26 മത്സരങ്ങൾക്കു ശേഷം പ്രിമിയർ ലീഗിൽ ലിവർപൂൾ തോറ്റു; ടോട്ടനത്തോട് തോറ്റ് അതിവേഗ തരംതാഴ്ത്തലിൽ റെക്കോർഡിട്ട് സതാംപ്ടൺ

Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ അട്ടിമറിച്ച് ഫുൾഹാം. ആവേശകരമായ മത്സരത്തിൽ 3–2നാണ് ഫുൾഹാം ലിവർപൂളിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഫുൾഹാം 3–1ന് മുന്നിലായിരുന്നു. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ സതാംപ്ടനെ 3–1ന് തോൽപ്പിച്ചപ്പോൾ, ചെൽസിയെ ബ്രെന്റ്ഫോഡ് ഗോൾരഹിത സമനിലയിൽ തളച്ചു. തോറ്റെങ്കിലും 31 കളികളിൽനിന്ന് 73 പോയിന്റുമായി ലിവർപൂൾ തന്നെയാണ് ഒന്നാമത്. ആർസനൽ (62), നോട്ടിങ്ങം ഫോറസ്റ്റ് (57), ചെൽസി (53) എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.
14–ാം മിനിറ്റിൽ മക്അലിസ്റ്ററിന്റെ ഗോളിൽ ലീഡെടുത്ത ശേഷമാണ് ലിവർപൂൾ തോൽവിയിലേക്കു വഴുതിയത്. റയാൻ സെസെനോൺ (23–ാം മിനിറ്റ്), അലക്സ് ഇവോബി (32–ാം മിനിറ്റ്), റോഡ്രിഗോ മുനിസ് (37–ാം മിനിറ്റ്) എന്നിവരാണ് ഫുൾഹാമിനായി ഗോൾ നേടിയത്. ലിവർപൂളിന്റെ രണ്ടാം ഗോൾ 72–ാം മിനിറ്റിൽ ലൂയിസ് ഡയസ് നേടി.
അതിനിടെ, ടോട്ടനം ഹോട്‍സ്പറിനോട് 3–1ന് തോറ്റ സതാംപ്ടൺ, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുന്ന ടീമായി മാറി. 31 മത്സരങ്ങളിൽനിന്ന് വെറും 10 പോയിന്റ് മാത്രം നേടിയതോടെയാണ് സതാംപ്ടൺ തരംതാഴ്ത്തപ്പെട്ടത്. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് സതാംപ്ടൺ തരംതാഴ്ത്തൽ ഉറപ്പിച്ചത്. മത്സരത്തിൽ ബ്രണ്ണൻ ജോൺസന്റെ ഇരട്ടഗോളും (13, 42), മാത്തിസ് ടെലുമാണ് (90'+6, പെനൽറ്റി) ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. സതാംപ്ടണിന്റെ ആശ്വാസഗോൾ 90–ാം മിനിറ്റിൽ മാത്യൂസ് ഫെർണാണ്ടസ് നേടി.
അതേസമയം, താരതമ്യേന ദുർബലരായ ബ്രെന്റ്ഫോഡിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ ചെൽസിയുടെ ചാംപ്യൻസ് ലീഗ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റു. നിലവിൽ 53 പോയിന്റുമായി നാലാമതുണ്ടെങ്കിലും, ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 51 പോയിന്റുമായി തൊട്ടുപിന്നാലെയാണ്ട്. അടുത്ത മത്സരം ജയിച്ചാൽ അവർ നാലാം സ്ഥാനത്തേക്ക് കയറും.