തുടർച്ചയായ 2–ാം മത്സരത്തിലും മാൻ ഓഫ് ദ് മാച്ച്; ചാംപ്യൻസ് ട്രോഫിയിൽനിന്ന് പുറത്തിരുത്തിയത് വേദനിപ്പിച്ചെന്ന് സിറാജ്– വിഡിയോ

Mail This Article
ഹൈദരാബാദ്∙ തുടർച്ചയായ രണ്ടാം ഐപിഎൽ മത്സരത്തിലും തകർപ്പൻ ബോളിങ് പ്രകടനവുമായി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ, ചാംപ്യൻസ് ട്രോഫി ടീമിൽനിന്ന് തഴയപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുറന്നുപറഞ്ഞ് മുഹമ്മദ് സിറാജ്. സ്ഥിരമായി ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അവസ്ഥയിൽനിന്ന്, പെട്ടെന്ന് തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായെന്ന് സിറാജ് പറഞ്ഞു. പിന്നീട് ഐപിഎൽ എന്ന പ്രതീക്ഷയിലാണ് കഠിനാധ്വാനം തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പഴയ തട്ടകമായ ആർസിബിക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ സിറാജ്, ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം നാടായ ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുമായി വീണ്ടും മാൻ ഓഫ് ദ് മാച്ചായി.
‘‘ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങിവരവ് എപ്പോഴും വളരെ സ്പെഷലായ ഒരനുഭൂതിയാണ്. എന്റെ കുടുംബാംഗങ്ങൾ ജനക്കൂട്ടത്തിനിടയിലിരുന്ന് മത്സരം കാണുന്നുണ്ടായിരുന്നു. ആ ചിന്ത എന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചു’ – സിറാജ് പറഞ്ഞു.
‘‘ഞാൻ ആർസിബിക്കായി ഏഴു വർഷം കളിച്ചു. എന്റെ ബോളിങ്ങും ചിന്താഗതിയും മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഫലവും ലഭിക്കുന്നുണ്ട്. ചാംപ്യൻസ് ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് കുറേനാൾ എന്നെ അലട്ടിയിരുന്നു. പക്ഷേ, ഞാൻ നിരാശപ്പെടാതെ കഠിനാധ്വാനം തുടർന്നു’ – സിറാജ് പറഞ്ഞു.
‘‘കരിയറിൽ വരുത്തിയ പിഴവുകൾ തിരുത്തുന്നതിന് ഞാൻ വളരെയധികം പ്രാധാന്യം നൽകി. അക്കാര്യത്തിൽ വലിയ പുരോഗതിയുണ്ട്. ഇപ്പോൾ ഞാൻ എന്റെ ബോളിങ് ആസ്വദിക്കുന്നു’ – സിറാജിന്റെ വാക്കുകൾ.
‘‘സ്ഥിരമായി ഇന്ത്യൻ ടീമിനൊപ്പമുള്ള ഒരാളെന്ന നിലയിൽ, ഇടയ്ക്ക് ടീമിനു പുറത്താകുമ്പോൾ നമുക്ക് സ്വന്തം മികവിൽ സംശയം തോന്നാം. പക്ഷേ, ഞാൻ തളരാതെ ഐപിഎൽ ലക്ഷ്യമിട്ട് അധ്വാനം തുടർന്നു. ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടപ്പോൾ എന്റെ മികവിനെക്കുറിച്ച് ഞാൻ തന്നെ സംശയിച്ചിരുന്നു. ഐപിഎൽ എന്ന പ്രതീക്ഷ മുന്നിലുള്ളതിനാൽ ഞാൻ തളർന്നില്ല. ഉദ്ദേശിക്കുന്ന രീതിയിൽ മികച്ച പ്രകടനം നടത്താനായാൽ നമ്മൾ ഒന്നാമതുണ്ടാകും.’ – സിറാജ് പറഞ്ഞു.