ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

വീട്ടിൽ പ്രസവിച്ച സ്ത്രീ മരണപ്പെട്ട വാർത്ത എല്ലാവരും അറിഞ്ഞതാണ്. സമാനമായ സംഭവങ്ങൾ കുറച്ചു നാളുകളായി നാം കേൾക്കുകയും ചെയ്യുന്നു. ഡോക്ടർമാരോ, ആശുപത്രിയോ ഇല്ലാത്ത ഒരു കാലത്തല്ല നാം ജീവിക്കുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള വൈദ്യശാസ്ത്രരംഗത്തെ, കണ്ടില്ലെന്ന് നടിച്ച് വീട്ടിലെ ഒരു മുറിയിൽ നടന്ന പ്രസവം കഴിഞ്ഞദിവസം അനാഥമാക്കിയത് അഞ്ച് കുഞ്ഞുങ്ങളെയാണ്.
കുറച്ചു നാളുകൾക്ക് മുൻപ്, ഭാര്യ വീട്ടിൽ പ്രസവിച്ചുവെന്നും, കടയിൽ പോയി ബ്ലേഡ് വാങ്ങിക്കൊണ്ട് വന്ന് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചുവെന്നും യാതൊരു കൂസലുമില്ലാതെ പറഞ്ഞ ഭർത്താവിനെയും നമ്മൾ കണ്ടതാണല്ലോ. അത്ര നിസാരമാണോ പ്രസവം. യാതൊരു മുൻപരിചയവും ഇല്ലാതെ, യൂട്യൂബിലെ ചില വിഡിയോകൾ കണ്ട് മാത്രം ഒരു പ്രസവമെടുക്കാൻ കഴിയുമോ? എന്തൊക്കെയാണ് അതിലെ പ്രശ്നങ്ങളെന്ന് അമൃത അർബൻ ഹെൽത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. മേരി സൈമൺ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. 

ആശുപത്രിയിലെ പ്രസവം നൽകുന്ന സുരക്ഷ മറ്റൊന്നിനും ഉറപ്പ് നൽകാനാവില്ല. അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകുന്ന ആരോഗ്യപരമായ എന്ത് പ്രതിസന്ധിയും നേരിടാനും ചികിത്സ നൽകാനുമുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെ തയാറാണ് എന്നതാണ് പ്രധാനം. സ്വാഭാവികമായും ഗർഭിണി ആയ സ്ത്രീ പ്രസവിക്കുന്ന സ്ഥലം അണുവിമുക്തമായിരിക്കണം. അല്ലാത്തപക്ഷം അണുബാധയുണ്ടാവുകയും അമ്മയ്ക്കും കു‍ഞ്ഞിനും ജീവനു ഭീഷണിയാവുകയും ചെയ്യും. അത്രത്തോളം സൂക്ഷിക്കണമെന്ന് സാരം. ഒരു ഓപ്പറേഷൻ തിയറ്റർ എത്രത്തോളം അണുവിമുക്തമായിരിക്കുമോ അത്രതന്നെ ശുചിയായിരിക്കും പ്രസവത്തിനായി തയാറാക്കിയിരിക്കുന്ന ലേബർ സ്യൂട്ടും. ഹോസ്പിറ്റൽ ഗൗൺ ധരിച്ച് അകത്തേക്ക് പ്രവേശിക്കുന്ന ഡോക്ടർമാരും നഴ്സുമാരും സ്റ്റാഫുമുൾപ്പടെ ഓരോരുത്തരും ആ ശുചിത്വം ഉറപ്പാക്കുകയും ചെയ്യും. 

പ്രസവ സമയത്ത് ആശുപത്രിയിൽ ഒപ്പമുണ്ടാകുന്നവർ വിദഗ്ധ പരിശീലനം നേടിയവരായിരിക്കും എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പണ്ടൊക്കെ വീട്ടിലല്ലേ പ്രസവിച്ചിരുന്നത്, ആരെങ്കിലും ഒരാൾ കൂടെക്കാണും. അതിലെന്താ പ്രശ്നമെന്നൊക്കെ ചോദിക്കുന്നവരുണ്ടാകും. പ്രസവമെടുക്കുന്നതിനെക്കാൾ ആ സമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാവുന്ന ഏത് പ്രശ്നവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുള്ള, കഴിവുള്ള ഒരാൾ വേണം ഒപ്പമുണ്ടായിരിക്കാൻ എന്നതാണ് പ്രധാനം. പ്രസവത്തെതുടർന്ന് പല സങ്കീർണതകളും അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാം. ഉദാഹരണത്തിന്, കുഞ്ഞിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കുറയുന്നു, ആ സാഹചര്യത്തിൽ നിമിഷങ്ങൾക്കകം വേണ്ടകാര്യങ്ങൾ ചെയ്തില്ലെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടാം. ഇനി അമ്മയ്ക്ക് ശ്വാസംമുട്ടൽ ഉണ്ടാവുകയോ ബിപിയിൽ വ്യതിയാനങ്ങൾ വരുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ആവശ്യമായ ചികിത്സ നൽകാനുള്ള എല്ലാം സൗകര്യവും ആശുപത്രിയിൽ ഉണ്ടാകുമെന്ന് ധൈര്യത്തോടെ പറയാനാകും. വീട്ടിലെ പ്രസവത്തിന് അത്തരം സൗകര്യങ്ങളോ, പരിശീലനവും കഴിവുമുള്ള ആളുകളോ ഉണ്ടാവാറില്ല.

pregnant-woman-ai
Representative Photo. Ai generated Image

ഗർഭകാലത്തിന്റെ പ്രാരംഭഘട്ടം മുതൽതന്നെ വൈദ്യപരിശോധന നടത്തിവരുന്ന ഒരു വ്യക്തിക്ക് പ്രസവത്തിൽ എന്തൊക്കെ സങ്കീർണതകൾ ഉണ്ടാകാമെന്ന് ഡോക്ടർമാർക്ക് ഒരു ധാരണ ഉണ്ടാകും. എങ്കിലും മുഴുവനായി പ്രവചിക്കാൻ കഴിയില്ലല്ലോ. ബിപി, ഷുഗർ എന്നിവയുള്ള ഗർഭിണി, ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാൻ പോകുന്നവർ, കുഞ്ഞിന്റെ സ്ഥാനം ശരിയല്ലാത്തവർ തുടങ്ങിയവരെ ഹൈ റിസ്ക്ക് പ്രഗ്നൻസി എന്നാണ് പറയുന്നത്. അവർക്ക് എന്തു ബുദ്ധിമുട്ട് വന്നാലും ആ പ്രതിസന്ധി നേരിടാൻ തയാറായിരിക്കുന്ന ആരോഗ്യവിദഗ്ധർ പ്രസവസമയത്ത് കൂടെയുണ്ടാകും. ഗർഭകാലത്ത് യാതൊരു പ്രശ്നങ്ങളില്ലാത്തവർക്കും പ്രസവ സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ചിലപ്പോൾ കുഞ്ഞ് പുറത്തുവന്നതിനു ശേഷവും മറുപിള്ള അഥവാ പ്ലാസെന്റ പോകണമെന്നില്ല. അത്തരം സാഹചര്യത്തിൽ അനസ്തേഷ്യ നൽകിയശേഷം മറുപിള്ളയെ പുറത്തെടുക്കേണ്ടിവരും. ഇനി അമിതമായ രക്തസ്രാവമാണെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സ ഉടനടി നൽകേണ്ടതായുണ്ട്. വേഗത്തിലുള്ള ഇത്തരം ഇടപെടലുകളാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക. 

dr-mary-simon
ഡോ. മേരി സൈമൺ

കുറച്ചുനാളുകൾക്ക് മുൻപ് കുഞ്ഞുമായി ഒരു ദമ്പതികൾ മാധ്യമത്തോട് പ്രതികരിച്ചത് ഓർക്കുകയാണ്. ഭാര്യ വീട്ടിൽ പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കാൻ പെട്ടെന്ന് കടയിൽ പോയി ഒരു ബ്ലേഡ് വാങ്ങിവന്നു, മുറിച്ചു. എത്ര നിസാരമായാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. അണുബാധയെ വളരെയധികം കരുതണം. അണുവിമുക്തമായ ബ്ലേഡ് മാത്രം പോര, പുറത്തു പോയി വന്ന ആ വ്യക്തിയുടെ കൈകളും അണുവിമുക്തമാകണം. അവിടെ ഇൻഫെക്‌ഷൻ വന്നു കഴിഞ്ഞാൽ കൃത്യമായ പരിചരണം കിട്ടിയില്ലെങ്കിൽ അപകടമാണ്. ഇനി പൊക്കിൾക്കൊടി മുറിച്ചാൽ മാത്രം പോര, അത് കെട്ടുകയും വേണം. അല്ലെങ്കിൽ രക്തസ്രാവമുണ്ടാകും. അതിനും ശരിയായ രീതിയും ശുചിത്വവുമെല്ലാം പ്രധാനമാണ്. ഇവിടെയാണ് പരിചയസമ്പത്തുള്ള ഡോക്ടർമാരും എല്ലാം സംവിധാനങ്ങളുമുള്ള ആശുപത്രിയും രക്ഷകരാകുന്നത്. മറ്റു രാജ്യങ്ങളെക്കാൾ എത്രയോ നല്ല ചികിത്സാരീതിയാണ് കേരളത്തിലുള്ളത്. പുറംരാജ്യങ്ങളിൽ പ്രസവത്തെ കൈകാര്യം ചെയ്യുന്നതു പോലെയല്ല ഇവിടെ. ഇവിടെ വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും പരിചരണവുമെല്ലാം ഉറപ്പാക്കപ്പെടുന്നുണ്ട്. 

പണ്ട് വീട്ടിൽ അഞ്ചും ആറും പ്രസവിച്ച സ്ത്രീകളുണ്ടെന്ന് പറയുന്നവർ ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. അന്ന് പ്രസവത്തോടെ മരിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുതലായിരുന്നു. ഇന്ന് അതല്ല കേരളത്തിലെ മരണനിരക്ക്. ഇക്കാരണത്താൽ തന്നെയാണ് വീട്ടിലെ പ്രസവം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാതിരിക്കുന്നത്. ശാസ്ത്രത്തിൽ നമ്മളെത്രയോ മുന്നോട്ടു വന്നു. എന്നിട്ടും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ വച്ചുള്ള ഈ തീക്കളിയെന്തിനെന്നാണ് സംശയം.

English Summary:

Home Birth Risks vs. Hospital Safety: A Doctor's Perspective on Maternal & Infant Health. The Untold Risks of Home Births: Protecting Mom & Baby From Preventable Infections & Complications.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com