ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യവും അസാന്നിധ്യവും; വിവര്‍ത്തകരുടെ വരവും പോക്കും

Mail This Article
കുമാരനാശാന്‍റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്‍ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു എന്നതിനെക്കാളും എന്റെ കൗതുകമുണർത്തിയത് 1941ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പുറംചട്ടയിലെയും തലക്കെട്ടു പേജിലെയും ഒരു കാര്യമാണ്. തലക്കെട്ടുപേജിൽ മൂന്നു പേരുടെ പങ്ക് വിശദമായി കൊടുത്തിരിക്കുന്നു.
- വിവര്‍ത്തകന്‍ – പ്രഫസര്‍ എന്‍. ഗോപാലപ്പിള്ള
- മുഖവുര – സര്‍ സി.പി. രാമസ്വാമി അയ്യര്‍
- ആമുഖം – മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍

പുസ്തകത്തിന്‍റെ പുറംചട്ടയിലും തലക്കെട്ടുപേജിലും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന പേര് മൂലകൃതിയെഴുതിയ എന്‍. കുമാരാനാശാന്‍റേതാണ്. ഇത് വിവര്‍ത്തനമാണെന്നും ശ്ലോകമൊപ്പിച്ചുള്ള വിവര്‍ത്തനമാണെന്നും അവതാരികയിലും ആമുഖത്തിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും വിവര്‍ത്തനത്തില്‍ മൂലഗ്രന്ഥകര്‍ത്താവിന്‍റെ പേരു മാത്രമില്ല!
ആദിയിൽ വിവർത്തകരാണുണ്ടായത്!
മലയാളഭാഷയുടെ തുടക്കകാലത്തുണ്ടായ കൃതികളെല്ലാം വിവര്‍ത്തനങ്ങളാണ് - വാല്മീകി രാമായണം യുദ്ധകാണ്ഡത്തിന്‍റെ സ്വതന്ത്രവിവര്‍ത്തനമാണ് 'രാമചരിതം'. 'രാമകഥാപ്പാട്ടും' 'നിരണം കൃതികളു'മെല്ലാം ക്ലാസിക് കൃതികളെ അധികരിച്ചുണ്ടായ കൃതികളാണ്. അവയെല്ലാം സ്വതന്ത്രകൃതികള്‍ ആയിത്തന്നെ കണക്കാക്കപ്പെട്ടു. ചീരാമകവിയും കണ്ണശ്ശന്മാരും ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും എഴുത്തച്ഛനുമെല്ലാം തന്നെ വിവര്‍ത്തകരായല്ല, എഴുത്തുകാരായി തന്നെയാണ് വിലമതിക്കപ്പെട്ടത്.

രാമായണം നിരവധി തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ട് എണ്ണമറ്റ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും കുറയ്ക്കലുകള്‍ക്കും വിധേയമായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍ എന്ന് നാം കരുതുന്ന കവിയിൽ എത്തിച്ചേര്‍ന്നപ്പോള്‍ ഒരു മൂലഗ്രന്ഥകര്‍ത്താവിനെയും നിയതമായി ആരോപിക്കാന്‍ കഴിയാത്ത ഒരു കൃതിയായി പരിണമിച്ചിരുന്നു. മലയാളനാട്ടിൽ പുതുതായി വ്യവസ്ഥാപിതമായ ഭാഷയില്‍ അദ്ധ്യാത്മരാമായണപാഠത്തിന്‍റെ പുനരാഖ്യാനം വിവര്‍ത്തനമല്ല, സ്വതന്ത്രകൃതിയാണ്, അതിനു മുമ്പുള്ള എല്ലാ രാമായണ ഭാഷ്യങ്ങളെയും പോലെ.
1858ല്‍ കേരളവിലാസം അച്ചുകൂടത്തില്‍ എഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണം' ആദ്യമായി അച്ചടിക്കുമ്പോഴേക്കും അദ്ധ്യാത്മരാമായണത്തിന്‍റെ കര്‍ത്താവ് തുഞ്ചത്തെഴുച്ഛനാണെന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട (കൗടില്യന്‍റെ) 'ഭാഷാ കൗടലീയ'വും മൂലകൃതിയായി തന്നെയാണ് മലയാളത്തില്‍ പരിഗണിക്കപ്പെട്ടത്.
ഇത് നൂറ്റാണ്ടുകൾക്കു മുമ്പ് മാത്രം നടന്നിരുന്ന ഒരു കാര്യമല്ല. കുമാരനാശാന്‍ എഡ്വിന്‍ ആര്‍നോള്‍ഡിന്‍റെ 'ദ് ലൈറ്റ് ഓഫ് ഏഷ്യ', 'ബുദ്ധചരിതം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തപ്പോഴോ ചങ്ങമ്പുഴ 1945ല്‍ ജയദേവകവിയുടെ 'ഗീത ഗോവിന്ദം', 'ദേവ ഗീത' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തപ്പോഴോ 1947ല്‍ ഒമര്‍ ഖയ്യാമിന്‍റെ 'റുബായിയാത്ത്', 'മദിരോത്സവം' എന്നപേരിലും പഴയനിയമത്തിലെ 'ഉത്തമഗീതം' 'ദിവ്യഗീത' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തപ്പോഴും ഗ്രന്ഥകര്‍ത്താവ് പൂമുഖത്തുണ്ടായിരുന്നില്ല. അവയെല്ലാം കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കൃതികളായിത്തന്നെയാണ് നാം സ്വീകരിച്ചത്.

കലൂർ ഉമ്മൻ 'പിലീപ്പോസിന്റെ ആൾമാറാട്ടം' (1866) 'കോമഡി ഓഫ് എറേഴ്സി'നെ അധികരിച്ചുള്ള കൃതിയായിരുന്നു. 'സരസ്വതി' എന്ന പേരിൽ 'ലെ മിസ്രാബ്ളെ'യുടെ സ്വതന്ത്രമലയാള പരിഭാഷ 1919 മുതൽ 1922 വരെ മലയാള മനോരമ പത്രത്തിൽ പത്രാധിപർ കെ.സി. മാമ്മൻമാപ്പിള പ്രസിദ്ധീകരിച്ചപ്പോഴും വിവർത്തകന്റെ സ്വാതന്ത്ര്യത്തിനായിരുന്നു മുൻതൂക്കം.
ഗ്രന്ഥകർത്താവിന്റെ വരവ്
ഇരുപതാം നൂറ്റാണ്ടിൽ വ്യവസ്ഥാപിതമായ പാശ്ചാത്യസാഹിത്യവിവർത്തനങ്ങൾ വരുന്നതോടെയാണ് എഴുത്തുകാർ മേധാവിത്വം സ്ഥാപിക്കുന്നത്. 1925ൽ നാലാപ്പാടന്റെ 'പാവങ്ങൾ' വിവർത്തനം വരുമ്പോൾ വിക്തോർ യൂഗോവിന്റെ കൃതി എന്നതിനു പുറംചട്ടയിൽ സ്ഥാനം കിട്ടുന്നു. ടാഗോറിന്‍റെ 'ഗീതാഞ്ജലി' ജി. ശങ്കരക്കുറുപ്പ് വിവര്‍ത്തനം ചെയ്യുമ്പോള്‍ ശങ്കരക്കുറുപ്പ് വിവര്‍ത്തകനും ടാഗോര്‍ ഗ്രന്ഥകാരനുമായി.

ഇക്കാലത്ത് ആധുനിക പ്രസാധന സംവിധാനം കേരളത്തില്‍ വരികയും മംഗളോദയവും മനോരമയും മാതൃഭൂമിയും സാഹിത്യപ്രവർത്തക സഹകരണസംഘവും ബാലന്‍ പബ്ലിഷേഴ്സുമെല്ലാം പ്രവര്‍ത്തനം തുടങ്ങുകയും വന്‍തോതില്‍ വിവര്‍ത്തനങ്ങള്‍ ഇറങ്ങുകയും ചെയ്തു. ഇതിലെല്ലാം വിവര്‍ത്തകരുടെ പേര് പ്രാധാന്യത്തോടെ നല്‍കിയെങ്കിലും അതു പുറഞ്ചട്ടയില്‍ നിന്നും ഉള്ളിലേക്കും ചെറിയ അക്ഷരങ്ങളിലേക്കും നീങ്ങി.
പില്‍ക്കാലത്ത് വിവര്‍ത്തനം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി. എം.എന്‍. സത്യാര്‍ത്ഥിയെ പോലുള്ള വിവര്‍ത്തകര്‍ കൃതികളുടെ മൂലഭാഷ പഠിക്കുകയും നേരിട്ട് അതില്‍ നിന്നു വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ബംഗാളി കൃതികളും ഹിന്ദി കൃതികളുമെല്ലാം ദേശീയതയുടെ ഭാഗമായി മലയാളത്തിലേക്കു വന്നവയാണ്. കൃതികളുടെ എഴുത്തുകാരും പ്രമേയവും പ്രധാനമായതോടെ മുഖവുരയോ അവതാരികയോ ഒന്നുമില്ലാതെ വിവര്‍ത്തനങ്ങള്‍ മൂലകൃതികളാണെന്നതു പോലെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു.

പുറത്താകുന്ന വിവർത്തകർ
വാണിജ്യാടിസ്ഥാനത്തില്‍ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് വിവര്‍ത്തകരുടെ ശോഭ മങ്ങുന്നത്. പല ഭാഷകളില്‍ നിന്നും ഉന്നതനിലവാരമുള്ള നോവലുകള്‍ മാത്രമല്ല, ശരാശരി നിലവാരത്തിലും അതിനു താഴെയോ നില്‍ക്കുന്ന കൃതികളും വിവര്‍ത്തനം ചെയ്യപ്പെട്ടു വന്നതോടെ വിവര്‍ത്തകരുടെ പ്രാധാന്യവും ഗുണമേന്മയും കുറയാന്‍ തുടങ്ങി. വിപണി എന്ന ഘടകമാണു യഥാര്‍ത്ഥത്തില്‍ വിവര്‍ത്തകന്‍റെ സ്ഥാനം അപഹരിച്ചതെന്നു തന്നെ പറയാം. ഏതു ഭാഷയില്‍ നിന്നാണ് വിവര്‍ത്തനമെന്നോ എന്താണ് യഥാര്‍ത്ഥ തലക്കെട്ടെന്നോ പരാമര്‍ശിക്കാതെ കെട്ടുകണക്കിനു വിവര്‍ത്തനങ്ങള്‍ ഇറങ്ങിത്തുടങ്ങി.
1950കൾ മുതൽ 1980കൾ വരെ സോവിയറ്റ് പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ മറ്റു മൂന്നാംലോക വിപണികളിലേക്കെന്ന പോലെ കേരളത്തിലുമെത്തി. ഇതിലെ മിക്ക പുസ്തകങ്ങളുടെയും വിവര്‍ത്തകരായ ഗോപാലകൃഷ്ണന്‍റെയും ഓമനയുടെയും പേര് പല പുസ്തകങ്ങളിലും കാണില്ല. ചിലപ്പോള്‍ ഉള്‍പ്പേജില്‍ തീരെച്ചെറിയ അക്ഷരങ്ങളില്‍ ഇംഗ്ലിഷില്‍ കൊടുത്തലായി. മൂലധനത്തിന്‍റെ വിവര്‍ത്തനത്തിനാണ് പ്രാധാന്യം, വിവര്‍ത്തകനല്ല. പില്‍ക്കാലത്ത് തങ്ങളാണ് ഇന്നയിന്ന പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തതെന്ന് പല വിവര്‍ത്തകര്‍ക്കും സ്ഥാപിച്ചെടുക്കേണ്ടി വന്നു. വിവർത്തനം രാഷ്ട്രീയപ്രവർത്തനമാണ്, അതാരു ചെയ്തു എന്നത് പ്രസക്തമല്ല എന്ന വാദവും വിവർത്തനം കൂലിയെഴുത്താണ്, പേര് കൊടുക്കേണ്ടതില്ല എന്ന വാദവുമൊക്കെ ഈ സർഗാത്മകപ്രവൃത്തിയുടെ മൂല്യം ഇല്ലാതാക്കി.
പദാനുപദ തര്‍ജ്ജമയും സ്വതന്ത്രാഖ്യാനവും സംക്ഷിപ്ത വിവര്‍ത്തനവും പരിമിത വിവര്‍ത്തനവുമെല്ലാം മലയാളത്തില്‍ കാലാകാലങ്ങളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിവര്‍ത്തനങ്ങള്‍ ഓരോ ഭാഷയിലുമുള്ള പുനരെഴുത്തുകളാണെന്ന വാദം പണ്ടേ നിലവിലുണ്ട്. മൂലകൃതിയും വിവര്‍ത്തനവും തമ്മിലുള്ള ബന്ധവും പലപ്പോഴും വിപണിയും മറ്റ് ബാഹ്യഘടകങ്ങളും സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം നിര്‍ണ്ണയിച്ചിട്ടുണ്ട്. അതിനനുസരിച്ച് വിവര്‍ത്തകരുടെ പ്രാധാന്യവും ഇടവും മാറിമറിഞ്ഞിട്ടുണ്ട്.
1960ല്‍ ആധുനികതാപ്രസ്ഥാനം തുടങ്ങിയതോടെ റഷ്യന്‍, ഫ്രഞ്ച് എഴുത്തുകാരുടെയും കൃതികള്‍ കൂടി ഇംഗ്ലിഷ് സാഹിത്യത്തോടൊപ്പം വിവര്‍ത്തനം ചെയ്യപ്പെട്ടു. ബല്‍സാക്ക്, മോപ്പസാങ്, സോള, ടോള്‍സ്റ്റോയി, വിക്തര്‍ യൂഗോ, ഗോര്‍ക്കി, ദസ്തയേവ്സ്ക്കി, തര്‍ജനെവ്, ഗോഗോള്‍ തുടങ്ങിയവരും ചെക്കോവും വോള്‍ട്ടയറും ഫ്ലോബേറും ഡ്യൂമാസും ഇബ്സണുമെല്ലാം മലയാളത്തിലെത്തി. തുടര്‍ന്ന് ലൂ ഷുണ്‍, സ്റ്റെയിന്‍ബെക്ക് തുടങ്ങിയ യൂറോപ്പുകാരല്ലാത്ത എഴുത്തുകാരും. ജോര്‍ജ് ഓര്‍വെല്ലിന്‍റെ 'ആനിമല്‍ ഫാമും' പാസ്റ്റര്‍നാക്കിന്‍റെ 'ഡോക്ടര്‍ ഷിവാഗോ'യുമെല്ലാം അതതു കാലത്തെ രാഷ്ട്രീയത്തിലെയും ചിന്താധാരകളിലെയും മാറ്റങ്ങള്‍ക്കനുസരിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇക്കാലമാകുമ്പോഴേക്കും വിവര്‍ത്തകര്‍ക്കു ഗുണമേന്മയുണ്ടെങ്കില്‍ പോലും സാഹിത്യത്തിന്‍റെ മുഖ്യധാരയില്‍ സ്ഥാനമില്ലാതെയായി.

മലയാളത്തിലെ റിയലിസ്റ്റ് ധാരയെയും പുരോഗമനധാരയെയും ആധുനികതയെയും അതിനുശേഷം വന്ന ചുവപ്പന്‍ ആധുനികതയെയുമെല്ലാം, വിവര്‍ത്തനം ചെയ്യപ്പെട്ടു വന്ന ബംഗാളി കൃതികളും ഹിന്ദി കൃതികളും യൂറോപ്യന്‍ കൃതികളും 1980 കളില്‍ വന്ന ലാറ്റിന്‍ അമേരിക്കന്‍ കൃതികളുമെല്ലാം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ വിവര്‍ത്തനങ്ങളുടെ പ്രാധാന്യം പരോക്ഷമായെങ്കിലും അംഗീകരിക്കപ്പെട്ടപ്പോള്‍ തന്നെ വിവര്‍ത്തനം രണ്ടാം കിട സര്‍ഗ്ഗാത്മക/സാഹിത്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ നാലപ്പാട്ടിന്‍റെ പാവങ്ങളുടെ വിവര്‍ത്തനം മലയാളകൃതിയായി തന്നെയാണ് പരിഗണിക്കപ്പെട്ടത്, അതു പോലെ താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യനികേതനം' നോവലുകളുടെ ഉദാത്ത മാതൃകയായി പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ നാലപ്പാട്ട് ആഘോഷിക്കപ്പെട്ടതു പോലെ രണ്ടാം പകുതിയില്‍ ആരോഗ്യനികേതനത്തിന്‍റെ വിവര്‍ത്തക ശ്രദ്ധിക്കപ്പെട്ടില്ല.
ഇക്കാലത്തും മികച്ച എഴുത്തുകാര്‍ നടത്തിയ വിവര്‍ത്തനങ്ങളില്‍ മൂലകൃതികളുടെ എഴുത്തുകാര്‍ക്കൊപ്പം വിവര്‍ത്തകരും തലയുയര്‍ത്തി നിന്നു. 1970കള്‍ മുതല്‍ നെരൂദയും ഒക്ടോവിയോ പാസും ഇലിയറ്റും ബ്രെഹ്ത്തുമെല്ലാം കെ. സച്ചിദാനന്ദന്‍റെയും ചുള്ളിക്കാടിന്‍റെയും അയ്യപ്പപ്പണിക്കരുടെയുമെല്ലാം പ്രതിഭയുടെ വെളിച്ചത്തിലും കൂടി ജ്വലിച്ച വിവര്‍ത്തനങ്ങളിലൂടെയാണ് മലയാളത്തിലേക്കു വന്നത്.

വിവർത്തകർ വീണ്ടും വരുന്നു
ഇന്ന് വിവര്‍ത്തനം വീണ്ടും സജീവമായ സാഹിത്യപ്രവര്‍ത്തനമായി സ്വന്തം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള മനുഷ്യജീവിതം ഒന്നായിക്കഴിഞ്ഞ ഇന്ന് കഴിഞ്ഞ കോളത്തില്‍ ഞാന്‍ എഴുതിയതു പോലെ പല ഭാഷകളില്‍ എഴുതുന്ന ലോകസാഹിത്യവും ഒന്നാണ്. വീണ്ടും വിവര്‍ത്തകന്‍റെ/വിവര്‍ത്തകയുടെ പേര് തുല്യപ്രാധാന്യത്തോടെ പുറഞ്ചട്ടയിലേക്കും തിരിച്ചു വന്നിരിക്കുന്നു. പുസ്തകത്തിന്‍റെ വിവര്‍ത്തനത്തിന് എഴുത്തുകാരനും വിവര്‍ത്തകനും തുല്യപ്രതിഫലം എന്നതാണ് ഇംഗ്ലിഷിലേക്കുള്ള വിവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ രീതി.
എന്നാല്‍ വിവര്‍ത്തനം വിപുലമായതും ലോകം ഒന്നായതും പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള യന്ത്രവിവര്‍ത്തനം സാമാന്യം വികസിതവുമാണ്, എളുപ്പവുമാണ്. പക്ഷേ സാഹിത്യത്തിന്‍റെ സര്‍ഗ്ഗാത്മകത യന്ത്രത്തിനു മനസ്സിലാകാത്ത ഒന്നായി തുടരുന്നിടത്തോളം കാലം വിവര്‍ത്തകന്‍/വിവര്‍ത്തക ലോകസാഹിത്യത്തിനു സംഭാവന ചെയ്തു കൊണ്ടേയിരിക്കും.