സ്വന്തം കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്യുന്നവർ; എഴുത്തുകാർ അവരുടെ കൃതി വിവർത്തനം ചെയ്യുമ്പോൾ

Mail This Article
"ഭാഷകൾ അസൂയാലുക്കളായ പരമാധികാരികളാണ്, കർശനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അതിർത്തികൾ കടക്കാൻ യാത്രക്കാർക്ക് പാസ്‌പോർട്ടുകൾ വളരെ അപൂർവമായി മാത്രമേ അനുവദിക്കൂ"- രവീന്ദ്രനാഥ ടാഗോർ. സ്വന്തം കൃതികൾ സ്വയം വിവർത്തനം ചെയ്തിട്ടും തൃപ്തികരമാവാത്തതിനെക്കുറിച്ച് പറഞ്ഞത്.
ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സ്വന്തം കൃതി മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് സങ്കീർണമായ എഴുത്തു പ്രക്രിയയാണ്. അതിന്റെ വൈകാരികവും സർഗാത്മകവുമായ വെല്ലുവിളികൾ ബൗദ്ധികമായി പരിക്ഷീണമാക്കുന്ന ഒന്നാണെന്നതിലും അതിന്റെ പ്രശ്നങ്ങൾ ഒതുങ്ങുന്നില്ല. സൗന്ദര്യശാസ്ത്രപരമായ വെല്ലുവിളികൾ ഉയർത്തുന്ന ഒരു പ്രക്രിയയുമാണിത്. എഴുത്തുകാര്‍ തങ്ങളെത്തന്നെ വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണ്? അവർ ഒരു കൃതി വിവർത്തനം ചെയ്യുന്നതിനെക്കാൾ മറ്റൊരു ഭാഷയിലേക്ക് തങ്ങളുടെ കൃതി പുന:സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സ്വന്തം കുഞ്ഞിന്റെ ഉടമ താനാണെന്ന മട്ടിലുള്ള ഒരു അധികാര സ്ഥാപനമുണ്ടവിടെ. ആ കുഞ്ഞിനു താനായിത്തന്നെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധവും. ഒരു കൃതിയെ വേറൊരു ഭാഷയിലേക്ക് താൻ തന്നെ വീണ്ടും പ്രസവിക്കും എന്നതിലെ അക്ഷമ, കൃതിയുടെ സ്വാഭാവികജീവിതത്തിന്റെ തടസ്സപ്പെടുത്തലുമാണ്.
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലി വിവർത്തനം മൂലകൃതിയോട് കേവലബന്ധം മാത്രമുള്ള വിവർത്തനത്തിനു മാതൃകയായി നിലകൊള്ളുന്നു. ആ വിവർത്തനമാണ് ലോകമാകെ സ്വീകരിക്കപ്പെട്ടതും നോബൽ സമ്മാനം നേടിയതുമെങ്കിലും ഒരു കൃതിയുടെ രണ്ടു പാഠങ്ങൾ എന്ന് ഈ വിവർത്തനത്തെ പറയാം എന്നാണ് പണ്ഡിതമതം. തന്റെ സ്വതന്ത്രവിവർത്തനത്തെ ടാഗോർ ന്യായീകരിച്ചതിങ്ങനെയാണ് - “എന്റെ സ്വന്തം കൃതികളോടുള്ള എന്റെ അവകാശം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല. അത് സഹജമായിട്ടല്ലെങ്കിൽ, ഞാൻ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, ഞാൻ ഉപയോഗിക്കുന്ന ഓരോ വാക്കിനും ഞാൻ കണക്കു പറയുമായിരുന്നു. എന്റെ കവിതയുടെ അടിസ്ഥാനസത്ത ഇംഗ്ലിഷ് വിവർത്തനത്തിൽ ഉൾപ്പെടുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്, ഇതിനർത്ഥം മൂലകൃതിയിൽ നിന്ന് വിശാലമായ ഒരു വ്യത്യാസമുണ്ട് എന്നാണ്." ഈ ന്യായീകരണം പ്രശ്നസങ്കുലമാണ് എന്നാണ് ഇന്ന് വാദിക്കപ്പെടുന്നത്.

മലയാളത്തില്‍ ഒ.വി.വിജയനും സച്ചിദാനന്ദനും സക്കറിയയും മാധവിക്കുട്ടിയും അയ്യപ്പപ്പണിക്കരും വികെഎന്നും സ്വന്തം കൃതികള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ വിവർത്തനങ്ങളെക്കുറിച്ചെല്ലാം ഇവരെല്ലാം വിശദീകരണങ്ങൾ നടത്തിയിട്ടുമുണ്ട്. (ഇവരെല്ലാവരും കുറച്ചുകാലമെങ്കിലും കേരളത്തിനു പുറത്തു ജീവിച്ചവരാണെന്നതും മലയാളി അല്ലാത്ത ഒരു പാൻ ഇന്ത്യൻ വായനാസമൂഹവുമായി പരിചിതരായിരുന്നു എന്നതും കൗതുകകരമാണ്.)
ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍
മലയാളത്തിൽ നിന്നുള്ള സ്വയം വിവർത്തനങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് ഒ.വി.വിജയന്റെ വിവർത്തനങ്ങളാണ്. വിജയന്റെ ഖസാക്ക് വിവർത്തനത്തെക്കുറിച്ച് “ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍” എന്ന തലക്കെട്ടിൽ എന്‍.എസ്.മാധവന്‍റെ പ്രസിദ്ധമായ ഒരു ലേഖനമുണ്ട്. വിജയന്‍ സാഹിത്യത്തിന്‍റെ നല്ലൊരു ഭാഗമാണ് മൂന്നു നോവലുകളും ഇരുപതു കഥകളും അടങ്ങിയ ഒ.വി.വിജയന്‍റെ തിരഞ്ഞെടുത്ത കൃതികളെന്ന വിവര്‍ത്തനത്തിലൂടെ ഇംഗ്ലിഷിലെത്തിയത്. എല്ലാം പരിഭാഷപ്പെടുത്തിയത് വിജയന്‍ തന്നെ (ഗുരുസാഗരം രമേശ് മേനോനോട് ചേര്‍ന്ന്).

തന്റെ നോവല്‍ അതിന്‍റെ വിവര്‍ത്തനവുമായി പുലബന്ധം മാത്രമേ പുലര്‍ത്തുന്നുള്ളുവെന്ന മിലന്‍ കുന്ദേരയുടെ അഭിപ്രായം പരാമര്‍ശിക്കുന്ന എന്‍.എസ്.മാധവന്‍ സ്വന്തം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ക്കുമേല്‍ പൂര്‍ണ്ണ ആധിപത്യം തനിക്കു തന്നെ വേണമെന്ന വിജയന്‍റെ പിടിവാശി ഒരു ചോദ്യം ഉയര്‍ത്തുന്നു എന്നു പറയുന്നു - വിജയനെ തന്‍റെ തന്നെ ഗ്രിഗറി റബാസ (മാര്‍ക്കേസിന്‍റെ പ്രധാന വിവര്‍ത്തകന്‍) ആവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണ്?
വിജയന്‍ വിജയനെ തന്നെ വിവര്‍ത്തനം ചെയ്യുമ്പോള്‍ എന്‍.എസ്.മാധവന്‍ ഉയര്‍ത്തുന്ന ആദ്യത്തെ സന്ദേഹം ഗ്രന്ഥകാരന് ആഷറിനെയും എ.കെ.രാമാനുജത്തെയും പോലെ ഇന്ത്യയ്ക്കു പുറമേയുള്ള ഇംഗ്ലിഷ് വായനക്കാരെയും അവരുടെ സംസ്ക്കാരങ്ങളുമായും പരിചയമുണ്ടോ എന്നതും അതേ സമയം സ്വന്തം സംസ്ക്കാരത്തിലും ഭാഷയിലും അഗാധമായ വേരുകളുണ്ടോ എന്നതുമാണ്. വിജയന്‍റെ വിവര്‍ത്തകക്കുറിപ്പില്‍ വിവര്‍ത്തനത്തില്‍ നഷ്ടപ്പെട്ടു പോയതിനെക്കുറിച്ചു പറയുന്നുണ്ട് - ഇടതൂര്‍ന്ന പ്രകൃതി, നാട്ടുനടപ്പുകള്‍, ജാതിവ്യത്യാസങ്ങളുടെ സൂചകങ്ങള്‍, ഗ്രാമ്യഭാഷകളുടെ ശൈലീസമൃദ്ധി - ഇവയെല്ലാം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്താന്‍ പ്രയാസമായിരുന്നു. വിജയന്‍ വിജയനെ തര്‍ജ്ജമ ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഏറെയാണ് പ്രതീക്ഷിച്ചതെന്നും എന്‍.എസ്.മാധവന്‍ പറയുന്നുണ്ട്. വിജയന്‍ മൂലകൃതിയിലെ കച്ചയെ ദോത്തിയാക്കി മാറ്റിയതും സര്‍വ്വത്തിനെ ഷെര്‍ബത്ത് ആക്കിയതുമെല്ലാം വിമര്‍ശിക്കുന്ന അദ്ദേഹം വിജയന്‍ അറിഞ്ഞു കൊണ്ടു തന്നെ തന്‍റെ പരിഭാഷിത കൃതികളുടെ വായനക്കാരായി കേവലം ഇംഗ്ലിഷ് അറിയാവുന്ന ഇന്ത്യക്കാരെ മാത്രമാണോ മുമ്പില്‍ കണ്ടത് എന്നു ചോദിക്കുന്നു. പുറത്തു നിന്നുള്ള വിവര്‍ത്തകരെപ്പോലെ എഴുത്തുകാര്‍ വിവര്‍ത്തകരാകുമ്പോള്‍ മൂലകൃതി അവര്‍ക്ക് വിശുദ്ധ പശുവൊന്നുമല്ല. ഖസാക്കിന്‍റെ തര്‍ജ്ജമ മൗലികസൃഷ്ടിയാണ്, ഭൂതകാലമുള്ള ഒരു ഒറിജിനല്‍. വിജയന്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ സ്വയം ചെയ്ത ഇംഗ്ലിഷ് വിവര്‍ത്തനത്തില്‍ അടിസ്ഥാനഘടന തന്നെ മാറ്റുകയും സ്ത്രീ ലൈംഗികതയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പല വാക്കുകളും വിട്ടുകളഞ്ഞിട്ടുമുണ്ട്. എന്നാല്‍ ധര്‍മ്മപുരാണം സാങ്കല്പിക കാലത്തു നടക്കുന്ന കഥയായതിനാലാകാം നേര്‍വിവര്‍ത്തനം തന്നെയാണ്.

എൻ.എസ്.മാധവന്റെ വിമർശനം വിജയന്റെ കുറ്റങ്ങൾ കണ്ടപിടിക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ അക്കാദമികമായ ഒരു പഠനം നടത്തിയത് പ്രഫ. പി.പി.രവീന്ദ്രനാണ്. 1969ലാണ് ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്നത്. വിജയൻ അതിന്റെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത് 1994ലും. ഇക്കാലത്തിനിടയിൽ ഗുരുസാഗരവും പ്രവാചകന്റെ വഴിയും ഒക്കെ എഴുതിയ വിജയന്റെ നോവൽ കൂടുതൽ മെറ്റാഫിസിക്കൽ ആയ ഒരു മാർഗത്തിലേക്ക് ചലിച്ചു കഴിഞ്ഞിരുന്നു. ആ വ്യത്യാസം വിജയന്റെ വിവർത്തനത്തിൽ കാണാം എന്നാണ് “Mapping the Khasak Landscape: An Essay on Translation” എന്ന പ്രബന്ധത്തിൽ പ്രഫ. രവീന്ദ്രൻ വാദിക്കുന്നത്. ഖസാക്കിനും ആത്മീയതയുടെ ഒരു തലം ഉണ്ടായിരുന്നുവെങ്കിലും സംഭാഷണങ്ങളിലൂടെ ഘടനപ്പെടുത്തിയ ഖസാക്കിന്റെ ഇതിഹാസത്തിൽ അതിനെ മറികടക്കുന്ന ഒരു വായന സാധ്യമായിരുന്നു എന്നും വിജയൻ തന്റെ ഇംഗ്ലിഷ് വിവർത്തനത്തിൽ ആ സാധ്യത അടച്ചുകളഞ്ഞ് കൂടുതൽ മെറ്റാഫിസിക്കൽ ആയ ഒരു പാഠം നിർമിച്ചു എന്നുമാണ് പ്രഫ. രവീന്ദ്രൻ പറയുന്നത്.
ഇത്തരം മാറ്റം വരുത്താൻ എഴുത്തുകാർക്ക് അവകാശമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ചും ഗ്രന്ഥകർത്താവിന്റെ മരണം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ ഒരു ലോകത്ത്.
ട്രാന്‍സ്ലേറ്റിങ് മൈസെല്‍ഫ് ആന്‍റ് അദേഴ്സ് - ജുംപ ലാഹിരി
ഇക്കാലത്ത് ഈ പ്രശ്നം വീണ്ടും ഗൗരവമായി ഉന്നയിച്ചത് എഴുത്തുകാരി ജുംപ ലാഹിരിയാണ്. ഇംഗ്ലിഷിലും ഇറ്റാലിയനിലും എഴുതുന്ന ലാഹിരി അറിയപ്പെടുന്ന വിവര്‍ത്തക കൂടിയാണ്. പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരനായ ഡോമിനിക്കോ സ്റ്റാര്‍നോണിന്‍റെ മൂന്ന് ഇറ്റാലിയന്‍ നോവലുകള്‍ അവര്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. “ട്രാന്‍സ്ലേറ്റിങ് മൈസെല്‍ഫ് ആന്‍റ് അദേഴ്സ്” എന്ന പുസ്തകത്തില്‍ അവര്‍ സ്വന്തം കൃതികള്‍ വിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ കുറിച്ചും അതിന്‍റെ ഗുണദോഷങ്ങളെ കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. ബംഗാളി വേരുകളുള്ള ലാഹിരി രണ്ടായി പിരിഞ്ഞ ഒരു ഭാഷാലോകത്തില്‍ ജനിച്ചവളാണ് താന്‍ എന്നാണ് പറയുന്നത്. തന്‍റെ തലയ്ക്കുള്ളില്‍ ബംഗാളി സംസാരിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് ഇംഗ്ലിഷില്‍ കഥകളെഴുതുന്നതും അവരെ വ്യാജമായും എന്നാല്‍ അത്യാവശ്യമുള്ളതുകൊണ്ടും ഇംഗ്ലിഷ് പറയുന്നവരായി മാറ്റുന്നതും ഓര്‍ത്തുകൊണ്ട് നാടകീയമായി ഐ ട്രാന്‍സ്ലേറ്റ് ദേര്‍ഫോര്‍ ഐ ആം എന്നവര്‍ പറയുന്നു.
വിവര്‍ത്തനം എഴുത്തിനോടുള്ള തന്‍റെ ബന്ധത്തെ മാറ്റി എന്നാണ് ജുംപ ലാഹിരി പറയുന്നത്. പുതിയ വാക്കുകളുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും പുതിയ രീതികളും രൂപങ്ങളുമായി എങ്ങനെ പരീക്ഷണം നടത്തണമെന്നും വിവര്‍ത്തനം പഠിപ്പിക്കുന്നു. എഴുത്ത് ഇതെല്ലാം തുറന്നു വെക്കുമെങ്കിലും വിവര്‍ത്തനം തൊലിക്കടിയിലേക്ക് പോകുകയും എഴുത്തെന്ന വ്യവസ്ഥയെ ഞെട്ടിക്കുകയും ചെയ്യുന്നു.

ലാഹിരി ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ ഡവ് മി ട്രാവോ എന്ന നോവൽ ഇംഗ്ലിഷിലേക്ക് വേറെബൊട്ട്സ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്യേണ്ടി വന്നപ്പോഴാണ് ആരു വിവര്‍ത്തനം ചെയ്യുമെന്ന പ്രശ്നം വരുന്നത്. ഇറ്റാലിയനും ഇംഗ്ലിഷും അറിയുന്ന എഴുത്തുകാരിക്കു തന്നെ വേണമെങ്കില്‍ അത് വിവര്‍ത്തനം ചെയ്യാവുന്നതേയുള്ളൂ. അതേോ അത് മറ്റു വല്ലവരേയും ഏല്‍പ്പിക്കേണ്ടതുണ്ടോ?
ഈ ധര്‍മ്മസങ്കടമാണ് ചില നിരീക്ഷണങ്ങളിലേക്ക് ലാഹിരിയെ എത്തിക്കുന്നത് - വിവര്‍ത്തനമെന്ന ചുമതല അവയവങ്ങള്‍ മാറ്റി വെക്കുന്ന സര്‍ജ്ജന്‍റെ ജോലി പോലെ ഗൗരവമുള്ളതും സൂക്ഷ്മമായി ചെയ്യേണ്ടതുമാണ്. ആ ശസ്ത്രക്രിയ ആരു ചെയ്യും? ആരു ചെയ്യുന്നതാണ് നല്ലത്? സ്വന്തം കൃതികള്‍ സ്വന്തമായി തന്നെ വിവര്‍ത്തനം ചെയ്യുന്ന എഴുത്തുകാര്‍ എവിടെ വെച്ചാണ് വിവര്‍ത്തനം നിര്‍ത്തിവെച്ച് പുനരെഴുത്തിലേക്ക് തിരിയുന്നത്? സ്വയം ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ ബെക്കറ്റ് കൃതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റഷ്യന്‍ കവിതകള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ ബ്രോഡ്സ്ക്കിയും കാര്യമായ സ്വാതന്ത്ര്യമെടുത്തിട്ടുണ്ട്. എന്നാല്‍ ജുവാന്‍ റൊഡോള്‍ഫോ വില്‍ക്കോക്ക് എന്ന എഴുത്തുകാരനാകട്ടെ തന്‍റെ സ്പാനിഷു കൃതികള്‍ ഇംഗ്ലിഷിലേക്കു സ്വയം വിവര്‍ത്തനം ചെയ്തപ്പോള്‍ ഗണ്യമായ വിശ്വസ്തത പുലര്‍ത്തി. ഇംഗ്ലിഷും സ്പാനിഷും ഒരു പോലെ അറിയാമായിരുന്ന ബോര്‍ഹെസ് നിരവധി കൃതികള്‍ സ്പാനിഷിലേക്കു് വിവര്‍ത്തനം ചെയ്തെങ്കിലും തന്‍റെ കൃതികളുടെ ഇംഗ്ലിഷ് വിവര്‍ത്തനം മറ്റുള്ളവരെ ഏല്‍പ്പിച്ചു. ഒടുക്കം സ്വന്തം നോവലിനു മേലുള്ള ശസ്ത്രക്രിയ ജുംപാ ലാഹിരി തന്നെ ഏറ്റെടുത്തു.

സ്വയം വിവര്‍ത്തനം എന്ന കാര്യമില്ലെന്നാണ് പലരും ശഠിക്കുന്നതെന്ന് ജുംപ ലാഹിരി പറയുന്നു. അത് അനിവാര്യമായും പുനരെഴുത്തും എഡിറ്റിംഗും സ്വയം തിരുത്തലുമായി മാറുമത്രേ. എന്നാല്‍ ജുംപാ ലാഹിരി തിരഞ്ഞെടുത്ത വഴി തന്‍റെ കൃതിയെ കൂടുതല്‍ മികച്ചതും പക്വതയുള്ളതുമായ ഒന്നാക്കി ഇംഗ്ലിഷില്‍ അവതരിപ്പിക്കുകയല്ല. മറിച്ച് മൂലരൂപത്തില്‍ വിഭാവനം ചെയ്ത കൃതിയെ ബഹുമാനിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അതേ സമയം മൂലകൃതിയിലുള്ള അനുയോജ്യമല്ലാത്ത ചിലതിനെ തിരുത്തുകയും വേണം.
സ്വയം വിവര്‍ത്തനത്തിന്‍റെ പ്രശ്നങ്ങള്‍ ഓരോന്നോരോന്നായി ജുംപാ ലാഹിരി അക്കമിട്ടെഴുതുന്നുണ്ട്.
1. സ്വയം വിവര്‍ത്തനത്തെക്കുറിച്ചുള്ള ഏറ്റവും പരിഭ്രമമുണര്‍ത്തുന്ന കാര്യം അത് ആ കൃതിയുടെ സമ്പൂര്‍ണ്ണ നാശമെന്ന ഭീഷണിയുയര്‍ത്തുന്നു എന്നതാണ്. പുസ്തകം പുസ്തകത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. വിവര്‍ത്തനത്തില്‍ നടക്കുന്നത്ര സൂക്ഷ്മമായ പരിശോധനയ്ക്കു മുമ്പില്‍ ഒരു പുസ്തകത്തിനു പിടിച്ചു നില്‍ക്കാനാവില്ല.
2. ദുര്‍ബലഹൃദയമുള്ളവര്‍ക്കുള്ളതല്ല സ്വയം വിവര്‍ത്തനം. താളിലെ ഓരോ വാക്കിന്‍റെയും ആധികാരികതയെ സംശയിക്കാന്‍ അതു നിങ്ങളെ നിര്‍ബന്ധിക്കും. പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ, പുസ്തകക്കടകളില്‍ വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകത്തെ ആഴത്തിലുള്ള അരക്ഷിതാവസ്ഥയിലേക്ക് സ്വയം വിവര്‍ത്തനം തള്ളിവിടും. തുടക്കം മുതലേ തുലയാന്‍ വിധിക്കപ്പെട്ട പരീക്ഷണങ്ങളാണവ, വിക്ടര്‍ ഫ്രാങ്കസ്റ്റൈനിന്‍റേതു പോലെ.
3. ഒരേ സമയം മുമ്പോട്ടും പിന്നോട്ടും പോകുന്ന വൈരുദ്ധ്യമുള്ള പ്രക്രിയയാണ് സ്വയം വിവര്‍ത്തനം. മുമ്പോട്ടു പോകാനുള്ള ത്വരയ്ക്കും പുറകോട്ടു വലിക്കുന്ന വിചിത്രമായ ഗുരുത്വാകര്‍ഷണബലത്താലും നിങ്ങള്‍ വലയും.
4. സ്വയം വിവര്‍ത്തനം നിങ്ങളെഴുതിയ പുസ്തകവുമായുള്ള ബന്ധത്തെ ദീര്‍ഘിപ്പിക്കുന്നു. സ്വയം വിവര്‍ത്തനം രണ്ടാമതൊരു അവസരം കൊടുക്കുന്നത് മൂലകൃതിക്കാണ്. അത് പുതുക്കപ്പെടുകയും പുനര്‍ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.
5. സ്വയം വിവര്‍ത്തനത്തിലൂടെയുണ്ടായ കൃതിയും മൂലകൃതിയും യാതൊരു സാദ്യശ്യമില്ലെങ്കില്‍ പോലും സയാമീസ് ഇരട്ടകളാണ്. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം രണ്ടുപേര്‍ക്കും ഒന്നു തന്നെയാണ്. ഒന്നു മറ്റൊന്നിനെ പോഷിപ്പിക്കുകയും മറ്റൊന്നിനാല്‍ പോഷിപ്പിക്കുക്കപ്പെടുകയും ചെയ്യുന്നു. സ്വയം വിവര്‍ത്തനം നടക്കുമ്പോള്‍ എഴുത്തുകാരി നിശ്ശബ്ദയായ കാണി മാത്രമായി മാറുന്നുണ്ട്.
പലതരം വിവര്‍ത്തകരുള്ളതില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുന്നത് സോഴ്സ് ലാഗ്വേജും ടാര്‍ഗറ്റ് ലാംഗ്വേജും അറിയുന്ന വിവര്‍ത്തകരാണ്. ഭാഷാമാറ്റത്തില്‍ ചോര്‍ന്നു പോകുന്നത് ഇത്തരം വിവര്‍ത്തകരുടെ കാര്യത്തില്‍ കുറയുമെന്നാണ് വിശ്വാസം. അങ്ങനെയെങ്കില്‍ സ്വയം വിവര്‍ത്തനത്തില്‍ രണ്ടു ഭാഷയും ലക്ഷ്യഭാഷയുടെ സംസ്കാരവും എഴുത്തുകാരന് ഒരു പോലെ അറിയില്ലെങ്കില്‍ മറ്റൊരാള്‍ ആ പുസ്തകം വിവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ എന്തു മെച്ചമാണുണ്ടാവുക എന്ന തരത്തിലും ചര്‍ച്ചകളുണ്ടായിട്ടുണ്ട്.