ADVERTISEMENT

ന്യൂഡൽഹി ∙ ‍മലയാളി താരം കരുൺ നായരുടെ ഉജ്വല ബാറ്റിങ്ങിന്റെ കരുത്തിൽ കുതിച്ചോടിയ ഡൽഹി ക്യാപിറ്റൽസ് വിജയത്തിന് 13 റൺസ് അകലെ ‘റണ്ണൗട്ട്’ ആയി. ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് 12 റൺസിന്റെ നാടകീയ ജയം. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ കരുൺ നായരുടെ (40 പന്തിൽ 89) അർധ സെഞ്ചറി മികവിലാണ് മുന്നേറിയത്.

12–ാം ഓവറിൽ കരുൺ പുറത്തായശേഷം 4 ഓവറിൽ 42, 2 ഓവറിൽ 23 എന്നിങ്ങനെ ഡൽഹി ലക്ഷ്യം ചുരുക്കി. എന്നാൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ 19–ാം ഓവറിൽ ‌അവസാന 3 ബാറ്റർമാർ തുടർച്ചയായി റണ്ണൗട്ടായതോടെ ഡൽഹിയുടെ പ്രതീക്ഷകൾ പൊലി‍ഞ്ഞു. 7 വർഷത്തെ ഇടവേളയ്‌ക്കു ശേഷമുള്ള അർധ സെഞ്ചറിയിലൂടെ ഐപിഎലി‍ൽ തിരിച്ചുവരവ് പ്രഖ്യാപിച്ച കരുണിന്റെ പോരാട്ടവും അതോടെ വിഫലമായി. സ്കോർ: മുംബൈ– 20 ഓവറിൽ 5ന് 205. ഡൽഹി– 19 ഓവറിൽ 193 ഓൾഔട്ട്. സീസണിൽ മുംബൈ രണ്ടാം ജയം സ്വന്തമാക്കിയപ്പോൾ കഴിഞ്ഞ 4 മത്സരങ്ങളിലും അപരാജിതരായി മുന്നേറിയ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. 3 വിക്കറ്റെടുത്ത മുംബൈ സ്പിന്നർ കാൺ ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

കരുണിന്റെ വരവ്

ഡൽഹി ഇന്നിങ്സിലെ ആദ്യ പന്തിൽതന്നെ ഓപ്പണർ ജേക് ഫ്രേസർ മക്ഗുർക് (0) പുറത്തായപ്പോഴാണ് ഇംപാക്ട് ബാറ്ററായി കരുണിന്റെ വരവ്. നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎൽ മത്സരം കളിക്കുന്ന താരം ട്രെന്റ് ബോൾട്ടിനെതിരെ രണ്ടാം ഓവറിൽ 3 ഫോർ നേടി ഫോമിലായി. മുംബൈയുടെ വജ്രായുധം ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ 9 പന്തുകളിൽ 2 സിക്സും 3 സിക്സും അടക്കം കരുൺ അടിച്ചുകൂട്ടിയത് 26 റൺസ്. പവർപ്ലേയിൽ ഡൽഹി 72 റൺസ് നേടിയപ്പോൾ 22 പന്തുകളിൽ കരുൺ അർധ സെഞ്ചറിയും തികച്ചു. എന്നാൽ കരുൺ 12–ാം ഓവറിൽ മിച്ചൽ സാന്റ്നറിന്റെ പന്തിൽ ബോൾഡ് ആയതോടെ കളി തിരിഞ്ഞു. 12 ഫോറും 5 സിക്സും ഉൾപ്പെടുന്നതായിരുന്നു കരുണിന്റെ ഗംഭീര ഇന്നിങ്സ്.

13 റൺസ്, 4 വിക്കറ്റ്

50 പന്തിൽ 71 റൺസായിരുന്നു കരുൺ പുറത്താകുമ്പോൾ ഡൽഹിയുടെ ലക്ഷ്യം. ഡൽഹിയുടെ ബാറ്റിങ് നിരയ്ക്കു മുകളിൽ അതിനുശേഷം മുംബൈ ബോളർമാർ പിടിമുറുക്കി. അക്ഷർ പട്ടേലിനെ (9) ജസ്പ്രീത് ബുമ്ര വീഴ്ത്തിയപ്പോൾ കെ.എൽ.രാഹുൽ (15), ട്രിസ്റ്റൻ സ്റ്റബ്സ് (1) എന്നിവരുടെ വിക്കറ്റുകൾ നേടി കാൺ ശർമ മുംബൈയുടെ രക്ഷകനായി. 6 വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിൽനിന്ന ഡൽഹിയാണ് 13 റൺസിനിടെ അവസാന 4 വിക്കറ്റുകളും നഷ്ടപ്പെടുത്തിയത്. 19–ാം ഓവറിലെ നാലാം പന്തിൽ അശുതോഷ് ശർമയുടെ (14 പന്തിൽ 17) പുറത്താകലായിരുന്നു തുടർച്ചയായ 3 റണ്ണൗട്ടുകളിൽ ആദ്യത്തേത്.  

വീണ്ടും തിലക്

തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയുമായി തിളങ്ങിയ തിലക് വർമയായിരുന്നു ആദ്യം ബാറ്റു ചെയ്ത മുംബൈയുടെ ടോപ് സ്കോറർ (33 പന്തിൽ 59). റയാൻ റിക്കൽട്ടൻ (25 പന്തിൽ 41), സൂര്യകുമാർ യാദവ് (28 പന്തിൽ 40), നമാൻ ധിർ (17 പന്തിൽ 38 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങിൽ മികവ് കാട്ടി. 

English Summary:

Delhi Capitals vs Mumbai Indians, IPL 2025 Match - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com