പണം ലഭ്യമാക്കിയില്ല, റാവൽപിണ്ടി പിച്ച് സംരക്ഷിക്കാൻ ക്യുറേറ്റർ സ്വന്തം ബൈക്ക് വിറ്റു: പിസിബിയെ വെട്ടിലാക്കി വെളിപ്പെടുത്തൽ

Mail This Article
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സാമ്പത്തിക കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി പ്രാദേശിക മാധ്യമപ്രവർത്തകനായ ഷാഹിദ് ഹാഷ്മി രംഗത്ത്. പിച്ചുകൾ ഒരുക്കാനും സ്റ്റേഡിയം കൈകാര്യം ചെയ്യാനും കൃത്യമായ സമയത്ത് പണം ലഭ്യമാക്കുന്നതിൽ പിസിബി പരാജയപ്പെട്ടതായി ഹാഷ്മി ആരോപിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്റെ ചുമതലയുള്ള ക്യൂറേറ്റർ, പിസിബിയിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം ബൈക്ക് വിറ്റ് അവശ്യസാധനങ്ങൾ വാങ്ങേണ്ടി വന്നുവെന്നും ഹാഷ്മി വെളിപ്പെടുത്തി.
‘‘കഴിഞ്ഞ ദിവസമാണ് വളരെ അവിചാരിതമായി ഒരു കാര്യം അറിഞ്ഞത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് കുറച്ചു സാധനങ്ങൾ ആവശ്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിന്റെ ചെലവുകണക്കുകൾ സഹിതം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) അയച്ചുകൊടുത്തു. പക്ഷേ, ആ കണക്കുകളെല്ലാം എവിടെയോ മുങ്ങിപ്പോയി. പിന്നീട് തന്റെ ബൈക്ക് വിറ്റാണ് അവിടുത്തെ ക്യുറേറ്റർ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയത്’ – ഹാഷ്മി പറഞ്ഞു.
‘‘ഇതിലും മോശമായി എന്തെങ്കിലും സംഭവിക്കാനുണ്ടോ? ആവശ്യമുള്ള സാധനങ്ങളുടെ കണക്ക് കൃത്യമായി കൊടുത്തിട്ടുപോലും അതു ലഭിക്കുന്ന സാഹചര്യമില്ല. അതിനായി ക്യുറേറ്റർ തന്റെ ബൈക്ക് തന്നെ വിൽക്കേണ്ടി വന്നുവെന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്’ – ഹാഷ്മി ചൂണ്ടിക്കാട്ടി.
‘‘കഴിഞ്ഞ ദിവസം കറാച്ചിയിൽ പിച്ച് മൂടാനും നനയ്ക്കാനുമായി വലിയ കോട്ടൺ ആവശ്യമായിരുന്നു. അതിനായി ആളുകളിൽനിന്ന് പണം പിരിക്കേണ്ടി വന്നു. ചാംപ്യൻസ് ട്രോഫിക്കായി പിസിബിക്ക് ലഭിച്ച ബജറ്റിന്റെ കാര്യത്തിൽ കൃത്യമായി ഒന്നും നടന്നില്ല എന്നതാണ് വാസ്തവം’ – ഹാഷ്മി പറഞ്ഞു.
‘‘ഓരോ ജോലിയും അവർ മറ്റുള്ളവരുടെ ചുമലിൽ വച്ചുകൊടുത്തു. സ്വന്തം ജോലി ചെയ്തുമില്ല. പിച്ച് കൈകാര്യം ചെയ്യുന്നതിനായി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, കാലാവസ്ഥാ റിപ്പോർട്ടുകൾ പോലും കൃത്യമായി ലഭ്യമാക്കിയില്ല. ചുരുക്കത്തിൽ ഒരു ജോലിയും കൃത്യമായി ചെയ്തില്ല’ – ഹാഷ്മി പറഞ്ഞു.