പ്രമേഹമുള്ളവരും ഭാരം കുറയ്ക്കേണ്ടവരും ടെൻഷനടിക്കേണ്ട; ധൈര്യമായി സദ്യ കഴിച്ചോ, ഗുണങ്ങളുണ്ട്!

Mail This Article
തൂശനിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ പച്ചക്കറികൾ കൊണ്ടുള്ള ഔഷധക്കൂട്ട് കൂടിയാണ്. ഓരോ വിഭവവും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളും അവയുടെ ഗുണങ്ങളും അറിയൂ. ഇവ നിങ്ങളുടെ സദ്യയിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അമിതമായാൽ അമൃതും വിഷമാണ് എന്ന് അറിയാമല്ലോ? അതുകൊണ്ട് അളവ് കുറച്ച് കഴിക്കാൻ ശ്രദ്ധിച്ചാൽ നല്ലത്. അങ്ങനെയെങ്കിൽ ഹെൽത്തിയായി സദ്യ കഴിക്കാം
വറ്റൽമുളക്
കറിക്ക് എരിവ് കൂട്ടാനാണു വറ്റൽമുളക് ഉപയോഗിക്കുക. ഇതു ദഹന രസങ്ങളുടെ ഉല്പാദനം വർധിപ്പിക്കും. അതിലൂടെ ദഹനം വേഗത്തിലാകും. ആവശ്യം അനുസരിച്ച് വിവിധ കറികളിൽ ഉപയോഗിക്കാം.
വാഴക്കൂമ്പ്
നാരുള്ള ഭക്ഷണം. പൊട്ടാസ്യം, സോഡിയം എന്നീ മൂലകങ്ങളും ഉണ്ട്. വയറിലെ അമ്ലത്വം കുറയ്ക്കാൻ സഹായിക്കും. അതിനാൽ വയർ എരിച്ചിൽ ഒഴിവാക്കാൻ ഉത്തമം. വയർ ശുദ്ധീകരിക്കാനും ഉത്തമം. തോരൻ ആണു പ്രധാന വിഭവം.
മത്തങ്ങ
വൈറ്റമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഞരമ്പുകൾക്കു ബലം നൽകും. മത്തക്കുരു കാൽസ്യ സമ്പുഷ്ടം ആണ്. ഇതു എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. മത്തങ്ങയുടെ തൊലി അടക്കം കഴിക്കുന്നതു വയർ ശുദ്ധിയാക്കാൻ ഉത്തമം. എരിശേരി, പച്ചടി എന്നിവയിൽ പ്രധാനം. മത്തങ്ങ ഉപയോഗിച്ചു പായസവും വയ്ക്കാം.
വെളുത്തുള്ളി
ദഹനം വർധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. വിശപ്പു കൂട്ടാനും കൊളസ്ട്രോൾ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമം. ഹൃദ്രോഗികൾക്കും വെളുത്തുള്ളി കറികളിൽ ചേർത്തു നൽകുന്നതു നല്ലതാണ്. കണ്ണിന്റെ ഞരമ്പുകൾക്കു ബലം നൽകാനും വെളുത്തുള്ളിക്കു സാധിക്കും. ഓരോരുത്തരുടേയും ആവശ്യാനുസരണം കറികളിൽ വെളുത്തുള്ളി ഉപയോഗിക്കാം. സദ്യയിൽ രസത്തിലാണു വെളുത്തുള്ളി പ്രധാനം
കാരറ്റ്
നാടൻ വിഭവം അല്ലെങ്കിലും ഇന്നു മലയാളി ഏറ്റവും ഉപയോഗിക്കുന്ന പച്ചക്കറിയാണു കാരറ്റ്. വൈറ്റമിൻ ഡി കാരറ്റിൽ സമൃദ്ധമാണ്. കണ്ണിനു നല്ലതാണ് കാരറ്റ്. ശരീരത്തെ തൊലിക്കു പ്രഭ വർധിപ്പിക്കും. കാരറ്റ് കടിച്ചു തിന്നുന്നതു മോണയ്ക്കു നല്ലതാണ്. പ്രമേഹം ഉള്ളവർക്കു കഴിക്കാൻ കൊടുക്കാവുന്ന പച്ചക്കറിയാണിത്.സാമ്പാർ, അവിയൽ, എന്നിവയിൽ കാരറ്റ് ഇടാറുണ്ട്. തോരൻ വച്ചും കഴിക്കാം.

കത്രിക്ക
എണ്ണമയമുള്ള ആഹാര പദാർഥം. ശരീരത്തിനു സ്നിഗ്ധത നൽകും. എല്ലു തേയ്മാനം ഇല്ലാതാക്കാൻ നല്ലതാണ്. മാംസപേശികളേയും സന്ധികളേയും പോഷിപ്പിക്കും. മൂത്രാശയ രോഗങ്ങൾക്കു ഔഷധം കൂടിയാണു കത്രിക്ക. സാമ്പാറിൽ പ്രധാന ചേരുവയാണിത്. കത്രിക്കകൊണ്ടു തോരൻ വയ്ക്കാനും സാധിക്കും. കത്രിക്ക വറുത്തെടുത്ത് ഉപ്പേരി പോലെ ഉപയോഗിക്കാറുമുണ്ട്.
പച്ചമുളക്
നാടൻ പച്ചമുളക് കൊളസ്ട്രോൾ കുറയ്ക്കും. ഭക്ഷണം ദഹിപ്പിക്കാൻ നല്ലതാണ്. എല്ലാ കറികൾക്കും ആവശ്യാനുസരണം പച്ചമുളക് ഉപയോഗിക്കാം.
നാരങ്ങ
വൈറ്റമിൻ സി സമൃദ്ധമാണു നാരങ്ങ. അമ്ലത്വം ഉള്ളതിനാൽ ദഹന രസത്തെ ഉദ്ദീപിപ്പിക്കും. നാരങ്ങ അച്ചാർ സദ്യകളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യം ആണ്.
വെണ്ടയ്ക്ക
എണ്ണമയമുള്ള വിഭവം. പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം. ദു:സ്വാദ് ഇല്ലാത്ത പച്ചക്കറി ആയതിനാൽ വെണ്ടയ്ക്ക ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും. ഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക് ഔഷധം കൂടിയാണു വെണ്ടയ്ക്ക. മെഴുക്കുപുരട്ടിയായി വെണ്ടയ്ക്ക ഉപയോഗിക്കാം. തീയൽ, സാമ്പാർ എന്നിവയിൽ പ്രധാന ഘടകം. നീളത്തിൽ അരിഞ്ഞ് വറുത്തെടുത്ത് കഴിക്കാം. ചെറുതായി അരിഞ്ഞ് കിച്ചടിയിൽ ഇടാം.
തക്കാളി
രക്തത്തിന്റെ അളവു വർധിപ്പിക്കാൻ തക്കാളി മികച്ചതാണ്. കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്കും പല്ലുകൾക്കും നല്ലത്. ഉള്ളിലെ കൊഴുത്ത ദ്രാവകം മാംസപേശികൾക്കു ഗുണകരം. പഴുത്താൽ മധുരമില്ലാത്ത ഫലം കൂടിയാണു തക്കാളി. സാമ്പാർ, തീയൽ എന്നിവയിൽ ഉപയോഗിക്കും. പച്ചത്തക്കാളി അവിയലിൽ ഉപയോഗിക്കാം. സാലഡ് ഉണ്ടാക്കാനും തക്കാളി പ്രധാനം. അമിത ഉപയോഗം മൂത്രാശയ കല്ലിനു സാധ്യതയുണ്ടാക്കും.

ഗ്രീൻപീസ്
പയറു വർഗങ്ങളുടെ യൂറോപ്യൻ പതിപ്പാണു ഗ്രീൻപീസ്. പ്രമേഹമുള്ളവർക്കും കഴിക്കാം എന്നതാണു ഗ്രീൻപീസിന്റെ ഗുണം. പയർമണികൾ പ്രോട്ടീൻ സമൃദ്ധമാണ്. അരിഭക്ഷണത്തിന് ഒപ്പം കഴിച്ചാൽ കാർബോ ഹൈഡ്രേറ്റിന്റെ ആഗിരണം ഗ്രീൻപീസ് കുറയ്ക്കും. ഗ്രീൻപീസ് കറിവയ്ക്കാം. വറുത്ത് തോരൻ വയ്ക്കാനും ഉപയോഗിക്കാം.
നെല്ലിക്ക
ശരീരത്തിലെ കോശങ്ങളുടെ പ്രായാധിക്യം നെല്ലിക്ക കുറയ്ക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും നെല്ലിക്ക കഴിക്കാം. പ്രമേഹ രോഗികളുടെ ക്ഷീണം മാറ്റാനും നെല്ലിക്ക ഉപയോഗിക്കാം. അച്ചാർ ഇടാനാണു നെല്ലിക്ക പ്രധാനമായി ഉപയോഗിക്കുന്നത്. നെല്ലിക്ക ചമ്മന്തിക്കും ആരാധകർ ഏറെ.
സവാള
ശരീര കോശങ്ങളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണു സവാള. നാരുള്ള ഭക്ഷണം ആയതിനാൽ വയർ ശുദ്ധിയാക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിന്റെ ചൂടു കുറയ്ക്കാനും സവാള കഴിക്കുന്നതു നല്ലതാണ്. സാമ്പാർ ഉണ്ടാക്കാൻ സവാള ഉപയോഗിക്കും. സാലഡിലും പ്രധാന ഘടകം.
ഉള്ളി
രക്തം വർധിപ്പിക്കുന്നതാണ് ഉള്ളി. രക്തത്തിൽ ഇരുമ്പിന്റെ അംശം കൂട്ടാൻ സഹായിക്കും. ഭക്ഷണ പദാർഥങ്ങൾക്കു സ്വാദ് വർധിപ്പിക്കാൻ ഉള്ളി ഉപയോഗിക്കാം. ഉള്ളി വിവിധ രൂപങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുക്കാം. സാമ്പാർ, അവിയൽ എന്നിവയിൽ ഉള്ളി ഒരു ഘടകമാണ്. ചുട്ട ഉള്ളി ചമ്മന്തി അരയ്ക്കാൻ ഉപയോഗിക്കാം.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ.കെ.ടി വിനോദ് കൃഷ്ണൻ )