ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തെ ബാധിക്കുമോ?

Mail This Article
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. നിലവിൽ കേരളത്തിനു ഭീഷണിയില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.
‘മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴയിൽ ചെറിയ കുറവ് ഉണ്ടായേക്കും. ചില ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ താപനില അമിതമായി വർധിക്കാനും സാധ്യതയില്ല. ന്യൂനമർദത്തിന്റെ സഞ്ചാരപാത വ്യക്തമായാൽ മാത്രമേ കാലാവസ്ഥയിലെ മാറ്റം കൃത്യമായി പറയാനാകൂ.’- രാജീവൻ എരിക്കുളം പറഞ്ഞു.
അതേസമയം, ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ട്ല (ഗുജറാത്ത്), ബാർമർ (രാജസ്ഥാൻ) എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. 45.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് (36°c) ആണ്.