ആണവ പരീക്ഷണത്തിന്റെ തിക്തഫലം അനുഭവിച്ചവർ; അണുബോംബിനെതിരെ പസിഫിക്കിലെ കുഞ്ഞുരാജ്യങ്ങൾ

Mail This Article
പസിഫിക് ദ്വീപുകളിലെ സാമൂഹിക പ്രവർത്തകർ ആണവായുധത്തിനെതിരെ വലിയ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ആണവാക്രമണം നടന്നത് ജപ്പാനിലാണ്. പക്ഷേ പസിഫിക്കിലെ കുഞ്ഞുദ്വീപുകൾക്കും പറയാനുണ്ട് ആണവായുധം കാരണം തങ്ങൾക്കുണ്ടായ ആരോഗ്യപരമായതും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ. 1946നും 96നും ഇടയ്ക്ക് 300 ആണവ പരീക്ഷണങ്ങൾ യുഎസ്, യുഎകെ, ഫ്രാൻസ് എന്നിവർ ഈ മേഖലയിൽ നടത്തി. കടലിനടിയിലും അന്തരീക്ഷത്തിലുമുള്ള പരീക്ഷണങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കിരിബാറ്റി, മാർഷൽ ദ്വീപുകൾ, ഫ്രഞ്ച് പോളിനേഷ്യ തുടങ്ങിയ ദ്വീപുകൾ തുടങ്ങിയിടങ്ങളിലെല്ലാം ഉയർന്ന കാൻസർ തോത്, പരിസ്ഥിതി നശീകരണം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവ ആണവ പരീക്ഷണം മൂലമുണ്ടായിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ആണവായുധങ്ങളെ ലോകത്തെ പല പരിസ്ഥിതി പ്രവർത്തകരും ശക്തമായി എതിർക്കുന്നുണ്ട്.

വൻശക്തികൾ തമ്മിൽ ഇനിയൊരു ആണവയുദ്ധമുണ്ടായാൽ അതിന്റെ ഭാഗമായി ഉടലെടുക്കുന്ന പാരിസ്ഥിതിക നാശം കനത്തതാകും. ഇതിന്റെ ഭാഗമായി ലോകവ്യാപക തീപിടിത്തങ്ങളുണ്ടാകും.ഇതു മൂലം 16.5 കോടി മെട്രിക് ടൺ കരിയും പുകയും അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടും. ഇത് കൃഷിയെയും വിളകളെയും നന്നായി ബാധിക്കും. 90 ശതമാനം കൃഷിയും നശിക്കും.
നേച്ചർ ഫുഡ് എന്ന ശാസ്ത്രജേണൽ ഇതു സംബന്ധിച്ച് ഒരു പഠനം നടത്തി. റഷ്യയും യുഎസും തമ്മിലുള്ള ഒരു സാങ്കൽപിക യുദ്ധമാണ് ഇവർ പഠനവിഷയമാക്കിയത്. ലോകത്ത് 12,705 ആണവ പോർമുനകളുണ്ടെന്നാണു കണക്ക്. ഇതിൽ യുഎസിന്റെ കൈവശം 5428ഉം റഷ്യയുടെ കൈയിൽ 5977ഉം പോർമുനകളുണ്ട്. അതിനാൽ തന്നെ ഇവർ തമ്മിലുള്ള പോരാട്ടം നശീകരണത്തിന്റെ ഉയർന്ന തോതുകൾ സൃഷ്ടിക്കും.
ഹിരോഷിമയിലെ ആണവ സ്ഫോടനത്തിൽ ഒന്നരലക്ഷത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടു. നഗരത്തിലെ 90000 കെട്ടിടങ്ങളിൽ 60000 എണ്ണം ഇതെത്തുടർന്ന് നശിച്ചു. 1947 മുതൽ തന്നെ ഈ സ്ഫോടനം മൂലമുണ്ടായ നശീകരണം എത്രത്തോളമുണ്ടെന്നു കണക്കാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. കാൻസർ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഈ സ്ഫോടനത്തിൽ ഉൾപ്പെട്ടവരിൽ സംഭവിച്ചിരുന്നെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ ഭാവിയിൽ വലിയതോതിലുള്ള ആണവ യുദ്ധങ്ങൾ ആണവ ശരത്കാലം അഥവാ ന്യൂക്ലിയർ വിന്റർ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. ആണവ വികിരണ സ്വഭാവമുള്ള പൊടിപടലങ്ങളും പുകയും സൂര്യപ്രകാശത്തെ വലിയതോതിൽ മറയ്ക്കുന്നതുകൊണ്ടാണിത്. താപനില ഭൂമിയിൽ കുറഞ്ഞ് വൻ രീതിയിലുള്ള വിളനാശം ഇതു മൂലം ഉടലെടുക്കും. 16 ഡിഗ്രിയോളം താപനില ഇതെത്തുടർന്ന് കുറയുമത്രേ. ഇതു കാരണമുണ്ടാകുന്ന ക്ഷാമത്തിൽ ഒട്ടേറെ ആളുകൾ പട്ടിണിമരണത്തിനു വിധേയരാകുകയും ചെയ്യും.
ആഫ്രിക്കയിലും മധ്യപൂർവദേശത്തും ഭക്ഷണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയാകും ഈ അവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുക.