ഗോതമ്പ് പുട്ട് പഞ്ഞിപോലെ ഉണ്ടാക്കാം; ഈ ട്രിക്ക് മതി

Mail This Article
പുട്ടിന് കടലയും ചിക്കനും ബീഫും പഴവുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. അരിപുട്ട് മാത്രമല്ല, ഗോതമ്പ് പുട്ടിനും ആരാധകർ ഏറെയുണ്ട്. മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാൽ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളത് തയാറാക്കാം.
ചേരുവകൾ
ഗോതമ്പ് - 1 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
വെള്ളം
ഉപ്പ്
തയാറാക്കുന്ന വിധം
ഗോതമ്പ് നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ് എടുക്കുക. ശേഷം പുട്ട് കുറ്റിയിൽ ഗോതമ്പു നിറച്ചു 2 മിനിറ്റ് ആവി കയറ്റി എടുക്കാം.(പുട്ട് ഉണ്ടാക്കുന്ന രീതിയിൽ തന്നെ )ശേഷം ആവി കേറ്റിയ ഗോതമ്പു കുറ്റിയിൽ നിന്നും കുത്തി എടുത്തു ഒന്ന് നിരത്തി വയ്ക്കുക. പെട്ടെന്ന് ചൂടാറാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ചൂടാറിയ ഗോതമ്പ്, മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക. പൊടിച്ച ഗോതമ്പ് ഒരു ബൗളിൽ ഇടുക. ഇനി ഗോതമ്പിലേക്കു കുറച്ചു തേങ്ങാ ചിരകിയതും ഉപ്പും ചേർത്തു യോജിപ്പിക്കുക. കുറച്ചു വെള്ളവും തളിച്ചു കുഴച്ചു പുട്ടുപൊടിയുടെ പരുവത്തിലാക്കാം. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം പൊടിയും നാളികേരം ചിരകിയതും മാറി മാറി ഇടുക, ആവിയിൽ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് ഗോതമ്പു പുട്ട് തയാർ.