ഹെറ്റ്മിയറും സഞ്ജുവും പൊരുതി വീണു, ഒരു ‘ഇംപാക്ടുമുണ്ടാക്കാതെ’ ശുഭം; ഗുജറാത്തിനെ തടയാൻ രാജസ്ഥാനുമായില്ല, 58 റൺസ് വിജയം

Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിനു തടയിടാൻ രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണും സാധിച്ചില്ല. ഫലം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് 58 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ഷിമ്രോൺ ഹെറ്റ്മിയറും ക്യാപ്റ്റൻ സഞ്ജു സാംസണും മാത്രമാണു രാജസ്ഥാനു വേണ്ടി പൊരുതിനിന്നത്. 32 പന്തുകൾ നേരിട്ട ഹെറ്റ്മിയർ 52 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 41 റൺസെടുത്തു.
ഇവർക്കു പുറമേ 26 റൺസെടുത്ത റിയാൻ പരാഗിനെയും മാറ്റിനിർത്തിയാൽ രാജസ്ഥാന്റെ മറ്റു ബാറ്റർമാര്‍ക്കു രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. 12 റൺസെടുക്കുന്നതിനിടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (ആറ്), നിതീഷ് റാണയെയും നഷ്ടമായ രാജസ്ഥാന് കരുത്തുറ്റൊരു ബാറ്റിങ് നിരയില്ലാത്തതിന്റെ തെളിവായിരുന്നു ഈ മത്സരം. ചേസിങ്ങിലെ സമ്മർദം അതിജീവിക്കാൻ രാജസ്ഥാന്റെ യുവതാരങ്ങൾക്കു കഴിഞ്ഞില്ല. 68 റൺസെടുക്കുന്നതിനിടെ രാജസ്ഥാനു നാലു മുന്‍നിര വിക്കറ്റുകൾ നഷ്ടമായിരുന്നു.
സഞ്ജുവും ഹെറ്റ്മിയറും കൈകോർത്തതോടെ 11 ഓവറിൽ സ്കോർ 100 പിന്നിട്ടിരുന്നു. മുൻ രാജസ്ഥാന്‍ താരം പ്രസിദ്ധ് കൃഷ്ണയാണ് 13–ാം ഓവറില്‍ സഞ്ജുവിനെ സായ് കിഷോറിന്റെ കൈകളിലെത്തിച്ചത്. ഇംപാക്ട് സബ്ബായി ഇറങ്ങിയ ശുഭം ദുബെ ഒരു ഇംപാക്ടുമില്ലാതെ മടങ്ങിയത് ഗുജറാത്തിനു കാര്യങ്ങൾ എളുപ്പമാക്കി. ഒരു റണ്ണെടുത്ത താരത്തെ റാഷിദ് ഖാൻ എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. 16–ാം ഓവറിൽ ഹെറ്റ്മിയർ പുറത്തായതോടെ രാജസ്ഥാൻ തോൽവി ഉറപ്പിച്ചു. വാലറ്റം വലിയ പ്രതിരോധങ്ങളില്ലാതെ കീഴടങ്ങി. ഗുജറാത്തിനായി ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കുകയായിരുന്നു, അർധ സെഞ്ചറി നേടിയ ഓപ്പണര്‍ സായ് സുദർശന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. 53 പന്തുകൾ നേരിട്ട താരം 82 റൺസെടുത്തു പുറത്തായി. ഷാറുഖ് ഖാൻ (20 പന്തിൽ 36), ജോസ് ബട്‍ലർ (25 പന്തിൽ 36) എന്നിവരാണു ഗുജറാത്തിന്റെ മറ്റു പ്രധാന സ്കോറർമാർ.

സ്കോർ 14ൽ നിൽക്കെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റു വീഴ്ത്തിയ ജോഫ്ര ആര്‍ച്ചർ രാജസ്ഥാനു മികച്ച തുടക്കമാണു നൽകിയത്. എന്നാൽ സായ് സുദർശനും ജോസ് ബട്‍ലറും ചേർന്നതോടെ ഗുജറാത്ത് സ്കോർ കണ്ടെത്തി തുടങ്ങി. പവർപ്ലേയിൽ 56 റൺസടിച്ച ഗുജറാത്ത്, 11 ഓവറിലാണ് 100 കടന്നത്. സ്കോർ 94 ൽ നിൽക്കെ ജോസ് ബട്‍ലറെ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെയെത്തിയ ഷാറുഖ് ഖാനും തകർത്തടിച്ചതോടെ ഗുജറാത്തിനു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തീക്ഷണയുടെ 16–ാം ഓവറിൽ വൈഡ് ലൈനിൽ പന്തെറിഞ്ഞപ്പോൾ, കയറി അടിക്കാൻ ശ്രമിച്ച ഷാറുഖിനെ സഞ്ജു സ്റ്റംപ് ചെയ്യുകയായിരുന്നു.
ഏഴു റണ്‍സ് മാത്രമെടുത്ത ഷെർഫെയ്ൻ റുഥർഫോഡിനെ സഞ്ജു ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 19–ാം ഓവറിൽ സഞ്ജുവിന്റെ തന്നെ ഡൈവിങ് ക്യാച്ചിൽ സായ് സുദർശനും മടങ്ങി. എന്നാൽ റാഷിദ് ഖാനും രാഹുൽ തെവാത്തിയയും ചേർന്ന് ഗുജറാത്തിനെ 200 കടത്തി. നാലു പന്തുകൾ നേരിട്ട റാഷിദ് 12 റൺസടിച്ചാണു മടങ്ങിയത്. തുഷാർ ദേശ്പാണ്ഡെയും മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.