നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടോ? ഒറ്റപരിശോധനയില്‍ ഉറപ്പിക്കാന്‍ വരട്ടെ

Mail This Article
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ മുന്നറിയിപ്പാണ് ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ദം. എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നടത്തുന്ന ഒറ്റ പരിശോധന കൊണ്ട് രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് ഉറപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒരു പ്രത്യേക സമയത്ത് ചിലരുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി കാണപ്പെടാം. ഇതിനാല്‍ ഒരു തവണ പരിശോധിച്ചപ്പോള്‍ ഉയര്‍ന്നതായി കാണപ്പെട്ടെന്ന കാരണത്താല്‍ മരുന്ന് കഴിക്കാന്‍ ആരംഭിക്കരുതെന്ന് ഹൃദ്രോഗ വിദഗ്‌ധര്‍ പറയുന്നു.
ആശുപത്രിയേക്കാള്‍ വീട്ടില്‍ തന്നെ ശാന്തമായി ഇരുന്ന് ചെയ്യുന്ന പരിശോധനകളാകും കൃത്യമായ രക്തസമ്മര്‍ദ്ദ കണക്കുകള്‍ നല്‍കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിസ്‌റ്റോളിക് പ്രഷര്‍ 120ന് താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80ന് താഴെയും നില്‍ക്കുന്നതാണ് സാധാരണ രക്തസമ്മര്‍ദ്ദം. സിസ്റ്റോളിക് പ്രഷര്‍ 130-139 ലേക്കും ഡയസ്റ്റോളിക് 80-89 ലേക്കും പോയാല്‍ ഇതിനെ സ്‌റ്റേജ് 1 ഹൈ ബിപിയായി കണക്കാക്കാം. സിസ്റ്റോളിക് പ്രഷര്‍ 140ന് മുകളിലും ഡയസ്റ്റോളിക് പ്രഷര്‍ 90ന് മുകളിലും പോകുന്നത് സ്‌റ്റേജ് 2 ഹൈപ്പര്‍ടെന്‍ഷനാണ്.
കാലുകള്‍ നിലത്ത് പൂര്‍ണ്ണമായും ഉറപ്പിച്ച് ബാക്ക് സപ്പോര്‍ട്ട് ഉള്ള കൈയ്യുള്ള കസേരയിലോ സോഫയിലോ ചാരിയിരുന്ന് ബിപി ഉപകരണത്തിന്റെ കഫ് ഹൃദയത്തിന്റെ പ്രതലത്തില്‍ വച്ച് വേണം രക്തസമ്മര്‍ദ്ദം പരിശോധിക്കാനെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. വീട്ടില്‍ തന്നെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ചെയ്യുന്ന ഈ പരിശോധനയുടെ ഫലങ്ങളുമായി ഡോക്ടറുടെ അടുക്കല്‍ ചെന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് ഉറപ്പിക്കാവൂ.

പരിശോധനയ്‌ക്ക് 30 മിനിട്ട് മുന്‍പ് പുകയിലയും കഫീനും വ്യായാമവും ഒഴിവാക്കണമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖയില്‍ പറയുന്നു. രക്തസമ്മര്‍ദ്ദം തെറ്റായി നിര്‍ണ്ണയിക്കുന്നതും ഇത് സംബന്ധിച്ച് എടുത്ത് ചാടി തീരുമാനത്തിലെത്തുന്നതും ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കുന്ന സാഹചര്യവും തുടര്‍ന്നുളള പാര്‍ശ്വഫലങ്ങളും ചിലരില്‍ ഉണ്ടാക്കാറുണ്ട്.