‘ഈ ജൂലൈയിൽ 44 വയസാകും, അടുത്ത സീസണിനെക്കുറിച്ച് ആലോചിക്കാൻ 8–10 മാസം കിട്ടുമല്ലോ’: തൽക്കാലം നിർത്തുന്നില്ലെന്ന് ധോണി

Mail This Article
ചെന്നൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് കടുത്ത വിമർശനങ്ങൾക്കു കാരണമായെങ്കിലും, ഐപിഎലിനിടെ വിരമിക്കാൻ പദ്ധതിയില്ലെന്ന പ്രഖ്യാപനവുമായി മഹേന്ദ്രസിങ് ധോണി. ഒറ്റ വർഷത്തെ കാര്യം മാത്രം പ്ലാൻ ചെയ്താണ് ഈ ഘട്ടത്തിൽ മുന്നോട്ടു പോകുന്നത്. ഈ വർഷം ജൂലൈയിൽ 44 വയസ് തികയും. അതിനു ശേഷവും കളത്തിൽ തുടരണോ എന്ന കാര്യം ശരീരം നൽകുന്ന സൂചനകൾ കൂടി അനുസരിച്ചിരിക്കുമെന്ന് ധോണി വ്യക്തമാക്കി. രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിലാണ് ധോണി നിലപാട് വ്യക്തമാക്കിയത്. ഇത് മത്സരത്തിനു മുന്നോടിയായി റെക്കോർഡ് ചെയ്തതാണെന്നാണ് റിപ്പോർട്ട്.
‘‘എന്തായാലും ഇപ്പോൾ വിരമിക്കുന്നില്ല. ഞാൻ ഇപ്പോഴും ഐപിഎലിൽ തുടരുകയല്ലേ. ഏറ്റവും ലളിതമായ രീതിയിലാണ് ഞാൻ എന്റെ കരിയറിനെ കാണുന്നത്. ഒരു സമയത്ത് ഒറ്റ വർഷത്തെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ. ഇപ്പോൾ എനിക്ക് 43 വയസ്സുണ്ട്. ഈ ജൂലൈ കഴിയുമ്പോഴേയ്ക്കും 44 വയസ് പിന്നിടും. ഒരു വർഷം കൂടി ഐപിഎലിൽ തുടരണോ എന്നു തീരുമാനിക്കാൻ അതു കഴിഞ്ഞും 8–10 മാസം കിട്ടും.’ – ധോണി പറഞ്ഞു.
‘‘സത്യത്തിൽ കളത്തിൽ തുടരണോ എന്നു തീരുമാനിക്കുന്നത് ഞാനല്ല. എന്നേക്കൊണ്ട് കളി തുടരാനാകുമോ ഇല്ലയോ എന്ന് സൂചന നൽകേണ്ടത് ശരീരമാണ്. നിലവിൽ ഒരു വർഷം മാത്രമാണ് പ്ലാൻ ചെയ്ത് മുന്നോട്ടു പോകുന്നത്. ഇപ്പോൾ എന്താണ് ചെയ്യാനാകുക എന്നു മാത്രമാണ് ഈ ഘട്ടത്തിൽ നോക്കുന്നത്. അടുത്ത വർഷത്തെ കാര്യം തീരുമാനിക്കാൻ 8–10 മാസം കിട്ടുമല്ലോ’ – ധോണി പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ജയിക്കാൻ സാധിക്കുമായിരുന്ന മത്സരം തോറ്റതിൽ വിജയ് ശങ്കറിനൊപ്പം ധോണിയുടെ ബാറ്റിങ്ങും കാരണമായതായി വിമർശനമുണ്ടായിരുന്നു. 11–ാം ഓവറിലെ നാലാം പന്തിൽ രവീന്ദ്ര ജഡേജ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഐപിഎൽ 2023 സീസൺ മുതൽ കണക്കാക്കിയാൽ ധോണി ഏറ്റവും നേരത്തേ ബാറ്റിങ്ങിനെത്തിയ മത്സരം കൂടിയായിരുന്നു ഇത്.
ധോണി ക്രീസിലെത്തുന്ന സമയത്ത് 56 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 105 റൺസാണ്. ഈ 56 പന്തുകൾ വിക്കറ്റ് നഷ്ടം കൂടാതെ നേരിട്ട ധോണി – വിജയ് ശങ്കർ സഖ്യത്തിന് നേടാനായതാകട്ടെ വെറും 88 റൺസ് മാത്രം. മത്സരത്തിൽ 43 പന്തിൽ അർധസെഞ്ചറി തികച്ച വിജയ് ശങ്കർ, ഈ സീസണിൽ ചെന്നൈ താരത്തിന്റെ ഏറ്റവും മന്ദഗതിയിലുള്ള അർധസെഞ്ചറിയാണ് ഡൽഹിക്കെതിരെ കുറിച്ചത്. മറുവശത്ത്, ഇന്നിങ്സിൽ നേരിട്ട 19–ാം പന്തിലാണ് ധോണിക്ക് ആദ്യ ബൗണ്ടറി നേടാനായത്. ഈ സീസണിൽ ആദ്യ ബൗണ്ടറിക്കായി കൂടുതൽ പന്തുകൾ നേരിട്ട താരമെന്ന നാണക്കേടും ധോണിയുടെ പേരിലായിരുന്നു.