അശ്വവേഗത്തിൽ ഖത്തറിന്റെ ഹിറ്റ് ഷോ ജേതാവ്

Mail This Article
ദുബായ് ∙ അശ്വവേഗത്തിന്റെ പുത്തൻ ചരിത്രം കുറിച്ച് ഖത്തറിന്റെ ഹിറ്റ് ഷോ ദുബായ് വേൾഡ് കപ്പ് സ്വന്തമാക്കി. ഫ്ലോറന്റ് ജെറോക്സ് ആയിരുന്നു ജോക്കി. ബ്രാഡ് എച്ച്. കോക്സ് ആയിരുന്നു പരിശീലകൻ.
അവസാന നൂറു മീറ്ററിൽ മുന്നേറിയ ഹിറ്റ് ഷോ ഒന്നാം സ്ഥാനത്തേക്കു കുതിച്ചാണ് 1.2 കോടി ഡോളറിന്റെ (103 കോടി രൂപ) സമ്മാനം നേടിയത്. മിക്സ്ടൊ രണ്ടാം സ്ഥാനത്തും ഫോർഎവർ യങ് മൂന്നാം സ്ഥാനത്തുമെത്തി.
മൊത്തം 3.05 കോടി ഡോളറാണ് 9 വിഭാഗങ്ങളിലെ ജേതാക്കൾക്കായി വീതിച്ചുനൽകിയത്. ഒന്നുമുതൽ 8 വിഭാഗങ്ങളിലെ മത്സര ജേതാക്കൾക്ക് യഥാക്രമം 10 മുതൽ 60 ലക്ഷം ഡോളർ വരെയാണ് സമ്മാനം. 13 രാജ്യങ്ങളിൽനിന്നുള്ള 102 കുതിരകൾ വിവിധ മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചു. 65,000ത്തിലേറെ പേർ മത്സരം കാണാൻ ദുബായ് മെയ്ദാൻ റേസ് കോഴ്സിൽ എത്തിയതായി ദുബായ് റേസിങ് ക്ലബ് ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ദൽമൂക് അൽ മക്തൂം പറഞ്ഞു.
സംഗീതവും സൗന്ദര്യവും ആവേശവും സംഗമിച്ച മെയ്ദാനിൽ പ്രൗഢഗംഭീരമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്തിലായിരുന്നു മത്സരം. പോരാട്ടം കാണാൻ അദ്ദേഹം നേരിട്ട് എത്തിയിരുന്നു. വെടിക്കെട്ടും കലാപരിപാടികളും ഉൾപ്പെടെ വർണാഭമായിരുന്നു ചടങ്ങുകൾ.
9 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ മറ്റു വിജയികൾ
∙ ദുബായ് ഖയാല ക്ലാസിക് – ഫസ്റ്റ് ക്ലാസ്
∙ ദുബായ് ഗോഡ് കപ്പ് – ദുബായ് ഫ്യൂച്ചർ
∙ ഗൊഡോൾഫിൻ മൈൽ - റാഗിങ് ടൊറന്റ്
∙ അൽഖൂസ് സ്പിന്റ്- ബിലീവിങ്
∙ യുഎഇ ഡെർബി - അഡ്മയർ ഡേടോണ
∙ ഗോൾഡൻ ഷഹീൻ - ഡാർക്ക് സാഫ്രോൺ
∙ ദുബായ് ടർഫ് – സോൾ റഷ്
∙ ദുബായ് ഷീമ ക്ലാസിക് – ഡാനൺ ഡെസൈൽ