ബുമ്രയെ ആദ്യ പന്തിൽ സിക്സർ തൂക്കി കോലി; ട്വന്റി20യിലെ അപൂർവ റെക്കോര്‍ഡ്, മുന്നിലുള്ളത് മറ്റൊരു ആർസിബി താരം

Mail This Article
മുംബൈ∙ ട്വന്റി20 ക്രിക്കറ്റിൽ 13000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വിരാട് കോലിക്ക്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് വിരാട് കോലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. പരുക്കു മാറി തിരിച്ചെത്തിയ മുംബൈ സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ നേര്‍ക്കുനേർ വന്ന ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണു കോലി സ്വീകരിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ വിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലാണ് വേഗത്തിൽ 13000 ട്വന്റി20 റൺസ് പിന്നിട്ട താരം. 381 മത്സരങ്ങളിലാണ് ഗെയ്ൽ നേട്ടത്തിലെത്തിയത്. വിരാടിന് 13000 റൺസിലെത്താൻ വേണ്ടിവന്നത് 386 ട്വന്റി20 പോരാട്ടങ്ങളാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് കോലി. വേഗതയുടെ കാര്യത്തിൽ ഗെയ്‍ലിനു പിന്നിൽ രണ്ടാം സ്ഥാനത്തും.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 38 പന്തിൽ 60 റണ്‍സെടുത്ത കോലി പുറത്താകാതെ നിൽക്കുകയാണ്. മത്സരം 13 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ് ആർസിബി ബാറ്റിങ് തുടരുന്നത്. 42 പന്തുകൾ നേരിട്ട കോലി 67 റൺസെടുത്താണു പുറത്തായത്. രണ്ടു സിക്സുകളും എട്ട് ഫോറുകളും താരം ബൗണ്ടറി കടത്തി. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 15–ാം ഓവറിലെ ആദ്യ പന്തിൽ നമൻ ധിർ ക്യാച്ചെടുത്താണു കോലിയുടെ പുറത്താകൽ.