ഭാവിയിൽ എങ്ങനെ വേണം ചികിത്സ? ലിവിങ് വിൽ എഴുതാം

Mail This Article
പ്രായമായ പിതാവ് പെട്ടെന്നാണ് അവശനിലയിലായത്. മക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെത്തി, വിദഗ്ധ പരിശോധനകൾ നടത്തി. സ്ഥിതി അൽപം ഗുരുതരമാണെന്നും വെന്റിലേറ്ററിലാക്കണമെന്നും ഡോക്ടർ. മുന്നിലുള്ള ചികിത്സാസാധ്യതകൾ ഡോക്ടർ വിശദീകരിക്കുന്നു. അൽപം റിസ്കുള്ള ചികിത്സയാണ്, കുടുംബാംഗങ്ങൾക്ക് തീരുമാനിക്കാമെന്ന് ഡോക്ടർ. ചികിത്സ എങ്ങനെ തുടരണമെന്ന് മക്കൾക്കിടയിലും ആശയക്കുഴപ്പം. രോഗിയുടെ അഭിപ്രായം തേടാവുന്ന സ്ഥിതിയിലുമല്ല.
ഇത്തരം സന്ദർഭങ്ങൾ സാധാരണമാണ്. എന്നാൽ, ഒരു ‘ലിവിങ് വിൽ’ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെ. സാമ്പത്തിക കാര്യങ്ങളും സ്വത്തിന്റെ കൈമാറ്റവുമൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതുപോലെ തനിക്കു ലഭിക്കേണ്ട ചികിത്സയും മുൻകൂട്ടി തീരുമാനിച്ച് എഴുതിവയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ലിവിങ് വിൽ അഥവാ അഡ്വാൻസ് മെഡിക്കൽ ഡിറക്ടീവ് (എഎംഡി). കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനു കീഴിൽ ഒരു ലിവിങ് വിൽ ഇൻഫർമേഷൻ കൗണ്ടർ കഴിഞ്ഞ നവംബറിൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണ് ലിവിങ് വില്ലിനെക്കുറിച്ചുള്ള വിവരം തേടി ഇവിടെയെത്തുന്നത്. കർണാടകയിൽ എഎംഡി നടപ്പിലാക്കാനുള്ള ഉത്തരവ് അടുത്തിടെ അവിടുത്തെ സർക്കാർ പുറത്തിറക്കിയിരുന്നു.
ഡോക്ടറോട് ചോദിക്കാം ലിവിങ് വില്ലിന്റെ സാധ്യത എന്തൊക്കെ?
മാരകമായ അസുഖമോ ജീവന് ഭീഷണിയായ അവസ്ഥയോ കാരണം വ്യക്തികൾ അവശരാകുകയോ അബോധാവസ്ഥിയിലാകുകയോ ചെയ്താൽ അവർക്ക് സ്വന്തം ചികിത്സയിൽ തീരുമാനമെടുക്കാനാകില്ല. അത്തരം സാഹചര്യത്തിൽ തനിക്കു ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ രോഗിക്കു തന്നെ മുൻകൂട്ടി വിൽപത്രമായി എഴുതിവയ്ക്കുന്നതിനുള്ള അവസരമാണ് അഡ്വാൻസ് മെഡിക്കൽ ഡിറക്ടീവ് (എഎംഡി) അഥവാ ലിവിങ് വിൽ. വാർധക്യകാലത്തെ ചികിത്സയും പരിചരണവുമൊക്കെ ഈ രേഖയിലൂടെ മുൻകൂട്ടി ഉറപ്പാക്കാം.

അന്നത്തെ അസുഖം ഇന്നെങ്ങനെ അറിയും?
റോഡപകടങ്ങൾ ഇന്ന് നിത്യസംഭവമാണ്. അത്തരം സംഭവങ്ങളിൽ ഐസിയു, വെന്റിലേറ്റർ, ട്യൂബ് ഫീഡിങ് സൗകര്യങ്ങൾ ഇതിലൂടെ തീരുമാനിക്കാം. അതേസമയം, അപ്രതീക്ഷിതമായി എന്തെങ്കിലും രോഗം കണ്ടെത്തിയാൽ അതു തിരിച്ചറിയുമ്പോൾ വില്ലിൽ ആവശ്യാനുസരണം മാറ്റം വരുത്തി വേണ്ട ചികിത്സ അവകാശപ്പെടാം.
വില്ലിന്റെ സാക്ഷികൾ?
അപേക്ഷാ ഫോം വായിച്ച്, രോഗിക്കു പുറമേ ഒരു അടുത്ത ബന്ധു (സറൊഗേറ്റ് ഡിസിഷൻ മേക്കർ: ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ), രണ്ടു സാക്ഷികൾ എന്നിവർ ഒപ്പിടണം. കൂടാതെ ഒരു ഗസറ്റഡ് ഓഫിസർ/നോട്ടറി ഒപ്പിടണം.

എന്തെല്ലാം ചികിത്സ ഉൾപ്പെടുത്താം?
ഇൻട്രാവീനസ് മെഡിസിനുകൾ (ഡ്രിപ് വഴി നൽകുന്നവ), ഡയാലിസിസ്, വെന്റിലേറ്റർ, കീമോതെറപ്പി, റേഡിയോതെറപ്പി, ശസ്ത്രക്രിയകൾ, ന്യൂട്രീഷൻ, സിപിആർ.
രോഗിയുടെ തീരുമാനം മാത്രമോ?
രോഗിയുടെ നിർദേശങ്ങൾ ഡോക്ടർമാരുടെ വിദഗ്ധസംഘം വിലയിരുത്തിയതിനു ശേഷമേ പരിഗണിക്കൂ. രോഗി നിർദേശിച്ചതിനു പുറമേ ജീവൻരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെങ്കിൽ ഉറപ്പായും ചെയ്യും.
എത്രകാലം ചികിത്സ ലഭിക്കും?
ഒരിക്കൽ രോഗി ചികിത്സ വേണമെന്ന ആവശ്യം രേഖപ്പെടുത്തിയാൽ അതിനു രോഗിയുടെ മരണം വരെ നിയമസാധുതയുണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും മാറ്റിയും പുതുക്കിയുമെഴുതാം.
ചികിത്സ വേണ്ടെങ്കിലോ?
ചികിത്സ വേണം എന്നതുപോലെ, ഒരു ആനുകൂല്യങ്ങളും വേണ്ടെങ്കിൽ അതിനും വിൽപത്രമെഴുതാം. ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുസരിച്ച് ഒരു വ്യക്തിയുടെ ജീവനോ വ്യക്തി സ്വാതന്ത്ര്യമോ നിഷേധിക്കാൻ പാടില്ല. വിൽ എഴുതിയാൽ അവിടെ പൂർണ ഉത്തരവാദിത്തം രോഗിക്കാണ്. അവശതയിൽ കഴിയുന്നയാൾക്ക് വീണ്ടും വേദനാജനകമായ ചികിത്സ സ്വീകരിക്കാതിരിക്കാനും അവസരമുണ്ട്. ഒരിക്കലെഴുതിയ വില്ലിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാനുമാകും.

ഡോക്ടർമാർ വിലയിരുത്തുമോ?
വിൽ എഴുതിയാലും ചികിത്സയ്ക്കു മുൻപ് രണ്ട് മെഡിക്കൽ ബോർഡുകൾ ചേരും. ഇവരാണ് അന്തിമ തീരുമാനമെടുക്കുക. രോഗി ആശുപത്രിയിൽ പ്രവേശിച്ച് 24 – 48 മണിക്കൂറിനുള്ളിൽ ബോർഡ് രൂപീകരിക്കണം. പ്രൈമറി ബോർഡിൽ കുറഞ്ഞത് 3 ഡോക്ടർമാരാണുള്ളത്. അതിൽ ഒന്ന് രോഗിയെ ചികിത്സിച്ച ഡോക്ടറും കൂടാതെ അതതു വിഭാഗത്തിലെ 5 വർഷം പരിചയമുള്ള ഡോക്ടർമാരുമാണുള്ളത്. സെക്കൻഡറി ബോർഡിലും കുറഞ്ഞത് 5 വർഷ സേവനമുള്ള 3 ഡോക്ടർമാർ. അതിലൊരാൾ ജില്ലാ മെഡിക്കൽ ഓഫിസർ നിയമിക്കുന്ന റജി. മെഡിക്കൽ ഓഫിസറായിരിക്കണം.
വിലപ്പെട്ട സമയം വിലയിരുത്തലിനോ?
നിലവിലെ രീതിയിൽ സംസ്ഥാനത്ത് സ്ഥിരമായൊരു മെഡിക്കൽ ബോർഡുള്ളത് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ്. താൽക്കാലിക ബോർഡ് രൂപീകരിച്ച് 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമ്പോൾ ലിവിങ് വില്ലിലെ ആവശ്യങ്ങൾ പരിഗണിക്കാൻ വൈകും. ഇതിനു പരിഹാരമായി എല്ലാ ആശുപത്രികളിലും സ്ഥിരം ബോർഡ് രൂപീകരിച്ച് ഡോക്ടർമാരെ നിയമിക്കേണ്ടത് അത്യാവശ്യമാണ്.
ലിവിങ് വില്ലിന്റെ നിയമസാധുത?
2018 മുതൽ സുപ്രീംകോടതി ലിവിങ് വിൽ രേഖയാക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ആ നിയമത്തിലെ ചില പ്രയാസങ്ങൾ ലഘൂകരിച്ച് 2023ൽ പുതിയ ലിവിങ് വില്ലിന് അംഗീകാരം നൽകി. അന്നുമുതൽ രാജ്യത്തെവിടെയുള്ള ആശുപത്രിയിലും ലിവിങ് വിൽ അനുസൃതമായ ചികിത്സ നൽകണം.
ലിവിങ് വിൽ എങ്ങനെ തയാറാക്കാം?
എവിടെയിരുന്നും ഓൺലൈനിൽ വിൽ ഡൗൺലോഡ് ചെയ്യാം. https://www.compassionatecare.in/living-will-in-malayalam, https://www.compassionatecare.in/living-will-form-in-english എന്നീ സൈറ്റുകളിൽ വിൽ ലഭിക്കും. അത് പൂരിപ്പിച്ച് എല്ലാവരുടെയും സാക്ഷ്യപ്പെടുത്തൽ വാങ്ങി ഓരോരുത്തരും അതിന്റെ പകർപ്പ് സൂക്ഷിക്കണം. അത് പിന്നീട് ആവശ്യം വരുമ്പോൾ ആശുപത്രിയിൽ ഹാജരാക്കണം. വിവരങ്ങൾക്ക്: 8075745498 (ലിവിങ് വിൽ ഇൻഫർമേഷൻ കൗണ്ടർ, പാരിപ്പള്ളി മെഡിക്കൽ കോളജ്).
(വിവരങ്ങൾ: ഡോ. ബി.പദ്മകുമാർ (പ്രിൻസിപ്പൽ, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ്) ഡോ. ഐ.പി.യാദവ് (പാലിയേറ്റീവ് കെയർ നോഡൽ ഓഫിസർ, പാരിപ്പള്ളി മെഡിക്കൽ കോളജ്))