കോലി-ദേവ്ദത്ത് കൂട്ടുകെട്ട് പൊളിച്ചു, വിഘ്നേഷിന് രണ്ടാം ഓവര്‍ നൽകാതെ പാണ്ഡ്യ; ഇതെന്ത് തന്ത്രം?

Mail This Article
മുംബൈ∙ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിനു ലഭിച്ചത് ഒരോവർ മാത്രം. ആർസിബി ബാറ്റിങ് തീരുംമുൻപേ വിഘ്നേഷിനെ പിൻവലിച്ച മുംബൈ, ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു. മത്സരത്തിലെ ഒൻപതാം ഓവറാണ് വിഘ്നേഷിന് ആകെ എറിയാൻ ലഭിച്ചത്. ഈ ഓവറിലെ അവസാന പന്തിൽ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി വിഘ്നേഷ് വിക്കറ്റെടുക്കുകയും ചെയ്തു.
വിഘ്നേഷിന്റെ പന്തിൽ ഉയർത്തിയടിച്ച ദേവ്ദത്ത് പടിക്കലിനെ വിൽ ജാക്സ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ നിര്‍ണായകമായ വിരാട് കോലി– ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് പൊളിക്കാനും വിഘ്നേഷിനു സാധിച്ചു. 91 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഒരോവറിൽ ഒരു സിക്സ് അടക്കം പത്തു റണ്‍സാണു വിഘ്നേഷ് വഴങ്ങിയത്.
നാലോവറുകൾ വീതം പന്തെറിഞ്ഞ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ എന്നിവർ തല്ലു വാങ്ങിക്കൂട്ടിയിട്ടും വിഘ്നേഷിന് രണ്ടാം ഓവർ നൽകാൻ മുംബൈ തയാറായില്ല. ബോൾട്ട് 57 ഉം പാണ്ഡ്യ 45 ഉം സാന്റ്നർ 40 ഉം റൺസാണ് ആർസിബിക്കെതിരെ വഴങ്ങിയത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി നാലു മത്സരങ്ങള്‍ കളിച്ച വിഘ്നേഷ് ഇതുവരെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.