ട്രംപുരാനെ നോക്കി റബർ മാർക്കറ്റ്; ഇന്നും വൻ കുതിപ്പ് നടത്തി കുരുമുളക്: ഇന്നത്തെ (02/04/25) അന്തിമ വില

Mail This Article
അമേരിക്കൻ തീരുവ വിഷയം ചൂടുപിടിച്ച് നിൽക്കുന്നതിനാൽ ഫണ്ടുകളും നിക്ഷേപകരും ഏഷ്യൻ റബർ അവധി വ്യാപാരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുകയാണ്. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ ഓഗസ്‌റ്റ് അവധി അതിൻറ 50, 100 ദിവസങ്ങളിലെ ശരാശരിയിലും താഴ്‌ന്നതിനാൽ വിപണി പുതിയ ദിശകണ്ടെത്തും വരെ താൽക്കാലികമായി കിലോയ്ക്ക് 340–360 യെന്നിൽ നീങ്ങാം. ചൈന, സിംഗപ്പുർ വിപണികളും റബർ ഒരു നിശ്ചിത റേഞ്ചിലാണ് ഇടപാടുകൾ പുരോഗമിക്കുന്നത്. സാമ്പത്തികരംഗത്തെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിന് മുന്നിൽ യെന്നിന്റെ വിനിമയ മൂല്യം 140ലേക്ക് കരുത്ത് നേടാനുള്ള സാധ്യതകളെ റബർ മേഖല ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. നിലവിൽ യെൻ 149.51ലാണ്. അതേസമയം തായ് മാർക്കറ്റായ ബാങ്കോക്കിൽ റബർ 200 രൂപയുടെ നിർണായക താങ്ങ് നിലനിർത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് ടാപ്പിങ് സ്‌തംഭിച്ചതിനാൽ ചരക്ക് ക്ഷാമം നിലനിന്നു. നാലാം ഗ്രേഡ് കിലോ 207 രൂപയിൽ സ്‌റ്റെഡിയാണ്.
കുരുമുളക് വില ഇന്ന് വീണ്ടും വർധിച്ചു. ആഭ്യന്തര ഡിമാൻഡിൽ ക്വിന്റലിന് 600 രൂപ കയറി. രണ്ട് ദിവസത്തിലെ മുന്നേറ്റം 1500 രൂപ. ഉൽപാദക മേഖലകളിൽ നിന്നും കൊച്ചിയിൽ എത്തിയത് കേവലം 29 ടൺ ചരക്ക് മാത്രമാണ്. കർഷകരിൽ മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങിയത് വരവ് കുറയാൻ ഇടയാക്കി. അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 70,500 രൂപയിലും ഗാർബിൾഡ് 72,500 രൂപയിലും വിൽപന നടന്നു.

തേക്കടിയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും മത്സരിച്ച് ചരക്ക് സംഭരിച്ചു. വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ ഇടപാടുകാർ പരമാവധി ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചെങ്കിലും ഉൽപന്ന വില ഉയർത്താൻ ഇന്ന് അവർ തയാറായില്ല. വരും മാസങ്ങളിൽ ആകർഷകമായ വിലയ്‌ക്ക് ഏലക്ക വിറ്റുമാറാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്‌ജന സ്റ്റോക്കിസ്റ്റുകൾ. രാവിലെ നടന്ന ലേലത്തിൽ മൊത്തം 51,785 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 50,874 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോഗ്രാമിന് മൂവായിരം രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2997 രൂപയായും ശരാശരി ഇനങ്ങൾ കിലോ 2704 രൂപയിലും കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക