കുട്ടികള്‍ സ്വയം ഉപദ്രവിക്കാറുണ്ടോ? ഈ മുന്നറിയിപ്പ് അവഗണിക്കരുത്

Mail This Article
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ അപായപ്പെടുത്തുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്ന പ്രവണതയെ ആണ് മനശാസ്ത്രജ്ഞര്‍ നോണ്‍ സൂയിസൈഡല്‍ സെല്‍ഫ് ഇഞ്ച്വറി(എന്‍എസ്എസ്‌ഐ) എന്ന് വിളിക്കുന്നത്. അമിതമായ മൊബൈല്‍ ഫോണ്‍ ഗെയിമിങ് ശീലം കുട്ടികളില്‍ എന്‍എസ്എസ്‌ഐ ഉണ്ടാക്കാമെന്ന് മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചിലര്‍ സ്വയം പീഢ നടത്താറുണ്ടെന്ന് സൗരാഷ്ട്ര സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. യോഗേഷ് എ. ജോഗ്‌സണ്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
വൈകാരികമായ വേദന, സമ്മര്‍ദ്ദം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ ആത്മാഭിമാനം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍, മനസ്സിനേറ്റ ആഘാതങ്ങള്‍ എന്നിവയെല്ലാം എന്‍എസ്എസ്‌ഐയുടെ കാരണങ്ങളാകാം. കുട്ടികളില്‍ അമിതമായ മൊബൈല്‍ ഗെയിമിങ് ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനം അഭിപ്രായപ്പെടുന്നു. കണ്ണുകള്‍ക്ക് വേദന, ഉറക്കമില്ലായ്‌മ , അമിതവണ്ണം പോലുള്ള ശാരീരിക പ്രശ്‌നങ്ങളാണ് അമിതമായ ഗെയിമിങ് കുട്ടികള്‍ക്ക് നല്‍കുക. വിഷാദം, ഉത്‌കണ്‌ഠ, ദേഷ്യം പോലുള്ള മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. പഠനത്തിലുള്ള ശ്രദ്ധക്കുറവ്, താത്‌പര്യക്കുറവ്, മറ്റ് കുട്ടികളില്‍ നിന്ന് അകലം പാലിക്കല്‍, ഏകാന്തത പോലുള്ള പ്രശ്‌നങ്ങളും ഗെയിമിങ് കുട്ടികളില്‍ ഉണ്ടാക്കാം.
മോശം ശീലങ്ങള്‍, കളവ്, കുറ്റവാസന, അക്രമവാസന എന്നിവ കുട്ടികളില്‍ വളരാനും ഇത് കാരണമാകാം. ഫാന്റസിയെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന പ്രശ്‌നങ്ങളും ചില കുട്ടികളില്‍ ഇത് മൂലം ഉണ്ടാകാം. പബ്‌ജി, മൈന്‍ക്രാഫ്‌റ്റ്, റോബ്ലോക്‌സ്, ഫ്രീ ഫയര്‍, കോള്‍ ഓഫ് ഡ്യൂട്ടി, ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ എന്നിങ്ങനെ അക്രമത്തെയും യുദ്ധോത്സുകതയെയും കാട്ടുന്ന ഗെയിമുകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തണമെന്നും മനശാസ്‌ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.