മുടിയുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്? പച്ച പപ്പായയോ പഴുത്തതോ?

Mail This Article
വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ഒരു പഴവർഗമാണ് പപ്പായ. മുടി വളർച്ചയ്ക്ക് ഒരു പ്രതിവിധിയായി വളരെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. എന്നാൽ അത് ഏത് രൂപത്തിലാണ്, പച്ചയായോ പഴുത്തതോ ആയ പപ്പായയിൽ ഏതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന കാര്യത്തിൽ പല ആശയക്കുഴപ്പങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ രണ്ടും മികച്ചഗുണങ്ങൾ നൽകുന്നു എന്നതാണ് വസ്തുത.
മുടി വളർച്ചയ്ക്ക് പച്ച പപ്പായ:
പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ തകർക്കാനുള്ള കഴിവിന് പേരുകേട്ടതാണ്. ഇത് തലയോട്ടിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, രോമകൂപങ്ങൾ അടയുന്നത് തടയാനും, ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കും. ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമായ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാന്‍ പപ്പായയിലെ എൻസൈം സഹായിക്കുന്നു.

തലയോട്ടിയുടെ ആരോഗ്യം
എൻസൈം സമ്പുഷ്ടമായ പച്ച പപ്പായ വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടിക്ക് സഹായിക്കും. തലയോട്ടിയിലെ മൃതകോശങ്ങൾ കളയുന്നതിലൂടെ, മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന മാലിന്യങ്ങൾ, അധിക എണ്ണ, താരൻ എന്നിവ പച്ച പപ്പായ നീക്കം ചെയ്യുന്നു. വൃത്തിയുള്ളതും താരൻ ഇല്ലാത്തതുമായ തലയോട്ടി, മികച്ച രക്തചംക്രമണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
വൈറ്റമിനുകളാൽ സമ്പന്നം
പച്ച പപ്പായയിൽ വൈറ്റമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ പരിപോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈറ്റമിൻ എ മുടിയുടെ ഈർപ്പം നിലനിർത്തുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിന്‍റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ വരണ്ടതും പൊട്ടുന്നതുമായ മുടി തടയുകയും ചെയ്യുന്നു.
പച്ച പപ്പായ എങ്ങനെ ഉപയോഗിക്കാം
പച്ച പപ്പായ അരച്ച് പേസ്റ്റാക്കി മാറ്റി തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക.
ഏകദേശം 20-30 മിനിറ്റ് നേരം വയ്ക്കുക, എന്നിട്ട് ചെറുചൂടു വെള്ളത്തിൽ കഴുകുക.

മുടി വളർച്ചയ്ക്ക് പഴുത്ത പപ്പായ:
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം പഴുത്ത പപ്പായയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന മുടിയുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന ജലാംശം
പഴുത്ത പപ്പായയിൽ പച്ച പപ്പായയേക്കാൾ കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്നു. ഇത് മുടിയിൽ ജലാംശം നിലനിർത്താനും, വരണ്ടതും പൊട്ടുന്നതും തടയാനും സഹായിക്കുന്നു.
വർധിച്ച പ്രോട്ടീൻ
പഴുത്ത പപ്പായയിൽ കൂടുതൽ പ്രകൃതിദത്ത പഞ്ചസാരയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും അത്യാവശ്യമാണ്. ആരോഗ്യമുള്ളതും ശക്തവുമായ മുടിയിഴകളുടെ വളർച്ചയ്ക്കും ഈ പ്രോട്ടീൻ സഹായിക്കുന്നു.

മുടി വളർച്ചയ്ക്ക് പഴുത്ത പപ്പായ എങ്ങനെ ഉപയോഗിക്കാം:
പഴുത്ത പപ്പായ അരച്ച് അതിൽ അല്പം തേനോ തൈരോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് ചെറുചൂടു വെള്ളത്തിൽ കഴുകുക.
ഏതാണ് നല്ലത് ?
പച്ച പപ്പായയും പഴുത്ത പപ്പായയും മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്നു, നിങ്ങളുടെ മുടിക്ക് എന്താണ് വേണ്ടതെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഏത് പപ്പായ മുടിക്കു വേണം എന്നുളള തിരഞ്ഞെടുക്കൽ. തലയോട്ടിക്ക് നല്ലയൊരു ക്ലെൻസർ തേടുകയാണെങ്കിലും, താരൻ അല്ലെങ്കിൽ ഫോളിക്കിൾ അടിഞ്ഞുകൂടൽ എന്നിവയ്ക്ക് സഹായം ആവശ്യമുണ്ടെങ്കിലും എൻസൈം അടങ്ങിയിരിക്കുന്നതിനാൽ പച്ച പപ്പായ അനുയോജ്യമാണ്. ഉയർന്ന ആന്റിഓക്‌സിഡന്റും ജലാംശം നൽകുന്ന ഗുണങ്ങളും ഉള്ളതിനാൽ, ഈർപ്പം, കേടുപാടുകളിൽ നിന്നുള്ള സംരക്ഷണം, മൊത്തത്തിലുള്ള പോഷണം എന്നിവയ്ക്ക് പഴുത്ത പപ്പായ മികച്ചതാണ്. ആത്യന്തികമായി മുടിയുടെ തരത്തിനും ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായത് ഏതെന്ന് അറിയാൻ രണ്ടും പരീക്ഷിച്ചു നോക്കാവുന്നതാണ്. പപ്പായ ദോഷം ചെയ്യില്ലെങ്കിലും തലയിൽ ഉപയോഗിക്കുന്നതിനു മുൻപ് ആവശ്യമെങ്കിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം സ്വീകരിക്കാം.