'ജിബിലി ഫാൻ' ആണോ എന്നാൽ ഇതാ ഒരു സന്തോഷ വാർത്തയുമായി സാം ആൾട്ട്മാൻ; ഇമേജസ് വി2ന് തയാറല്ലേ?

Mail This Article
ചാറ്റ്ജിപിടിയുടെ ജിബിലി ഇമേജ് പരീക്ഷണം കമ്പനിയെത്തന്നെ ഞെട്ടിക്കുന്ന രീതിയിൽ വൈറലായി. എതിരാളികളായ എഐ ചാറ്റ് പ്ലാറ്റ്ഫോമുകളെല്ലാം സമാന പരീക്ഷണം അവതരിപ്പിച്ചെങ്കിലും ഒപ്പമെത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ChatGPT ഇമേജ് ജനറേറ്ററിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ സൂചന നൽകി. എല്ലാവരും വി2ന് തയാറല്ലേയെന്നാണ് ആൾട്ട്മാൻ ചോദിച്ചത്.
ഇമേജസ് v2വിന്റെ കൃത്യമായ വിശദാംശങ്ങളും റിലീസ് തീയതിയും ഇതുവരെ അറിവായിട്ടില്ലെങ്കിലും, ചാറ്റ്ജിപിടിയുടെ ഇമേജ്-ജനറേഷൻ സവിശേഷതകളുടെയെല്ലാം മെച്ചപ്പെടുത്തലുകളുണ്ടായേക്കുമെന്നാണ് സൂചന.
ഉറക്കം വേണമെന്ന് ഓപ്പൺ എഐയിലെ എൻജിനീയർ ലു ലിയു ഇട്ട പോസ്റ്റിന് താഴെയാണ് ആള്‍ട്ട്മാൻ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, ഉയർന്ന റസല്യൂഷൻ ഔട്ട്‌പുട്ടുകൾ, എഐ ജനറേറ്റഡ് ഇമേജുകളിൽ കലാപരമായ നിയന്ത്രണം എന്നിവ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സ്റ്റുഡിയോ ജിബിലി
ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനാവുന്ന അപ്‌ഡേറ്റാണ് നിരവധി ഉപയോക്താക്കളെ ആകർഷിച്ചത്. സെൽഫികളും സിനിമാ രംഗങ്ങളും അപ്‌ലോഡ് ചെയ്ത് തങ്ങളുടേതായ ഭാവനയിലുള്ള ദൃശ്യങ്ങൾ നിർമ്മിക്കാമെന്ന പ്രത്യേകതയാണ് "Images in ChatGPT" എന്ന ഈ പുതിയ ഫീച്ചറിന് വലിയ ശ്രദ്ധ നേടാൻ കാരണമായത്.
1985-ൽ ഹയാവോ മിയാസാക്കിയും ഇസാവോ തകഹാട്ടയും ചേർന്ന് സ്ഥാപിച്ച സ്റ്റുഡിയോ ജിബിലി, കൾട്ട് ഫോളോവേഴ്‌സുള്ള ഒരു ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയാണ്.