ദുഃഖഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? അതിനു പിന്നിലെ ശാസ്ത്രം ഇതാണ്

Mail This Article
മാനസികാരോഗ്യത്തിൽ സംഗീതം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സംഗീതം നമ്മുടെ വികാരങ്ങളോട് പലപ്പോഴും ചേർന്നു നിൽക്കുന്നു. ചില പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറയും. ഓര്‍മകളെ മടക്കി കൊണ്ടുവരാൻ പാട്ടുകൾക്കാവും. ചില ആളുകൾ എപ്പോഴും ദുഃഖഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഒരു ശാസ്ത്രീയ വിശദീകരണമുണ്ട്. സങ്കടപ്പെട്ടിരിക്കുമ്പോൾ മാത്രമല്ല നല്ല മൂഡിലായിരിക്കുമ്പോഴും ദുഃഖഗാനങ്ങൾ കേൾക്കുന്നത് സങ്കടകരമായ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും യാഥാർഥ്യബോധം ഉണ്ടാകാനും സഹായിക്കും.
നൂറ്റാണ്ടുകളായി തത്വചിന്തകരെ കീഴടക്കിയ ഈ ആശയത്തിന് ജൈവികമായ കാരണമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
ദുഃഖഗാനങ്ങൾ മനസ്സിനെ കൂടുതൽ റിയലിസ്റ്റിക്കും പോസിറ്റീവും ആക്കി നിലനിർത്താൻ സഹായിക്കുന്നതെന്തുകൊണ്ടാണ്? ദുഃഖഗാനത്തിന്റെ വരികൾക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായിട്ട് സാമ്യം തോന്നാം. നമ്മുടെ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും നമ്മൾ ഒറ്റയ്ക്കല്ല എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ആശ്വാസവും ശുഭപ്രതീക്ഷയും നൽകുന്നു. ദുഃഖഗാനങ്ങൾ കേൾക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മാനസിക സ്വാസ്ഥ്യം ലഭിക്കാനും മനോനിലയെ നിയന്ത്രിക്കാനും സംശയത്തിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.
ആളുകൾക്ക് ദുഃഖഗാനങ്ങൾ ആസ്വദിക്കാൻ മറ്റൊരു കാരണം പ്രൊലാക്ടിൻ എന്ന ഹോർമോൺ ആണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്. വൈകാരികമായ വേദന അകറ്റാനും സ്ട്രെസ്സ് കുറയ്ക്കാനും ദുഃഖങ്ങൾ കുറയ്ക്കാനും പ്രൊലാക്ടിൻ സഹായിക്കും. നമ്മൾ സങ്കടപ്പെട്ടും ഉന്മേഷമില്ലാതെയും ഇരിക്കുകയാണെങ്കിൽ ശാന്തമായ ഒരവസ്ഥ വരാൻ പ്രൊലാക്ടിൻ സഹായിക്കും. ദുഃഖഗാനങ്ങൾ കേൾക്കുമ്പോൾ പ്രൊലാക്ടിന്‍ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും മാനസികമായ വിഷമം കുറയുകയും ചെയ്യുന്നു.
പഴയ ഓർമകളെ തിരികെ കൊണ്ടുവരാനും ദുഃഖഗാനങ്ങൾക്കാകും. ഇത് നമ്മുടെ മനോനിലയെ ഉയർത്തും. സ്കൂൾ കാലത്തെയും കോളജ് കാലത്തെയും റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ടതും ജീവിതത്തിലെ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ടതുമായ നിമിഷങ്ങളെ ഗാനങ്ങൾ തിരികെക്കൊണ്ടുവരും. സംഗീതത്തിന് തെറാപ്പ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇത് ഉത്കണ്ഠയെയും ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെയും അകറ്റും. ദുഃഖഗാനങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്. ഇത് നമ്മുടെ മനസ്സിലെ ദുഃഖങ്ങളെ അകറ്റാനാണ് സഹായിക്കുന്നത്.
ദുഃഖഗാനങ്ങളുടെ വരികളും സംഗീതവും നമ്മുടെ മനോനിലയെ (Mood) ബാധിക്കും. ബ്രേക്കപ്പോ, പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലുകളോ ഉൾപ്പെടെ വേദന നിറഞ്ഞ അവസ്ഥകളിൽ നിന്ന് അകന്ന് നിൽക്കാൻ ഇത് സഹായിക്കുന്നതോടൊപ്പം സംഗീതത്തിൽ ശ്രദ്ധിക്കാനും നമുക്ക് സാധിക്കുന്നു. വൈകാരികമായ കടുത്ത വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോൾ ദുഃഖഗാനങ്ങൾ നമ്മളെ ആശ്വസിപ്പിക്കുന്ന ഒരു കൂട്ടുകാരൻ ആയി മാറുന്നു. നമ്മുടെ വികാരങ്ങളെയും മനോനിലയെയും ഓർമകളെപ്പോലും നിയന്ത്രിക്കാൻ ഈ ഗാനങ്ങൾ സഹായിക്കുന്നു. മനസ്സിനു സുഖം നൽകാൻ സംഗീതചികിത്സയ്ക്കാവും എന്ന് തെളിഞ്ഞിട്ടുള്ളതുമാണല്ലോ.