ആർഎസ്എസിന്റെ ഉയർന്ന നേതാക്കളെയും ബന്ധപ്പെട്ട് മോഹൻലാൽ; ഖേദപ്രകടനത്തിനു പിന്നാലെ ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും

Mail This Article
തിരുവനന്തപുരം ∙ ‘എമ്പുരാൻ’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ നടത്തിയ വിമർശനം ദേശീയതലത്തിൽ ചർച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹൻലാൽ രംഗത്തെത്തിയത്.
സിനിമ റിലീസ് ചെയ്ത് 4–ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആർഎസ്എസിന്റെ ഉയർന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയിൽ 17 തിരുത്തലുകൾ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല. ഇന്നലെ ലാൽ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു.
എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കൾ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികൾ അനുകൂലിച്ചില്ല. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർ സിനിമയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു.
ആദ്യം എമ്പുരാൻ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്നീട് നിലപാട് മാറ്റി. മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിർമാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമർശനങ്ങളും വിദ്വേഷ ക്യാംപെയ്ൻ സമാന്തരമായി ശക്തി പ്രാപിക്കുകയും അണിയറ പ്രവർത്തകർ കടുത്ത സമ്മർദത്തിലാവുകയും ചെയ്തു. ഇതു ശമിപ്പിക്കാനുള്ള അസാധാരണ നടപടിയായിരുന്നു സിനിമയുടെ റീ എഡിറ്റ് തീരുമാനം.