മുനമ്പത്ത് കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നത്തിന് മുകളില്‍ താമരയോ? | Fact Check

Mail This Article
വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി ജോസ്.കെ.മാണി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കേരള കോൺഗ്രസ് (എം)–ന്റെ ചിഹ്നമായ രണ്ടിലയ്ക്ക് മുകളില്‍ ബിജെപിയുടെ താമര വരച്ച് ചേര്‍ക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുനമ്പം വിഷയത്തെയും ജോസ്.കെ.മാണി എംപിയെയും പരാമർശിച്ചു കൊണ്ടാണ് പലരും പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
'മുനമ്പത്ത് ഓസ്മോന്റെ രണ്ടില രാവിലെ പൂത്തു ' എന്നെഴുതിയ കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വൈറൽ പോസ്റ്റ് കാണാം.
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്‌മുകൾ പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോ ദൃശ്യങ്ങളടങ്ങിയ ചില പഴയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചു. ഇത് ബിജെപി–എഐഎഡിഎംകെ സഖ്യത്തിന്റെ സൂചനയാണെന്ന തരത്തിൽ പലരും ഈ വിഡിയോയ്ക്ക് താഴെ കമന്റുകൾ ചെയ്തിട്ടുണ്ട്.
കൂടുതൽ പരിശോധനയിൽ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവും രണ്ടില തന്നെയാണെന്ന് വ്യക്തമായി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍പ് എന്‍ഡിഎയുടെ ഭാഗമായിരുന്ന എഐഎഡിഎംകെ യിലെ ഒരു വിഭാഗം വീണ്ടും ബിജെപിയുമായി അടുത്തതായി വിവിധ വാർത്താ റിപ്പോര്‍ട്ടുകളെത്തുടർന്നാകാം രണ്ടിലയുടെ മുകളില്‍ താമര വരച്ച് ചേര്‍ത്ത വൈറൽ വിഡിയോ തമിഴ്‌നാട്ടില്‍ വൈറലായത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോ റിപ്പോർട്ട് കാണാം.
എഐഎഡിഎംകെ നേതാവ് പളനിസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എന്ന തലക്കെട്ടോടെ എഎൻഐ അടക്കമുള്ള മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ( എഐഎ ഡിഎംകെ ) നേതാവുമായ എടപ്പാടി.കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്തെ അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച . എഐഎ ഡിഎംകെ നേതാവ് എം.തമ്പിദുരൈയും യോഗത്തിൽ പങ്കെടുത്തു. 2023 ൽ പിരിയുന്നതിനു മുമ്പ് എഐഎഡിഎംകെ എൻഡിഎയിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു എന്നതിനാലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഇരു പാർട്ടികളും ഒരുങ്ങുന്നതിനാലും ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ലഭിക്കുന്നു എന്ന് എഎൻഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറല്‍ വിഡിയോ വഖഫ് ബില്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നശേഷം മുനമ്പത്ത് നിന്ന് പകര്‍ത്തിയതല്ലെന്നും ജോസ്.കെ.മാണിയുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി.
∙ വസ്‌തുത
വൈറൽ വിഡിയോ 2024 മുതല്‍ തമിഴ്‌നാട്ടിൽ പ്രചരിക്കുന്നതാണ്. വൈറല്‍ വിഡിയോ വഖഫ് ബില്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നശേഷം മുനമ്പത്ത് നിന്ന് പകര്‍ത്തിയതല്ല. ജോസ്.കെ.മാണിയുമായി വിഡിയോയ്‌ക്ക് ബന്ധമില്ല.