നെല്ലിക്ക ജ്യൂസിൽ കുരുമുളക് കൂടി ചേർത്തുനോക്കൂ; ഗുണങ്ങൾ ചില്ലറയല്ല, ഇത് പവർഫുൾ ഡ്രിങ്ക്!

Mail This Article
വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. നെല്ലിക്കാജ്യൂസിൽ ഒരു നുള്ള് കുരുമുളകു പൊടി കൂടി ചേർത്താൽ ഗുണങ്ങളേറും. രോഗപ്രതിരോധശക്തിയേകുന്നതിനു പുറമെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം സഹായിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ കുരുമുളകു ചേർത്ത നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം.
∙ നെല്ലിക്കാ ജ്യൂസിലടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ഓർമശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. ഇതിനൊപ്പം കരുമുളകു പൊടി കൂടി ചേർക്കുമ്പോൾ രക്തചംക്രമണം വർധിക്കുകയും തലച്ചോറിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുകയും ചെയ്യും. ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ഒരു നാച്വറൽ ബ്രെയ്ൻ ബൂസ്റ്റർ ആണ്.
∙ ഹോർമോൺ അസന്തുലനം, ക്രമരഹിതമായ ആർത്തവം, മൂഡ് സ്വിങ്ങ്സ്, ശരീരഭാരം കൂടുക ഇവയ്ക്ക് കാരണമാകും. തൈറോയ്ഡിന്റെ പ്രവർത്തനം നിയന്ത്രിക്കാനും ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. കുരുമുളക്, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും. ഇത് ഹോർമോൺ ഉൽപാദനത്തിനു സഹായിക്കുകയും സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

∙ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പരിസ്ഥിതിയിലെ വിഷാംശങ്ങൾ, ഹെവി മെറ്റലുകൾ ഇവ മലിനീകരണം മൂലം ക്രമേണ ശരീരത്തിലെത്തും. നെല്ലിക്കാ ജ്യൂസ് ഒരു നാച്വറല്‍ ഡീടോക്സിഫയർ ആയി പ്രവർത്തിച്ച് ഈ ഉപദ്രവകാരികളായ വസ്തുക്കളെ പുറന്തള്ളും. കുരുമുളകു കൂടി ചേരുമ്പോൾ ശരീരത്തെ ക്ലെൻസ് ചെയ്യുന്ന മികച്ച ഒരു പാനീയമായി ഇതു മാറുന്നു.
∙ എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ, വിളർച്ച മൂലം വിഷമിക്കുന്നുവെങ്കിൽ, ഈ പാനീയം ഏറെ ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. ഇത് ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കും. കുരുമുളക് ഈ പ്രക്രിയയെ വേഗത്തിലാക്കും. ദഹനം മെച്ചപ്പെടുത്താനും ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണത്തിന്റെ വിഘടനത്തിനും സഹായിക്കുന്നതിലൂടെ ശരീരത്തിന് ഇരുമ്പിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നു. ഊർജനില മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

∙ നെല്ലിക്ക, സമ്മർദമകറ്റാൻ സഹായിക്കും. സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും. സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ കുരുമുളക് സഹായിക്കും. ഈ ഹോർമോണുകൾ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
∙ നെല്ലിക്കയും കുരുമുളകും ചേർത്ത പാനീയം വായയുടെ വൃത്തിക്കും ഗുണം ചെയ്യും. വായിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ നെല്ലിക്കാജ്യൂസിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. മോണയിലുണ്ടാകുന്ന അണുബാധകളും ക്യാവിറ്റികളും അകറ്റാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. കുരുമുളക് വേദന സംഹാരിയാണ്. പല്ലുവേദനയ്ക്ക് ആശ്വാസമേകാനും ശ്വാസത്തെ ഫ്രഷ് ആക്കാനും കുരുമുളക് സഹായിക്കും.

∙ സ്ക്രീൻടൈം കൂടുന്നതു മൂലം കണ്ണുകൾക്ക് ആയാസം, വരൾച്ച ഇവ ഉണ്ടാകുന്നത് സാധാരണമാണ്. നെല്ലിക്കാ ജ്യൂസിൽ വൈറ്റമിൻ എ യും കരോട്ടിനോയ്ഡുകളും ഉണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും പ്രായമാകുന്നതു മൂലമുള്ള നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ കുരുമുളക് സഹായിക്കും. ദീർഘനേരമുള്ള സ്ക്രീൻടൈം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ മികച്ച ഒരു പാനീയമാണ് കുരുമുളകു ചേർത്ത നെല്ലിക്കാ ജ്യൂസ്.