം

Mail This Article
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്‌ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. കണിക്കൊന്നയുടെ ഔഷധഗുണം പ്രാചീന കാലത്തുതന്നെ അറിയപ്പെട്ടിരുന്നു. ശുശ്രുത–ചരക പൈതൃകങ്ങിലൊക്കെ ഈ സസസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. കണിക്കൊന്നയിൽ വിരേചന ഗുണമാണ് മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ത്വക് രോഗങ്ങൾക്ക് കൺകണ്ട മരുന്നും. സോറിയാസിനെ ശമിപ്പിക്കും.
കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, ജ്വരം, കുഷ്‌ടം, പ്രമേഹം, വൃണം എന്നിവയുടെ ചികിത്സയിൽ കണിക്കൊന്ന ഉപയോഗിക്കാം. പാകമായ കായ്‌കൾ മണലിൽ ഒരാഴ്‌ച സൂക്ഷിച്ചെടുത്ത് വെയിലിൽ ഉണക്കി പൾപ്പെടുത്ത് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ച് വിരേചന ഔഷധമായി ഉപയോഗിക്കാമെന്ന് ചരക സംഹിതയിൽ കൽപ്പസ്‌ഥാനത്ത് പറയുന്നു. കൊന്നക്കായയുടെ കുരുകളഞ്ഞ് മാംസഭാഗം പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മലബന്ധം, അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്‌ക്ക് ഫലപ്രദമാണ്.
നീരിനെ കുറക്കാനും കരൾ സംരക്ഷണത്തിനും വിഷജന്തുക്കളുടെ കടിയേറ്റുണ്ടാകുന്ന നീരും വേദനയും മാറാനും മരുന്നാണീ സസ്യം. ഇല കഷായംവച്ച് കറിയുപ്പ് ചേർത്ത് കൊടുത്താൽ കന്നുകാലികളുടെ പനി ഭേദമാകും. കണിക്കൊന്നയുടെ പട്ടയ്‌ക്ക് വൈറസുകൾക്കും ബാക്‌ടീരിയയ്‌ക്കും ഫംഗസിനുമെതിരെ പൊരുതാനുള്ള കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
(വിവരങ്ങൾക്കു കടപ്പാട്: ശ്രീകുമാർ വിഎസ്)