പവർബാങ്ക് കൊണ്ടുപോകല്ലെ; ഈ വിമാനത്തിൽ കയറുമ്പോ ഒന്ന് സൂക്ഷിച്ചോ

Mail This Article
വിമാനം അല്ലെങ്കിൽ ട്രെയിൻ യാത്രയിൽ എവിടെക്കാണെങ്കിലും യാത്രക്കാർ കൂടെ കരുതുന്ന ഒന്നാണ് പവർബാങ്ക്. എല്ലാവരും ഇല്ലെങ്കിലും ഭൂരിഭാഗം പേരുടെയും കൈയ്യിലുണ്ടാകും. എന്നാൽ ഇനി മുതൽ എല്ലായിടത്തും ഇത് കൊണ്ടുപോകാൻ പറ്റില്ല. വിമാനത്തിന്റെ അകത്ത് വച്ച് പവർബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ എയർലൈൻസ്. ഈ മാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പവർബാങ്ക് ഉപയോഗിച്ച് സ്മാർട്ട് ഫോൺ, ടാബ്ലറ്റ് തുടങ്ങിയവ ചാർജ് ചെയ്യാൻ പറ്റില്ല എന്നുമാത്രമല്ല വിമാനത്തിലെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് പവർബാങ്ക് ചാർജ് ചെയ്യാനും പറ്റില്ല. എന്നാൽ യാത്രയിൽ പവർബാങ്ക് ഉപയോഗിക്കുന്നില്ലെങ്കിൽ അവ ലഗേജിൽ സൂക്ഷിക്കാം.
മുൻകൂർ അനുമതിയില്ലാതെ യാത്രക്കാർക്ക് 100Wh വരെ ശേഷിയുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്. 100Wh നും 160Wh നും ഇടയിലുള്ള ഉപകരണങ്ങൾക്ക് എയർലൈനിന്റെ അംഗീകാരം ആവശ്യമാണെന്നും എയർലൈൻസ് പറയുന്നു. സിംഗപ്പൂർ എയർലൈൻസ് അവരുടെ X പ്ലാറ്റ്ഫോമിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യത്തെ രാജ്യമൊന്നുമല്ല സിംഗപ്പൂർ. ഇതിന് മുൻപ് മറ്റ് രാജ്യങ്ങളും ലിഥിയം–അയേൺ ബാറ്ററികളുമായി ബന്ധപ്പെട്ട സുരക്ഷ ആശങ്കകളെ തുടർന്ന് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ ദക്ഷിണ കൊറിയൻ വിമാന കമ്പനിയായ എയർ ബുസാൻ ഹാൻഡ് ലഗേജിൽ പവർ ബാങ്ക് കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2025 ജനുവരിയിൽ ഗിംഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ബുസാൻ വിമാനത്തിന് തീ പിടിച്ചതിനെ തുടർന്നാണിത്. തായ് എയർവേയ്സ്, എയർ ഏഷ്യ, ഇവിഎ എയർ, ചൈന എയർലൈൻസ് തുടങ്ങിയവയാണ് പവർബാങ്ക് നിരോധിച്ച മറ്റു കമ്പനികൾ.