ചെന്നൈ അശ്വിനെ തഴയുന്നതിൽ അശ്വിന്റെ തന്നെ യുട്യൂബ് ചാനലിൽ വിമർശനം, വിവാദം; ചെന്നൈയുടെ കളികൾ ഒഴിവാക്കുമെന്ന് താരം

Mail This Article
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിൽ ഇനിമുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുടെ വിലയിരുത്തൽ ഉണ്ടാകില്ല. അശ്വിന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലുകളും വിവാദമായി മാറിയ സാഹചര്യത്തിലാണ് തീരുമാനം. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങൾ ഇനിമുതൽ തന്റെ യുട്യൂബ് ചാനലിൽ കൈകാര്യം ചെയ്യില്ലെന്ന വിവരം അശ്വിൻ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് കൈക്കൊണ്ട ചില തീരുമാനങ്ങളെ, അശ്വിന്റെ യുട്യൂബ് ചാനലിൽ ചർച്ചയ്‌ക്കെത്തിയ വിദഗ്ധരിൽ ചിലർ വിമർശിച്ചത് വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയേഴ്സിനെ തഴഞ്ഞ് അഫ്ഗാൻ താരം നൂർ അഹമ്മദിന് ടീം മാനേജ്മെന്റ് അമിത പ്രാധാന്യം നൽകുന്നുവെന്നായിരുന്നു വിമർശനം. ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെയും ഐപിഎലിൽ ആർസിബിയുടെയും അനിലിസ്റ്റായിരുന്ന പ്രസന്ന അഗോരമാണ് ഇത്തമൊരു വിമർശനം ഉന്നയിച്ചത്.
അശ്വിന്റെ പേരിലുള്ള യുട്യൂബ് ചാനലിൽ, അശ്വിനെ തഴഞ്ഞിതിനെതിരെ വിമർശനം വന്നതാണ് വിവാദമായത്. ഇതിനെതിരെ ആരാധകരിൽ ചിലർ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് ഇക്കാര്യം ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ മുന്നിലുമെത്തി.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ചെന്നൈ സൂപ്പർ കിങ്സ് 25 റൺസിനു തോറ്റതിനു പിന്നാലെയാണ്, അശ്വിന്റെ യുട്യൂബ് ചാനലിലെ വിമർശനവുമായി ബന്ധപ്പെട്ട് ഫ്ലെമിങ്ങിനു മുന്നിൽ ചോദ്യമുയർന്നത്. അശ്വിന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഫ്ലെമിങ്ങിന്റെ മറുപടി. അതിന് പ്രസക്തിയില്ലെന്നും ഫ്ലെമിങ് മറുപടി നൽകി. ഇതോടെയാണ് ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട വിശകലനങ്ങളും അവലോകനങ്ങളും ഒഴിവാക്കാൻ അശ്വിൻ തീരുമാനിച്ചത്.
∙ അശ്വിന്റെ കുറിപ്പ്
കഴിഞ്ഞ ആഴ്ച മുതൽ ഇവിടെ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ, ചില വിശകലനങ്ങളും വിലയിരുത്തലുകളും ഏതെല്ലാം വിധത്തിൽ തെറ്റായി വ്യാഖ്യാനിക്കാപ്പെടാമെന്നത് ബോധ്യമായിട്ടുള്ളതാണ്. അതുകൊണ്ട്, ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുടെ വിലയിരുത്തലുകളും വിശകലനങ്ങളും ഒഴിവാക്കാനാണ് തീരുമാനം.
ഈ ചാനലിൽ നടത്തുന്ന പരിപാടികളിൽ ഉയരുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഞങ്ങൾ വിലമതിക്കുന്നു. അതിനൊപ്പം, ഇത്തരം കാഴ്ചപ്പാടുകളും വിശകലനങ്ങളും സത്യസന്ധമായി തുടരണമെന്നും ഞങ്ങൾക്കു നിർബന്ധമുണ്ട്. ഈ ചാനലിലെ വ്യത്യസ്തങ്ങളായ ഷോകളിൽ പങ്കെടുക്കുന്ന വിദഗ്ധർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ അശ്വിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല എന്ന് പ്രത്യേകം അറിയിക്കുന്നു.
ഇവിടെ ഉയരുന്ന ചർച്ചകളിലെ പരാമർശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തിരുത്തലുകളും ഈ ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനപ്പെട്ടതാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങൾ ഒഴികെയുള്ള മത്സരങ്ങളുടെ വിശകലനങ്ങൾ ഉൾപ്പെടെ തുടർന്നും ഇവിടെ ലഭ്യമായിരിക്കും. എല്ലാവരെയും പോലെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.